തെലങ്കാന ഡിജിപിയെ കണ്ട് ഡിഎസ്പി മുഹമ്മദ് സിറാജ്; ചിത്രങ്ങള്‍ വൈറല്‍
2024 ഒക്ടോബറിലായിരുന്നു സിറാജ് ഔദ്യോഗികമായി ഡിഎസ്പിയായി ചുമതലയേറ്റത്

ഹൈദരാബാദ്: തെലങ്കാന ഡിജിപി സി.വി. ആനന്ദുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരവും തെലങ്കാന പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടുമായ (ഡിഎസ്പി) മുഹമ്മദ് സിറാജ്. ഹൈദരാബാദിലെ ഡിജിപി ഓഫീസിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാന പൊലീസ് മേധാവിയായി കഴിഞ്ഞ മെയിലാണ് ആനന്ദ് ചുമതലയേറ്റത്. ഇതിന് ശേഷം ഇരുവരും തമ്മിൽ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
ഇൻസ്പെക്ടർ ജനറൽ ഗജറാവു ഭൂപാൽ, ഡി.എസ്.പി (സ്പോർട്സ്) രാമറാവു എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സിറാജ്, പുതിയ ചുമതലയിൽ ഡിജിപിക്ക് എല്ലാവിധ ആശംസകളും നേർന്നു.
"തെലങ്കാന ഡിജിപി സി.വി ആനന്ദ് സാറിനെ കാണാനും ഡിജിപിയായി ചുമതലയേറ്റ അദ്ദേഹത്തിന് ആശംസകൾ അറിയിക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഈ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയതിന് നന്ദി. തെലങ്കാനയിലെ ജനങ്ങളെ സേവിക്കുന്നതിൽ അദ്ദേഹത്തിന് ഇനിയും വിജയങ്ങളുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു" - കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് സിറാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
2024ലെ ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയുടെ ചരിത്രവിജയത്തിൽ നിർണായക പങ്കുവഹിച്ചതിനെ തുടർന്നാണ് തെലങ്കാന സർക്കാർ ഡിഎസ്പി പദവി നല്‍കി സിറാജിനെ ആദരിച്ചത്. 2024 ഒക്ടോബറിലായിരുന്നു സിറാജ് ഔദ്യോഗികമായി ഡിഎസ്പിയായി ചുമതലയേറ്റത്. ലോകകപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി സിറാജിന് സർക്കാർ ജോലിയും താമസത്തിനായുള്ള പ്ലോട്ടും പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മുഹമ്മദ് സിറാജിനും ലോക ബോക്സിങ് ചാമ്പ്യൻ നിഖാത് സരീനും ഗ്രൂപ്പ്-1 കേഡറിൽ ഡി.എസ്.പി തസ്തിക നൽകാൻ സംസ്ഥാന കാബിനറ്റ് അംഗീകാരം നൽകുകയായിരുന്നു.
1994ലെ തെലങ്കാന പബ്ലിക് സർവീസ് ആക്ടിൽ വരുത്തിയ ഭേദഗതിയിലൂടെയാണ് ഇവർക്ക് നിയമനം സാധ്യമാക്കിയത്.
Adjust Story Font
16

