'മുസ്‌ലിംകളെ ആക്രമിക്കുന്ന ഇസ്രായേൽ ആരാധകർ;' മക്കാബി ഫാൻസിന് യുകെയിൽ വിലക്ക്
യുകെയിൽ വച്ച് നടക്കാനിരിക്കുന്ന യൂറോപ്പ ഫുട്ബോൾ ലീഗിലെ, ഇസ്രായേൽ ക്ലബ്ബും ആസ്റ്റൺ വില്ലയുമായുള്ള പോരാട്ടത്തിൽ ഇസ്രായേൽ കാണികളെ വിലക്കിയിരിക്കുകയാണ് അധികൃതർ. മക്കാബി ക്ലബിന്റെ ആരാധകവൃന്ദത്തിൽ കടുത്ത വംശീയവാദികളും അക്രമകാരികളും ഉണ്ടെന്നാണ് ഇന്റെലിജൻസ് റിപ്പോർട്ട് പറയുന്നത്

നയതന്ത്ര വേദികളിൽ, സാമ്പത്തിക മേഖലയിൽ, സാംസ്‌കാരിക- സാമൂഹിക വേദികളിൽ- എല്ലായിടത്തും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇസ്രായേൽ. കായികവേദികളിലും മറ്റൊന്നല്ല ഇസ്രയേലിന്റെ അനുഭവം. ഫുട്ബാൾ ലോകകപ്പിൽ പോലും അവരെ പങ്കെടുപ്പിക്കരുതെന്ന ആവശ്യം അടുത്തിടെ ഉയർന്നതെല്ലാം അതിന്റെ ഭാഗമായിരുന്നു. ഇപ്പോഴിതാ, യുകെയിൽ വച്ച് നടക്കാനിരിക്കുന്ന യൂറോപ്പ ഫുട്ബോൾ ലീഗിലെ, ഇസ്രായേൽ ക്ലബ്ബായ മക്കാബിയും ആസ്റ്റൺ വില്ലയുമായുള്ള പോരാട്ടത്തിൽ ഇസ്രായേൽ കാണികളെ വിലക്കിയിരിക്കുകയാണ് അധികൃതർ.
ഈ വാർത്ത കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നതാണെങ്കിലും, എന്തുകൊണ്ട് ഇങ്ങനെയൊരു നടപടി സ്വീകരിച്ചു എന്ന് വിശദീകരിക്കുന്ന ഇസ്രായേൽ ഫാൻസിനെ സംബന്ധിച്ച ഇന്റെലിജൻസ് റിപ്പോർത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. മക്കാബി ആരാധകരെ കുറിച്ചുള്ള ഗൗരവമേറിയ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്.
നവംബർ ആറിന് ബർമിംഗ്ഹാമിലെ വില്ല പാർക്ക് സ്റ്റേഡിയത്തിൽ വച്ചാണ് മക്കാബി തെൽ അവീവ് എന്ന ഇസ്രായേൽ ക്ലബ്ബും ആസ്റ്റൺ വില്ലയുമായുള്ള പോരാട്ടം നടക്കാനിരിക്കുന്നത്. മത്സരം നടക്കുമെങ്കിലും മക്കാബി ക്ലബ്ബിന്റെ കാണികൾ സ്റ്റേഡിയത്തിലേക്ക് വരേണ്ടതില്ല എന്നാണ് ബർമിങ്ങ്ഹാം സുരക്ഷാ ഉപദേശക സമിതിയുടെ അറിയിപ്പ്. പൊലീസ് ഇന്റെലിജൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രഖ്യാപനം.
മക്കാബി ക്ലബിന്റെ ആരാധകവൃന്ദത്തിൽ കടുത്ത വംശീയവാദികളും അക്രമകാരികളും ഉണ്ടെന്നാണ് ഇന്റെലിജൻസ് റിപ്പോർട്ട് പറയുന്നത്. കഴിഞ്ഞവർഷം ആംസ്റ്റർഡാമിൽ നടന്ന മത്സരത്തിൽ മക്കാബി ആരാധകർ നടത്തിയ ആക്രമണങ്ങളും അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അജാക്സ് ക്ലബ്ബയുമായുള്ള അന്നത്തെ മത്സരത്തിന് മുൻപും ശേഷവും വ്യാപക ആക്രമണമായിരുന്നു മക്കാബി ആരാധകർ നടത്തിയിരുന്നത്. അറബികളെ കൊല്ലുക തുടങ്ങിയ വംശീയ മുദ്രാവാക്യങ്ങൾ മുഴക്കി, മുസ്‌ലിങ്ങളെ തെരഞ്ഞെടുപിടിച്ചായിരുന്നു അന്നത്തെ ആക്രമണം.
മൂന്ന് ദിവസങ്ങളിലായി 5,000 ഉദ്യോഗസ്ഥരെ വിന്യസിച്ചാണ് അന്നുണ്ടായ ക്രമസമാധാന പ്രശ്നത്തെ ഡച്ച് സർക്കാർ നിയന്ത്രിച്ചത്. അത് യുകെയിലും ആവർത്തിച്ചേക്കാമെന്നാണ് പൊലീസ് ഇന്റെലിജൻസ് മുന്നറിയിപ്പ്. യുകെ ഫുട്ബാൾ പൊലീസ് യൂണിറ്റും ഈ റിപ്പോർട്ട് അംഗീകരിച്ചിട്ടുണ്ട്. ബർമിങ്ഹാമിലും മക്കാബി ഫാൻസ് ആംസ്റ്റർഡാമിലെ പോലെയുള്ള അക്രമസംഭവങ്ങൾ ആവർത്തിച്ചാൽ, യുകെയുടെ സമാധാനാന്തരീക്ഷത്തെ പോലും ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
എന്നാൽ ഈ മക്കാബി ആരാധകരെ വിലക്കിയ സംഭവം, യുകെയിൽ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി കെയർ സ്റ്റാമർ തന്നെ ഈ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സെമിറ്റിക് വിരുദ്ധതയെ പുണരുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കഴിഞ്ഞയാഴ്ച സ്റ്റാമർ നടത്തിയ പ്രതികരണത്തിൽ, ബർമിങ്ങ്ഹാം സുരക്ഷാ ഉപദേശക സമിതിയുടെ നടപടി തെറ്റാണെന്നായിരുന്നു പറഞ്ഞത്. പൊലീസുകാരുടെ ഉത്തരവാദിത്വം കാണികൾക്ക് സമാധാനമായി കളികാണാൻ അവസരമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിലക്ക് പിൻവലിക്കാനുള്ള ശ്രമവും യുകെ സർക്കാർ നടത്തുന്നുണ്ട്. എന്നാൽ മക്കാബിയുടെ തീവ്രസ്വഭാവമുള്ള ആരാധകരെ പ്രവേശിപ്പിക്കുന്നത് പ്രശ്നമാണെന്ന നിലപാടിൽ തന്നെയാണ് പൊലീസ്.
ദിവസങ്ങൾക്ക് മുൻപ് ഇസ്രായേൽ പ്രീമിയർ ലീഗിന്റെ ഭാഗമായി മക്കാബി തെൽ അവീവും ഹപ്പൊയിൽ തെൽ അവീവും തമ്മിൽ നടക്കാനിരുന്ന മത്സരവും ആരാധകർ തമ്മിലുള്ള കയ്യാങ്കളി മൂലം നിർത്തിവച്ചിരുന്നു. ഫുടബോൾ മത്സരമല്ല, കലാപമാണ് നടന്നതെന്നായിരുന്നു ഇസ്രായേൽ പൊലീസ് ഇതിനെ വിശേഷിപ്പിച്ചത്. ഇസ്രായേലി ആരാധകരുടെ അക്രമസ്വഭാവത്തിന്റെ ഉദാഹരണമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ബർമിങ്ഹാമിലെ വിലക്കിനെ അനുകൂലിക്കുന്ന യു കെ എംപി അയൂബ് ഖാൻ ആരോപിക്കുന്നത് ആരാധകവിലക്കിനെ ചിലർ മതവുമായി കൂട്ടികെട്ടാൻ നോക്കുന്നുവെന്നായിരുന്നു. അവർക്കുള്ള തെളിവാണ് മക്കാബി- ഹപ്പോയി മത്സരത്തിലെ സംഭവങ്ങളെന്നും അദ്ദേഹം എക്‌സിൽ കുറിച്ചിരുന്നു.
സയണിസ്റ്റ് വിരുദ്ധതയെ സെമിറ്റിക് വിരുദ്ധതയായി ചിത്രീകരിക്കാനാണ് ശ്രമം നടത്തുന്നത് എന്നാണ് യുകെ പാർലമെന്റിലെ സ്വതന്ത്ര എംപിയായ സാറ സുൽത്താന പറയുന്നത്. മക്കാബി ആരാധകരായി എത്തുന്നവരിൽ പലരും ഗസ്സയിലെ വംശഹത്യയിൽ പങ്കെടുത്ത ഇസ്രായേലി സൈനികരാണെന്നും ആരോപിക്കുന്നുണ്ട് സാറ.
കൂടുതൽ പൊലീസുകാരെ വിന്യസിക്കാമെന്നൊക്കെ യുകെയിലെ ലേബർ പാർട്ടി സർക്കാർ പറയുന്നുണ്ടെങ്കിലും ആരാധകവിലക്കിൽനിന്ന് പിന്നാക്കം പോകാൻ ഇതുവരെയും പൊലീസ് തയാറായിട്ടില്ല. മുസ്ലിം വിരുദ്ധരായ മക്കാബി ആരാധകർ, യുകെയിലെത്തിയാൽ അത് വലിയ ക്രമസമാധാനപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന നിലപാടിൽ തന്നെയാണ് അവർ.
Adjust Story Font
16

