‘അവൻ സെഞ്ച്വറി നേടിയില്ലെങ്കിൽ എംസിജിയിലൂടെ നഗ്നനായി നടക്കും’; വമ്പൻ പ്രഖ്യാപനവുമായി ഹെയ്ഡൻ

സിഡ്നി: വരാനിരിക്കുന്ന ആഷസ് പരമ്പരയിൽ ഇംഗ്ലീഷ് താരം ജോ റൂട്ട് സെഞ്ച്വറി നേടിയില്ലെങ്കിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലൂടെ നഗ്നനായി നടക്കുമെന്ന് ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡൻ. ടെസ്റ്റ് ക്രിക്കറ്റിലെ സകല റെക്കോർഡുകളും തകർത്ത് മുന്നേറുന്ന ജോ റൂട്ടിന് ബദ്ധവൈരികളായ ആസ്ട്രേലിയയുടെ മണ്ണിൽ ഇതുവരെയും സെഞ്ച്വറി കുറിക്കാനായിട്ടില്ല.
ആസ്‌ട്രേലിയയിൽ നടന്ന കഴിഞ്ഞ മൂന്ന് ആഷസ് പരമ്പരകളും ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. 2011ന് ശേഷം ആസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരം പോലും ജയിക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല. മിന്നും ഫോമിലുള്ള ജോ റൂട്ട് ആസ്ട്രേലിയൻ മണ്ണിൽ മികച്ച പ്രകടനം പുറത്തെടുക്കുമോ എന്നും ചർച്ചകളുണ്ട്.
ഇതിനിടെയാണ് ഓസീസ് മുൻ ഇതിഹാസ താരവും കമന്റേറ്ററുമായ മാത്യൂ ഹെയ്ഡന്റെ അഭിപ്രായ പ്രകടനം ശ്രദ്ധ നേടുന്നത്. ചർച്ചക്കിടെ പാനലിസ്റ്റുകൾ ആഷസിലെ എക്കാലത്തെയും മികച്ച ഇലവൻ തെരഞ്ഞെടുത്തപ്പോൾ റൂട്ട് ഉൾപ്പെടാതിരുന്നതാണ് ഹെയ്ഡനെ ചൊടിപ്പിച്ചത്.
"അവൻ ഇംഗ്ലണ്ട് ടീമിലെ കംപ്ലീറ്റ് പാക്കേജാണ്. നിങ്ങളുടെ ടീമിൽ ജോ റൂട്ട് ഇല്ലാത്തത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ശരാശരി 40 ആണ്, ഉയർന്ന സ്കോർ 180ഉം. ഈ ആഷസ് തീർന്നതിന് ശേഷം ഞാൻ നിങ്ങളോട് സംസാരിക്കാം. ഈ ആഷസിൽ അവൻ ഒരു സെഞ്ച്വറി നേടിയില്ലെങ്കിൽ ഞാൻ എംസിജിയിലൂടെ നഗ്നനായി നടക്കും" ഹെയ്ഡൻ പറഞ്ഞു.
ഓസീസ് മണ്ണിൽ റൂട്ടിന് അത്ര മികച്ച റെക്കോർഡില്ല. 27 ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ നിന്ന് 35.68 ശരാശരിയിൽ 892 റൺസാണ് അദ്ദേഹം നേടിയത്. ഒമ്പത് അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. മൂന്ന് തവണ 80 റൺസ് പിന്നിട്ടെങ്കിലും റൂട്ടിന് മൂന്നക്കത്തിലെത്താനായില്ല.
കോവിഡിന് ശേഷം കരിയറിലെ ഏറ്റവും മികച്ച ഫോമിലേക്ക് റൂട്ട് മാറി. ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരുടെ പട്ടികയിലേക്കും റൂട്ട് നടന്നുകയറി. 13,543 റൺസുമായി അദ്ദേഹം ഇപ്പോൾ ഇതിഹാസ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. സച്ചിൻ ടെണ്ടുൽക്കർ (15,921 റൺസ്) മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. .
2025 നവംബർ 21 മുതൽ 2026 ജനുവരി 8 വരെയാണ് ആഷസ് പരമ്പര.
Adjust Story Font
16

