Quantcast

13ാം വയസ്സിൽ കോടിപതി, 14ാം വയസ്സിൽ ഐപിഎൽ അരങ്ങേറ്റം, ആദ്യ പന്തിൽ സിക്സ്; ആരാണീ വൈഭവ്

MediaOne Logo

Sports Desk

  • Published:

    19 April 2025 11:10 PM IST

13ാം വയസ്സിൽ കോടിപതി, 14ാം വയസ്സിൽ ഐപിഎൽ അരങ്ങേറ്റം, ആദ്യ പന്തിൽ സിക്സ്; ആരാണീ വൈഭവ്
X

ജയ്പൂർ: ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിനായി ഒരുങ്ങുമ്പോൾ രാജസ്ഥാന് നിരാശയായിരുന്നു. പരിക്കേറ്റ ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തിരിക്കുന്നതിനാൽ അത് ടീമിനെ ബാധിക്കുമെന്നാണ് പ്രവചിക്കപ്പെട്ടത്. പകരം ടീമിലെത്തിയതാകട്ടെ, 14കാരൻ വൈഭവ് സൂര്യവൻശി.

ആദ്യം ബാറ്റുചെയ്ത ലഖ്നൗ ഉയർത്തിയത് 180 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനായി ഇമ്പാക്റ്റ് സബായി ക്രീസിലിറങ്ങിയ വൈഭവ് ഐപിഎല്ലിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയും പേരിലാക്കി. രേഖകൾ പ്രകാരം 2011 മാർച്ച് 27നാണ് വൈഭവിന്റെ ജനനം.

പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നേരിട്ട ആദ്യ പന്തിൽ തന്നെ ഷർദുൽ ഠാക്കൂറിനെ സിക്സറിന് പറത്തി വൈഭവ് തുടങ്ങി. തൊട്ടടുത്ത ഓവറിൽ ആവേശ് ഖാനെയും സിക്സറിന് പറത്തിയ വൈഭവ് അരങ്ങേറ്റം ഗംഭീരമാക്കി. തൊട്ടടുത്ത പന്തിൽ മിസ്ഹിറ്റായ ഷോട്ടാകട്ടെ, ലഖ്നൗ ഫീൽഡർമാർക്ക് പിടിക്കാനുമായില്ല. ഒടുവിൽ 19 പന്തിൽ 34 റൺസുമായി​ ക്രീസിൽ നിൽക്കേ മാർക്രമിന്റെ പന്തിൽ സ്റ്റംപ് ഔട്ടായി വൈഭവ് മടങ്ങി. കരഞ്ഞുകൊണ്ടായിരുന്നു 14 കാരന്റെ മടക്കം.

30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ബിഹാർ താരത്തെ രാജസ്ഥാൻ റോയൽസ് ഒരു കോടി പത്ത് ലക്ഷം രൂപക്കാണ് ലേലത്തിൽ സ്വന്തമാക്കിയിരുന്നത്. ലേലത്തിൽ ഡൽഹി ക്യാപിറ്റൽസും താരത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.

12ാം വയസ്സിൽ വിനു മങ്കാദ് ​ട്രോഫിയിൽ ബിഹാറിനായി അരങ്ങേറിയതോടെയാണ് വൈഭവ് ശ്രദ്ധിക്കപ്പെടുന്നത്. മുതിർന്ന ഒട്ടേറെ താരങ്ങൾ കളിച്ച പരമ്പരയിൽ വെറും അഞ്ചുമത്സരങ്ങളിൽ നിന്നും 400 റൺസാണ് വൈഭവ് അടിച്ചെടുത്തത്.കൂടാതെ ഇന്ത്യ ബി ടീമിന്റെ അണ്ടർ 19 ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ചെന്നൈയിൽ വെച്ച് നടന്ന ഇന്ത്യ-ആസ്ട്രേലിയ അണ്ടർ 19 മത്സരത്തിൽ 62 പന്തുകളിൽ നിന്നും 104 റൺസ് നേടുകയും ചെയ്തിരുന്നു.

2024 ജനുവരിയിൽ ബിഹാറിനായി രഞ്ജി ട്രോഫിയിലും അരങ്ങേറി. ഇതോടെ രഞ്ജി ട്രോഫിയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിലൊരാളായും വൈഭവ് മാറിയിരുന്നു.

എന്നാൽ വൈഭവിന് 15 വയസ്സെങ്കിലും ആയിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങങ്ങളിൽ ചിലർ വിമർശനമുയർത്തുന്നുണ്ട്. വൈഭവിന്റെ വയസ്സ് പരി​ശോധനക്ക് തയ്യാറാണെന്നും എട്ടാം വയസ്സിൽ എല്ലുകളുടെ പരിശോധനയിലൂടെ ബി.സി.സി.ഐ വയസ്സ് പരിശോധിച്ചതാണെന്നും വൈഭവിന്റെ പിതാവ് സഞ്ജീവ് സൂര്യവംൻശി പ്രതികരിച്ചു.

‘‘എനിക്ക് വാക്കുകൾ കിട്ടുന്നില്ല.. എന്ത് പറയണമെന്നും അറിയില്ല. ഇത് ഞങ്ങളുടെ കുടുംബത്തിന് വലിയ കാര്യമാണ്. അവനെ ഏതെങ്കിലും ടീമുകൾ എടുക്കുമെന്ന് അറിയുമായിരുന്നു. പക്ഷേ ടീമുകൾ ഇത്രയുമധികം അവനുവേണ്ടി മുന്നോട്ട് പോകുമെന്ന് കരുതിയില്ല’’

‘‘ക്രിക്കറ്റിൽ എനിക്കും ഒരുപാട് മോഹങ്ങളുണ്ടായിരുന്നു. പക്ഷേ പണമുണ്ടാക്കാനായി 19ാം വയസ്സിൽ മുംബൈയിലേക്ക് പോയതോടെ ആ സ്വപ്നത്തെ കൊല്ലേണ്ടിവന്നു. പണം നല്ലതാണ്. കിട്ടിയ പണം അവന്റെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റാക്കും. പണം തീർക്കുന്ന സമ്മർദ്ദത്തെ ഞാൻ ഭയക്കുന്നു’’ -സഞ്ജീവ് സൂര്യവൻശി അന്ന് പറഞ്ഞതിങ്ങനെയായിരുന്നു.

TAGS :

Next Story