Quantcast

പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഡച്ച് പട ഖത്തറിനോട്; നോക്കൗട്ടിലേക്ക് കണ്ണുനട്ട് സെനഗലും ഇക്വഡോറും നേർക്കുനേർ

നാല് പോയിന്റുകളുമായി ഇക്വഡോറും നെതർലൻഡ്‌സും ഗ്രൂപ്പിൽ ഒന്നാമതാണ്. ഇരുടീമിനും പ്രീക്വാർട്ടർ കടക്കാൻ സമനില മതി

MediaOne Logo

Web Desk

  • Updated:

    2022-11-29 15:21:34.0

Published:

29 Nov 2022 2:50 PM GMT

പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഡച്ച് പട ഖത്തറിനോട്; നോക്കൗട്ടിലേക്ക് കണ്ണുനട്ട് സെനഗലും ഇക്വഡോറും നേർക്കുനേർ
X

ദോഹ: ലോകകപ്പിൽ ഇന്ന് എ ഗ്രൂപ്പിന്റെ നിർണായക മത്സരങ്ങൾ. പ്രീക്വാർട്ടർ ഉറപ്പിക്കാനായാണ് നെതർലൻഡ്‌സ് നോക്കൗട്ട് സാധ്യതകൾ അസ്തമിച്ച ഖത്തറിനെതിരെ ഇറങ്ങുന്നത്. എന്നാൽ, മറ്റൊരു മത്സരത്തിൽ ഏറ്റുമുട്ടുന്ന ഇക്വഡോറിനും സെനഗലിനും ഏറെക്കുറെ സമാനസാധ്യതയാണ് മുന്നിലുള്ളത്. അതിനാൽ, ഈ മത്സരം വാശിനിറഞ്ഞതാകുമെന്നുറപ്പ്. 8.30ന് അൽബെയ്ത് സ്റ്റേഡിയത്തിലാണ് നെതർലൻഡ്‌സ്-ഖത്തർ പോരാട്ടം. ഇതേസമയത്ത് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഇക്വഡോറും സെനഗലും തമ്മിൽ ഏറ്റുമുട്ടും. എല്ലാ ടീമുകളുടെയും അന്തിമ ലൈനപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

നാല് പോയിന്റുകളുമായി ഇക്വഡോറും നെതർലൻഡ്‌സും ഗ്രൂപ്പിൽ ഒന്നാമതാണ്. ഇരുടീമിനും പ്രീക്വാർട്ടർ കടക്കാൻ സമനില മതി. എന്നാൽ, സെനഗലിനോട് തോറ്റാൽ ഇക്വഡോറിനു പുറത്തേക്കുള്ള വഴിതെളിയും. പകരം സെനഗലായിരിക്കും രണ്ടാം റൗണ്ടിലേക്ക് മുന്നേറുക. സെനഗൽ-ഇക്വഡോർ മത്സരം സമനിലയിൽ പിരിയുകയും നെതർലൻഡ്‌സ് ഖത്തറിനോട് വലിയ ഗോൾ വ്യത്യാസത്തിൽ തോൽക്കുകയും ചെയ്താൽ ഇക്വഡോറും സെനഗലും പ്രീക്വാർട്ടറിലേക്ക് കടക്കുകയും ചെയ്യും.

നായകൻ എന്നർ വലൻസിയയുടെ കരുത്തിലാണ് ഇത്തവണ ഇക്വഡോറിന്റെ മുന്നേറ്റം. ടീമിനെ മുന്നിൽനിന്നു നയിക്കുന്ന താരം തന്നെയാണ് ഇത്തവണ ഇക്വഡോറിന്റെ മുഴുവൻ ഗോളും അടിച്ചത്. 2014 ലോകകപ്പിലും ടീമിന്റെ മൊത്തം ഗോളും നേടിയത് വലെൻസിയയായിരുന്നു. മറുവശത്ത് ടീമിന്റെ മികച്ച റാങ്കിങ്ങും പ്രതീക്ഷകളുമായെത്തിയ സെനഗലിന് വേണ്ടത്ര തിളങ്ങാനായിട്ടില്ല. ആദ്യ മത്സരത്തിൽ നെതർലൻഡ്‌സിനോട് തോറ്റ ടീം ഖത്തറിനെ തോൽപിച്ചാണ് രണ്ടാം റൗണ്ട് സാധ്യതകൾ നിലനിർത്തിയത്.

യൊഹാൻ ക്രൈഫിന്റെയും വാൻബാസ്റ്റന്റെയും ആര്യൻ റോബന്റെയും പോരാട്ടവീര്യം സിരകളിൽ പേറുന്ന നെതർലൻഡ്‌സിന്റെ നിഴൽ മാത്രമായിരുന്നു കഴിഞ്ഞ രണ്ട് കളികൾ ടീം. സെനഗലിനോട് വിറച്ചുകളിച്ച ശേഷം അന്ത്യനിമിഷങ്ങളിൽ നേടിയ രണ്ട് ഗോളിനായിരുന്നു ജയം. ഇക്വഡോറിനോട് സമനിലയിലും പിരിഞ്ഞു.

ഡീപെയുള്ള ആക്രമണനിരയ്ക്ക് മൂർച്ച കുറവാണ്. വാൻഡിക്കും ഡിലൈറ്റുമുള്ള പിൻനിരയിൽ നെടുകെ വിള്ളലുകൾക്കും കഴിഞ്ഞ മത്സരങ്ങൾ സാക്ഷിയായി. മധ്യനിരയാണെങ്കിൽ കളിമെനയാൻ മറന്ന മട്ടുമാണ്. എന്നാൽ, ഖത്തർ അത്ര കരുത്തരല്ലെന്നതാണ് പ്രതീക്ഷ. മികച്ചൊരു വിജയത്തിലൂടെ രണ്ടാം റൗണ്ട് കടക്കാമെന്നാകും ടീം ലക്ഷ്യമിടുന്നത്.

അതേസമയം, ലോകകപ്പിൽനിന്ന് ഇതിനകം പുറത്തായ ഖത്തറിനും വേണം ഒരു ജയം. സ്വന്തം ജനതയ്ക്കു മുന്നിൽ തല ഉയർത്തി വേണം മടങ്ങാൻ. ആദ്യ കളിയിൽ ഇക്വഡോറിനോടും രണ്ടാം മത്സരത്തിൽ സെനഗലിനോടും തോറ്റിരുന്നു ഖത്തർ. ഒരൊറ്റ ഗോളാണ് ആകെ ലക്ഷ്യത്തിലെത്തിക്കാനായത്. അഞ്ചുഗോൾ തിരിച്ചുവാങ്ങുകയും ചെയ്തിട്ടുണ്ട്. അതിനാൽ, രണ്ടും കൽപിച്ചായിരിക്കും ഇന്ന് ഖത്തർ ഇറങ്ങുകയെന്നുറപ്പാണ്.

അന്തിമ ടീം ലൈനപ്പുകൾ

ഇക്വഡോർ: ഹെർനൻ ഗാലിൻഡെസ്, ഫെലിക്‌സ് ടോറസ്, പിയറോ ഹിൻകാപി, പെർവിസ് എസ്തുപിനാൻ, മിഷേൽ എസ്ട്രാഡ, ആഞ്ചെലോ പ്രിഷ്യാഡോ, കാർലോസ് ഗ്രൂയ്‌സോ, ഗോൻസാലോ പ്ലാറ്റ, മോയ്‌സസ് കായ്‌സെഡോ, അലൻ ഫ്രാങ്കോ, എന്നർ വലൻസിയ.

സെനഗൽ: എഡ്വാർഡോ മെൻഡി, യൂസുഫ് സബലി, കാലിദോ കൗലിബാലി, അബ്ദു ദിയാലോ, ഇസ്മായിൽ ജാകബ്‌സ്, പാത്തെ സിസ്, ഇദ്രീസ ഗാന ഗ്യുയേ, പാപെ ഗ്യുയേ, ഇലിമാൻ ഇൻദിയായെ, ഇസ്മായിൽ സാർ, ബൗലയെ ദിയ.

നെതർലൻഡ്‌സ്: ആൻഡ്രൈസ് നോപ്പെർട്ട്, ഡാലി ബ്ലിൻഡ്, നഥാൻ അകെ, വിർജിൽ വാൻ ജൈക്, യുരിയൻ ടിംബർ, ഡെൻസെൽ ഡംഫ്രീസ്, മാർട്ടിൻ ഡെ റോൺ, ഡേവി ക്ലാസൻ, ഫ്രെങ്കി ഡി ജോങ്, കോഡി ഗാക്‌പോ, മെംഫിസ് ഡിപേ.

ഖത്തർ: മിഷാൽ ബർഷാം, പെഡ്രോ മിഗ്വേൽ, അബ്ദുൽ കരീം ഹസ്സൻ, അബ്ദുൽ അസീസ് ഹാതിം, ഹസ്സൻ അൽഹൈദ്രോസ്, അക്രം അഫീഫ്, ഇസ്മായിൽ മുഹമ്മദ്, ഹുമാം അഹ്മദ്, അസീം മാദിബോ, ബൗലം ഖൗഖി, അൽമുഇസ് അലി.

Summary: FIFA World Cup 2022 Group A-Ecuador vs Senegal, Netherlands vs Qatar

TAGS :

Next Story