അപ്രതീക്ഷിത വിരമിക്കലുകൾ; അന്താരാഷ്ട്ര ക്രിക്കറ്റ് പ്രതിസന്ധിയിലോ?

പോയ കുറച്ച് മാസങ്ങളായി ക്രിക്കറ്റിൽ നിന്നും വിരമിക്കൽ വാർത്തകൾ ഏറെ കേൾക്കുന്നു. വിരാട് കോഹ്ലി, രോഹിത് ശർമ എന്നീ രണ്ട് വന്മരങ്ങൾ ടെസ്റ്റ് ക്രിക്കറ്റിനോട് വിടചൊല്ലി. രണ്ടും അപ്രതീക്ഷിത വിരമിക്കലുകൾ ആയിരുന്നു. കൂടാതെ സ്റ്റീവ് സ്മിത്തും െഗ്ലൻ മാക്സ്വെലും ഏകദിനത്തോട് ‘ബൈ’ പറഞ്ഞുപോയി. ഇവരെല്ലാം ക്രിക്കറ്റിലെ തങ്ങളുടെ പ്രൈം പീരിയഡുകൾ എന്നേ പിന്നിട്ടവരാണ്. എല്ലാവരും 35 വയസ്സ് കടന്നവർ. അതുകൊണ്ട് ഈ വിരമിക്കലുകളിൽ വലിയ അസ്വാഭാവികതകൾ കാണേണ്ടതില്ല. എന്നാൽ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച രണ്ട് വിരമിക്കലുകൾ അടുത്ത ദിവസങ്ങളിലുണ്ടായി.
ഒന്ന് വർത്തമാന ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്ററെന്ന് വിളിപ്പേരുള്ള ഹെന്റിച്ച് ക്ലാസൻമറ്റൊന്ന് ലോകത്തെ ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ഏറ്റവും വില പിടിപ്പുള്ള താരങ്ങളിലൊരാളായ നിക്കൊളാസ് പുരാൻ
ക്ലാസന് പ്രായം 33ഉം പുരാന് പ്രായം 29ഉം ആണ്. രണ്ട് പേരും തങ്ങളുടെ കരിയറിലെ മികച്ച ഫോമിലൂടെയാണ് കടന്ന് പോകുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അനേകം വർഷങ്ങൾ അവർക്ക് മുന്നിൽ ഇനിയും ശേഷിക്കുന്നു. എന്നിട്ടുമെന്താണ് ഇങ്ങനൊരു തീരുമാനം?
‘‘ക്ലാസൻ തന്റെ വിരമിക്കലിനെക്കുറിച്ച് വിശദീകരിക്കുന്നതിങ്ങനെ. ദേശീയ ടീമിൽ കളിക്കുന്നത് ഒരു എക്സൈറ്റ്മെന്റും ആനന്ദവും നൽകുന്നില്ല. ഒരു നിർവികാര അവസ്ഥയിലൂടെയാണ് താൻ കടന്നുപോയിരുന്നത്. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതോടെ കുടുംബത്തോടൊപ്പം വർഷത്തിൽ ആറേഴ് മാസമെങ്കിലും ചെലവിടാം. പോയ നാല് വർഷങ്ങളായി ഞാൻ നിരന്തര യാത്രകളിലായിരുന്നു. ഇതിൽ നിന്നും ഒരു ബ്രേക്ക് വേണം’’ - ക്ലാസൻ വിശദീകരിച്ചു.
29 വയസ്സുള്ള നിക്കൊളാസ് പുരാൻ 106 ട്വന്റി 20കളിൽ വിൻഡീസ് കുപ്പായമണിയുകയും 2275 റൺസ് അടിച്ചുകൂട്ടുകയും ചെയ്തിട്ടുണ്ട്. വിൻഡീസിനായി ഏറ്റവുമധികം മത്സരങ്ങളിൽ കളത്തിലിറങ്ങിയതിന്റെയും റൺസടിച്ച് കൂട്ടിയതിന്റെയും റെക്കോർഡ് പുരാന്റെ പേരിലാണ്. ഐപിഎല്ലും കരീബിയൻ ലീഗും മുതൽ യുഎഇയിൽ നടക്കുന്ന ടി 10 ടൂർണമെന്റിൽ വരെ പുരാൻ സ്ഥിരസാന്നിധ്യമാണ്. അതുകൊണ്ടുതന്നെ പുരാൻ എന്തുകൊണ്ട് വിരമിച്ചു എന്നതിന് കൂടുതൽ ഉത്തരങ്ങൾ വേണ്ട എന്ന് കരുതുന്നു.
വിരമിക്കലുകൾക്ക് പിന്നിലെന്താണ്?
ഈ വിരമിക്കലുകൾ ക്രിക്കറ്റിന് നൽകുന്ന അപായ സൂചനകൾ എന്താണ്? ക്രിക്കറ്റിന്റെ ലാൻഡ് സ്കേപ്പ് അടിമുറി മാറിയിരിക്കുന്നു എന്നതാണ് സത്യം. അന്താരാഷ്ട്ര ക്രിക്കറ്റിനും പരമ്പരകൾക്കും പിന്നാലെപ്പോകാൻ അധിക പേർക്കും താൽപര്യമില്ല. ലളിതമായിപ്പറഞ്ഞാൽ ആധുനിക കാലത്തെ തൊഴിൽ സാഹചര്യത്തെപ്പോലെയാണ് കാര്യങ്ങൾ. ഒരു കമ്പനിക്കായി മാത്രം ജോലി ചെയ്യാൻ അധിക പേർക്കും താൽപര്യമില്ല. പകരം പല കമ്പനികൾക്കായും ഫ്രീലാൻസായി ജോലി ചെയ്ത് ഇതിനേക്കാൾ പണമുണ്ടാക്കാം. ക്രിക്കറ്റിലും ഈ സമവാക്യമാണ് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തിനായി കളിച്ച് ഒരു വർഷം കിട്ടുന്ന തുകയുടെ പത്തോ ഇരുപതോ ഇരട്ടി ഏതാനും ആഴ്ചകൾ മാത്രം നീണ്ടുനിൽക്കുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റ് കൊണ്ട് ലഭിക്കും. ബാക്കി സമയം കുടുംബത്തോടൊപ്പം ചെലവിടാം, അല്ലെങ്കിൽ യാത്രകൾ പോകാം. പലരാജ്യങ്ങൾ കൂട്ടിയോജിപ്പിച്ചുണ്ടാക്കിയ വെസ്റ്റിൻഡീസിനായി കളിക്കാൻ ദേശീയ വികാരം പോലും അവരെ പ്രചോദിപ്പിക്കുന്നില്ല. വർണവിവേചനത്തിന്റെ അലയൊയികൾ ഇനിയും അടങ്ങാത്ത ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനോടും താരങ്ങൾക്ക് വലിയ മതിപ്പില്ല. അതുകൊണ്ടുതന്നെ ക്ലാസന്റെയും പുരാന്റെയും പാതയിൽ കൂടുതൽ പേർ വരാൻ സാധ്യതകളുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ പല വലിയ പേരുകളും ദേശീയ ടീം കരാർ വേണ്ടെന്ന് ഇതിനോടകം തീരുമാനിച്ചവരാണ്. കരാറിലുൾപ്പെട്ടാൽ ഫ്രാഞ്ചൈസി ലീഗ് കളിക്കാൻ പോകുമ്പോൾ ഉടക്ക് വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പലരും ക്രിക്കറ്റ് ബോർഡുകളുടെ കരാർ വേണ്ടെന്ന് വെക്കുന്നു. ട്രെന്റ് ബോർട്ട്, ആ്രന്ദേ റസൽ, കെയിൻ വില്യംസൺ, ഡെവൻ കോൺവേ, ഫിൻ അലൻ, ഡേവിഡ് മില്ലർ, തബ്രൈസ് ഷംസി, റാസി വാൻഡസൻ, ജേസൺ റോയ്, ജേസൺ ഹോൾഡർ, ലോക്കി ഫെർഗൂസൺ അടക്കമുള്ള പല പേരുകളും സമർത്ഥമായി കരാറിൽ നിന്നും മാറിനിന്നവരാണ്. 49 ശതമാനം കളിക്കാരും ഫ്രാഞ്ചൈസി ലീഗുകൾക്കായി സെൻട്രൽ കോൺട്രാക്റ്റ് നിഷേധിക്കാൻ സന്നദ്ധരാണെന്നാണ് Federation of International Cricketers’ Association പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നത്.
ഇന്ത്യയിലെപ്പോലെയല്ല, മറ്റു രാജ്യങ്ങളിലെ കാര്യങ്ങൾ
ഫ്രാഞ്ചൈസി ക്രിക്കറ്റ് നടക്കുന്നുണ്ടെങ്കിൽ പല രാജ്യങ്ങൾക്കും അന്താരാഷ്ട്ര ക്രിക്കറ്റ് ഒരു സെക്കൻഡറി ഓപ്ഷനാണ്. പോയ വർഷം നടന്ന സൗത്താഫ്രിക്ക-ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പര ഉദാഹരണം. സൗത്താഫ്രിക്കൻ ട്വന്റി 20 ലീഗ് പരമ്പര നടക്കുന്ന അതേ സമയത്തായിരുന്നു ന്യൂസിലാൻഡ് പരമ്പര നടന്നത്. പ്രമുഖ താരങ്ങളെല്ലാം ഫ്രാഞ്ചൈസി ക്രിക്കറ്റിലെ വിവിധ വർണക്കുപ്പായങ്ങളിൽ അണിനിരന്നു. അന്ന് കേട്ടുകേൾവിപോലുമില്ലാത്ത താരങ്ങളായിരുന്നു ന്യൂസിലാൻഡിലേക്ക് പോയ ദക്ഷിണാഫ്രിക്കൻ ടീമിലുണ്ടായിരുന്നത്. നാളിന്നുവരെ ദേശീയ ടീമിൽ കളിക്കാത്ത നീൽ ബ്രാൻഡായിരുന്നു ക്യാപ്റ്റൻ. ടീമുലുൾപ്പെട്ട 6 പേരും അൺക്യാപ്പ്ഡ് താരങ്ങൾ. 15 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഡ്വാന്നെ ഒളിവറായിരുന്നു ടീമിലെ ഏറ്റവും പരിചയസമ്പന്നരായ കളിക്കാരൻ. കടുത്ത വിമർശനങ്ങൾ ഇതിനെതിരെ ഉയർന്നിരുന്നു. ന്യൂസിലാൻഡ് ഈ പരമ്പര ബഹിഷ്കകരിക്കണമെന്നാണ് മുൻ ഓസീസ് നായകനായ സ്റ്റീവ് വോ പ്രതികരിച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവല്ല, വിൻഡീസിലെയും ന്യൂസിലാൻഡിലെയുമെല്ലാം താരങ്ങൾ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ അരങ്ങുതകർക്കുമ്പോൾ തന്നെ അവരുടെ രാജ്യങ്ങൾ ഫ്രാഞ്ചൈസി ക്രിക്കറ്റിന് വേണ്ടാത്ത ഒരുപിടി താരങ്ങളെയും കൊണ്ട് കളിക്കുന്നതും നാം കണ്ടു.
ഏകദിനത്തിനും ട്വന്റി 20ക്കീഒ ടെസ്റ്റിനും ഏറെക്കുറെ വെവ്വേറെ ടീം ലൈനപ്പുള്ള ഇന്ത്യക്കും ഇന്ത്യൻ താരങ്ങൾക്കും ഇത് വലിയ പ്രതിസന്ധിയല്ല. ഐപിഎല്ലുമായി തട്ടിച്ച് നോക്കുമ്പോൾ ചെറിയ തുകയാണെങ്കിൽ പോലും ഭേദപ്പെട്ട തുക ദേശീയ ടീം കരാറിലൂടെ താരങ്ങൾക്ക് ലഭിക്കുന്നുണ്ട്. വിവിധ കാറ്റഗറികളിലായി ഒന്ന് മുതൽ ഏഴ് കോടി വരെ ഇന്ത്യൻ കളിക്കാർക്ക് ലഭിക്കുന്നു. കൂടാതെ മികച്ച ഐപിഎൽ കരാറും പരസ്യവരുമാനവും ഇന്ത്യൻ കളിക്കാർക്കുണ്ട്. അതുകൊണ്ട് തന്നെ ദേശീയ കുപ്പായമണിയുക എന്നത് ഇന്ത്യൻ കളിക്കാർക്ക് വലിയ സ്വപ്നം തന്നെയായി അവശേഷിക്കുന്നു. മെച്ചപ്പെട്ട ശമ്പളമുള്ള ആസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവർക്കും വലിയ പ്രശ്നങ്ങളില്ല. പക്ഷേ മറ്റുരാജ്യങ്ങളിലെല്ലാം ഇതൊരു വലിയ പ്രതിസന്ധിയായി രൂപപ്പെട്ടിട്ടുണ്ട്. ഒരു വർഷത്തെ കോൺട്രോക്റ്റിൽ ഒരു കോടിപോലും തികച്ച് നൽകാൻ ശേഷിയില്ലാത്തവരാണ് പല രാജ്യങ്ങളും. വർഷങ്ങൾ നീണ്ട ക്രിക്കറ്റ് ജീവിതത്തിന് ശേഷം ക്രിസ് കെയിൻസിനെപ്പോലെ ട്രക്കോടിച്ചും ബസ് കഴുകിയും ജീവിക്കാൻ പല താരങ്ങളും ആഗ്രഹിക്കുന്നില്ല.
ദേശീയ ടീമിനായി കളിക്കാൻ ക്ലബുകളുടെ അനുമതി വാങ്ങേണ്ട അവസ്ഥ ഫുട്ബോളിൽ ഏറെക്കാലമായുണ്ട്. പക്ഷേ ഫുട്ബോളിന് ഈ പ്രതിസന്ധിയെ അതിജീവിക്കാനായിട്ടുണ്ട്. പക്ഷേ കുറഞ്ഞ രാജ്യങ്ങളിൽ മാത്രം വേരുകളുള്ള ക്രിക്കറ്റിന്റെ സ്ഥിതി അതല്ല.
Adjust Story Font
16

