Quantcast

'മഴയും ടസ്‌കിനും വെല്ലുവിളി'... ഇന്ത്യയുടെ വഴിമുടക്കുമോ ബംഗ്ലാദേശ്

മഴ മത്സരം തടസ്സപ്പെടുത്തിയാലും ഇന്ത്യയുടെ സെമി മോഹങ്ങൾക്ക് തിരിച്ചടിയാകും

MediaOne Logo

Web Desk

  • Published:

    2 Nov 2022 6:52 AM GMT

മഴയും ടസ്‌കിനും വെല്ലുവിളി... ഇന്ത്യയുടെ വഴിമുടക്കുമോ ബംഗ്ലാദേശ്
X

അഡ്‌ലെയ്ഡ്: സെമി പ്രതീക്ഷയുമായി ഇറങ്ങുന്ന ഇന്ത്യയുടെ വഴി ബംഗ്ലാദേശ് മുടക്കുമോ ?. പേപ്പറിൽ ബംഗ്ലാദേശിനെക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ബൗളിങ്ങിലും ബാറ്റിങ്ങിലും ടൂർണമെന്റിൽ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തിട്ടുള്ളത്. എന്നാൽ, അട്ടിമറിക്കാൻ കഴിവുള്ള ടീം തന്നെയാണ് ബംഗ്ലാദേശ്. ബൗളിങ്ങിൽ ടസ്‌കിൻ മുഹമ്മദ് മിന്നും പ്രകടനമാണ് പുറത്തെടുക്കുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റാണ് ഇതുവരെ താരം നേടിയത്. അതായത് ദുർബലരായി ബംഗ്ലാദേശിനെ എഴുതിത്തള്ളരുതെന്ന് സാരം.

എന്നാൽ, സെമി പ്രതീക്ഷ നിലനിർത്താൻ ഇറങ്ങുന്ന ഇന്ത്യൻ പട പിടിച്ചുകെട്ടുക എന്നത് ഏത് ടീമിനെ സംബന്ധിച്ചിടത്തോളവും ദുഷ്‌ക്കരമായിരിക്കും. ഇന്നത്തെ മത്സരത്തിൽ പരിക്കേറ്റ കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്കിന് പകരം റിഷഭ് പന്ത് ടീമിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.

ബംഗ്ലാദേശിനൊപ്പം മഴയും ഇന്ത്യയ്ക്ക് ഭീഷണിയാകുന്നുണ്ട്. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ പെയ്തത്. മഴ പെയ്യാൻ 70 ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് വിവരം. ബംഗ്ലാദേശിനെതിരെയും സിംബാബ്വേയ്ക്കുമെതിരായ മത്സരങ്ങൾ ഇന്ത്യക്ക് നിർണായകമാണ്.

മഴ മത്സരം തടസ്സപ്പെടുത്തിയാലും ഇന്ത്യയുടെ സെമി മോഹങ്ങൾക്ക് തിരിച്ചടിയാകും. മഴയെ തുടർന്ന് മത്സരം ഉപേക്ഷിക്കപ്പെട്ടാൽ ഇന്ത്യക്കും ബംഗ്ലാദേശിനും ഓരോ പോയിന്റ് വീതം ലഭിക്കും. അങ്ങനെ വന്നാൽ ഇരുടീമുകൾക്കും അഞ്ചു പോയിന്റ് വീതമാവും. നിലവിൽ ഗ്രൂപ്പിൽ മൂന്നു മൽസരങ്ങളിൽ നിന്നും രണ്ടു ജയവും ഒരു തോൽവിയുടമക്കം നാലു പോയിന്റോടെ ഇന്ത്യ രണ്ടാംസ്ഥാനത്താണ്.

അഞ്ചു പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് മുന്നിൽ. ഇന്ത്യയുടെ അതേ പോയിന്റോടെ ബംഗ്ലാദേശ് ഗ്രൂപ്പിൽ മൂന്നാംസ്ഥാനത്തുമുണ്ട്. രണ്ട് കളി ജയിച്ച ബംഗ്ലാദേശ് റൺ നിരക്കിലാണ് ഇന്ത്യക്കുപിന്നിലായത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം തുടങ്ങുന്നത്. സ്റ്റാർ സ്പോർട്ട്സ് നെറ്റ് വർക്കിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും മത്സരം കാണാം.

സാധ്യത ടീം

ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, അക്ഷർ പട്ടേൽ, ഹർദിക് പാണ്ഡ്യ, ആർ.അശ്വിൻ, അർഷദീപ്, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി

ബംഗ്ലാദേശ്: നജ്മുൽ ഹുസൈൻ,സൗമ്യ സർക്കാർ, ലിറ്റൻ ദാസ്, ഷക്കീബ് അൽ ഹസൻ (ക്യാപ്റ്റൻ), അഫീഫ് ഹുസൈൻ, മുസദേക്ക് ഹുസൈൻ, നുറൂൽ ഹസൻ, യാസിർ അലി, മുസ്തഫിസുർ റഹ്മാൻ, ഹസൻ മഹ്മൂദ്, ടസ്‌കിൻ അഹ്മദ്.

TAGS :

Next Story