'വൈഭവ് സൂര്യവൻഷി ടെസ്റ്റ് മത്സരം കളിക്കണം' വിശദീകരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റർ ചെതേശ്വർ പുജാര

മുംബൈ: കൗമാര താരം വൈഭവ് സൂര്യവൻഷി ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റർ. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ മികച്ച ബാറ്റർമാരിലൊരാളായ ചേതേശ്വർ പുജാരയാണ് ഈ കാര്യം പറഞ്ഞത്. 2026 ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന വൈഭവ്, ഇതിനോടകം തന്നെ 10 ഇന്നിങ്‌സുകളിൽ നിന്നായി 404 റൺസ് അടിച്ചുകൂട്ടി കഴിഞ്ഞു.
വൈഭവിന്റെ ആക്രമണാത്മക ബാറ്റിങ് ശൈലി കാണുമ്പോൾ താരത്തെ ഉടൻ തന്നെ ഇന്ത്യൻ ടി20 ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യങ്ങൾ ശക്തമാണ്. എന്നാൽ, ഒരു കളിക്കാരന്റെ യഥാർത്ഥ കഴിവും മാനസിക കരുത്തും അളക്കപ്പെടുന്നത് ടെസ്റ്റ് ക്രിക്കറ്റിലൂടെയാണെന്ന് പുജാര ഓർമ്മിപ്പിച്ചു. വൈഭവിന് കൃത്യമായ അവസരവും സമയവും ലഭിക്കുകയാണെങ്കിൽ തീർച്ചയായും ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കണമെന്നും, അത് യുവതാരങ്ങളിൽ കളിയോടുള്ള ബഹുമാനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'വൈഭവ് ടി20യിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്, തീർച്ചയായും ഇന്ത്യൻ ടീമിൽ അവസരം ലഭിക്കും. വൈഭവ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമോ എന്നത് കാലം തെളിയിക്കും പക്ഷെ അതിനുള്ള കഴിവും അവസരവും സമയവും ഉണ്ടെങ്കിൽ തീർച്ചയായും ടെസ്റ്റ് ക്രിക്കറ്റ്റ് കളിക്കണം. കാരണം നിങ്ങളുടെ മാനസിക കരുത്ത്, കഴിവ്, ബഹുമാനം എല്ലാം ലഭിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നാണ്. അതുകൊണ്ട് തീർച്ചയായും ഓരോ യുവതാരത്തിന്റെയും മനസ്സിൽ ടെസ്റ്റ് ക്രിക്കറ്റ് ഉണ്ടായിരിക്കണം.' പൂജാര അഭിപ്രായപ്പെട്ടു.
ഓരോ ഫോർമാറ്റിനും അനുയോജ്യരായ വ്യത്യസ്ത താരങ്ങൾ ഉണ്ടാകുന്നത് നല്ലതാണെന്നും, വൈഭവിനെപ്പോലെയുള്ള വൈറ്റ് ബോൾ സ്പെഷ്യലിസ്റ്റുകളെ അവരുടെ കരുത്തിനനുസരിച്ച് ഉപയോഗിക്കണമെന്നും പുജാര നിർദ്ദേശിച്ചു. ജിയോ സ്റ്റാർ കമന്ററി പാനലിന്റെ ഭാഗമായി സംസാരിക്കുമ്പോഴാണ് പുജാര തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
Adjust Story Font
16

