സ്റ്റാറായി സാറും കൗലിബാലിയും; ഇക്വ'ഡോർ' തുറന്ന് സെനഗൽ പ്രീക്വാർട്ടറിൽ

മത്സരത്തിൽ തോറ്റതോടെ ഇക്വഡോർ ലോകകപ്പിൽ നിന്ന് പുറത്തായി

MediaOne Logo

Web Desk

  • Updated:

    2022-11-29 17:15:40.0

Published:

29 Nov 2022 4:02 PM GMT

സ്റ്റാറായി സാറും കൗലിബാലിയും; ഇക്വഡോർ തുറന്ന് സെനഗൽ പ്രീക്വാർട്ടറിൽ
X

ദോഹ: ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നിർണായക മത്സരത്തിൽ ഇക്വ'ഡോർ' തുറന്ന് സെനഗൽ പ്രീക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സെനഗലിന്റെ വിജയം. സെനഗലിനായി ഇസ്മായില സാറും കാലിഡൗ കൗലിബാലിയുമാണ് ഗോളടിച്ചത്. 44ാം മിനുട്ടിൽ പെനാൽട്ടിയിലൂടെയായിരുന്നു സാറുടെ ഗോൾ. തുടർന്ന് ഇക്വഡോർ സമനില പിടിക്കുകയായിരുന്നു. മോയിസെസ് കൈസിഡോയാണ് ടീമിനെ സമനിലയിലെത്തിച്ചത്. എന്നാൽ 70ാം മിനുട്ടിൽ കൗലിബാലി സെനഗലിനെ വീണ്ടും മുന്നിലെത്തിച്ചു. മത്സരത്തിൽ തോറ്റതോടെ ഇക്വഡോർ ലോകകപ്പിൽ നിന്ന് പുറത്തായി.

ആദ്യ പകുതിയിലെ തണുപ്പൻ പ്രകടനത്തിൽനിന്ന് ഉണർന്ന ഇക്വഡോറിനെയാണ് രണ്ടാം പകുതിയുടെ തുടക്കംതൊട്ടേ കണ്ടത്. ആദ്യ പകുതിയിൽ വീണ പെനാൽറ്റി ഗോളിന്റെ ആഘാതത്തിൽ നോക്കൗട്ട് കടക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിലേക്ക് മരിച്ചുകളിക്കുകയായിരുന്നു ഇക്വഡോർ താരങ്ങൾ. അതിവേഗത്തിൽ സെനഗൽ ഗോൾവല ലക്ഷ്യമാക്കി നിരവധി തവണ ഇക്വഡോർ താരങ്ങൾ കുതിച്ചെങ്കിലും ഒന്നും ബോക്സ് കടക്കാനായില്ല. രണ്ടാം പകുതി ആരംഭിച്ച് 50-ാം മിനിറ്റിൽ വീണുകിട്ടിയ ഫ്രീകിക്ക് ഗോളാക്കാൻ ഇക്വഡോറിനായില്ല. പ്രിഷ്യാഡോയുടെ ബോക്സിലേക്കുള്ള ഡീപ് ക്രോസിനു പക്ഷെ ലക്ഷ്യം പിഴച്ചു.58-ാം മിനിറ്റിൽ ഇക്വഡോർ പ്രതിരോധ താരം എസ്റ്റ്യുപ്പിനാൻ സെനഗൽ ബോക്സിലേക്ക് നീട്ടിനൽകിയ ക്രോസ്. ഷോട്ടിന് എസ്ട്രാഡ ഗോൾവല ലക്ഷ്യമാക്കി തലവച്ചെങ്കിലും പന്ത് ബോക്സിനു പുറത്തേക്ക്.

ആദ്യ പകുതി അവസാനിക്കുമ്പോൾ പെനൽറ്റിയിലൂടെ പിറന്ന ഗോളിന്റെ ബലത്തിൽ സെനഗൽ ഇക്വഡോറിനെതിരെ ഒരു ഗോളിനു മുന്നിലായിരുന്നു.42-ാം മിനിറ്റിൽ പന്തുമായി ഗോൾമുഖം ലക്ഷ്യമാക്കി കുതിച്ച സെനഗലിന്റെ ഇസ്മായില സാറിനെ ഇക്വഡോർ സെന്റർ ബാക്ക് ഹിൻകാപി ബോക്‌സിനകത്ത് വീഴ്ത്തി. പെനൽറ്റി വിളിക്കാൻ റഫറിക്ക് സംശയിക്കേണ്ടിവന്നില്ല. പെനൽറ്റി ഷോട്ടെടുത്തതും സാർ തന്നെ. അനായാസമൊരു ഐസ്‌ക്യൂബ് ഷോട്ടിലൂടെ സാർ പന്ത് ഇക്വഡോർ പോസ്റ്റിലേക്ക് കോരിയിട്ടു. സെനഗൽ-1, ഇക്വഡോർ-0.

മത്സരത്തിലുടനീളം ഇക്വഡോറിനെ സെനഗൽ അപ്രസക്തരാക്കുന്ന തരത്തിലുള്ള പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ പകുതി പിന്നിടുമ്പോൾ 10 ഷോട്ടുകളാണ് ഇക്വഡോർ വല ലക്ഷ്യമാക്കി സെനഗൽ താരങ്ങൾ തൊടുത്തത്. എന്നാൽ, തിരിച്ച് സെനഗൽ ഗോൾപോസ്റ്റിലേക്കെത്തിയത് രണ്ടേരണ്ട് ഷോട്ട് മാത്രം. ടൂർണമെന്റിലുടനീളം ഖത്തറിനും നെതർലൻഡ്‌സിനുമെതിരെ ഇക്വഡോർ ആകെ തൊടുത്തത് ഏഴ് ഷോട്ടായിരുന്നു.

***

മൂന്നാം മിനിറ്റിൽ തന്നെ സെനഗലിനുമുന്നിൽ ആദ്യ അവസരം തുറന്നു. ബോക്‌സിന്റെ ഇടതു വിങ്ങിൽ ഇസ്മായില ജാകബ്‌സ് വലതു വശത്തേക്കു തൊടുത്തുനൽകിയ ക്രോസിലേക്ക് കുതിച്ചെത്തിയെങ്കിലും ഇദ്രീസ ഗ്യുയെയ്ക്ക് ലക്ഷ്യം കാണാനായില്ല. ഇദ്രീസയുടെ ഷോട്ട് ബാറിന്റെ വലതുവശത്തുനിന്ന് ഏറെ മാറി പുറത്തേക്ക് പറന്നു.

10-ാം മിനിറ്റിൽ ബോക്‌സിനു തൊട്ടടുത്ത് സെനഗൽ താരത്തിന്റെ ഫൗളിൽ ഇക്വഡോറിന് മത്സരത്തിലെ ആദ്യ ഫ്രീകിക്ക്. നായകൻ വലെൻസിയയുടെ കിക്ക് പക്ഷെ സെനഗൽ പ്രതിരോധം തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ ലഭിച്ച ഡിഫ്‌ളക്ഷൻ അവസരവും സെനഗൽ പ്രതിരോധത്തിൽ തട്ടിയകറ്റി. പിന്നാലെ ഇക്വഡോർ ബോക്‌സിലേക്ക് സെനഗലിന്റെ കൗണ്ടർ അറ്റാക്ക്. ഇക്വഡോർ പ്രതിരോധനിരയിലെ അവസരോചിതമായ ഇടപെടലിൽ ഗോൾവല കടക്കാതെ കാത്തു.

17-ാം മിനിറ്റിൽ ലഭിച്ച ആദ്യ കോർണർ അവസരം മുതലെടുക്കാൻ സെനഗലിനായില്ല.

20-ാം മിനിറ്റിൽ ഇക്വഡോർ പ്രതിരോധത്തിൽ പ്രിഷ്യാഡോവിനെ ടാക്കിൾ ചെയ്തു മുന്നേറാനുള്ള ശ്രമത്തിനിടെ ഇസ്മായില സാർ നിലത്ത് വീണു.

22-ാം മിനിറ്റിൽ വലെൻസിയയുമായി ചേർന്ന് സെനഗൽ ഗോൾപോസ്റ്റിലേക്ക് ഗോൺസാലോ പ്ലാറ്റയുടെ മുന്നേറ്റം. എന്നാൽ, നീക്കം സെനഗൽ പ്രതിരോധത്തിൽ തകർന്നു.

24-ാം മിനിറ്റിൽ പ്രിഷ്യാഡോയെയും കടന്ന് വീണ്ടും സാറിന്റെ നീക്കം വിജയം കണ്ടില്ല.

36-ാം മിനിറ്റിൽ സബലിക്കെതിരായ ഫൗളിലൂടെ സെനഗലിന് വീണ്ടും ഫ്രീകിക്ക് അവസരം. ജാകബ്‌സ് നൽകിയ ക്രോസിൽനിന്ന് സിസ് മനോഹരമായൊരു ഹെഡറിലൂടെ ഇക്വഡോർ ഗോൾമുഖം ലക്ഷ്യമാക്കി തൊടുത്തുവിട്ടെങ്കിലും വലയ്ക്കുമുകളിലാണ് പന്ത് പതിച്ചത്.

രണ്ടാം പകുതിയുടെ അധികസമയത്തിൽ ഇക്വഡോറിന് ലഭിച്ച പെനാൽട്ടിയിൽ മെൻഡിയുടെ തകർപ്പൻ സേവ് സെനൽഗലിന്റെ വലയിൽ ഗോൾവീഴാതെ കാത്തു.

ടീം ലൈനപ്പ്

ഇക്വഡോർ: ഹെർനൻ ഗാലിൻഡെസ്, ഫെലിക്‌സ് ടോറസ്, പിയറോ ഹിൻകാപി, പെർവിസ് എസ്തുപിനാൻ, മിഷേൽ എസ്ട്രാഡ, ആഞ്ചെലോ പ്രിഷ്യാഡോ, കാർലോസ് ഗ്രൂയ്‌സോ, ഗോൻസാലോ പ്ലാറ്റ, മോയ്‌സസ് കായ്‌സെഡോ, അലൻ ഫ്രാങ്കോ, എന്നർ വലൻസിയ.

സെനഗൽ: എഡ്വാർഡോ മെൻഡി, യൂസുഫ് സബലി, കാലിദോ കൗലിബാലി, അബ്ദു ദിയാലോ, ഇസ്മായിൽ ജാകബ്‌സ്, പാത്തെ സിസ്, ഇദ്രീസ ഗാന ഗ്യുയേ, പാപെ ഗ്യുയേ, ഇലിമാൻ ൻഡ്യായി, ഇസ്മായിൽ സാർ, ബൗലയെ ദിയ.

Summary: FIFA World Cup 2022 Ecuador vs Senegal Live Score Updates

TAGS :

Next Story