Quantcast

ഒച്ചാവോ; എതിരാളികൾ എന്നും പേടിക്കുന്നൊരു ഗോൾകീപ്പർ

റോബർട്ടോ ലെവൻഡോവ്‌സ്‌കിയുടെ പെനൽറ്റി കിക്ക് തടുത്തതോടെ ഒച്ചാവോ ഒരിക്കൽ കൂടി തരംഗമാകുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-11-23 02:16:02.0

Published:

23 Nov 2022 6:51 AM IST

ഒച്ചാവോ; എതിരാളികൾ എന്നും പേടിക്കുന്നൊരു ഗോൾകീപ്പർ
X

ദോഹ: പേരുകേട്ട കളിക്കാരൊന്നും മെക്‌സിക്കന്‍ നിരയില്‍ ഇല്ല. എന്നാൽ ലോകകപ്പ് വേദികളിലൊക്കെ പന്ത് തട്ടാൻ മെക്‌സിക്കോയുണ്ടാകും.അത്ര എളുപ്പത്തില്‍ കീഴടങ്ങുന്നവരല്ല ഇക്കൂട്ടര്‍, അതിനവര്‍ കടപ്പെട്ടിരിക്കുന്നത് 37കാരനായ ഗോള്‍കീപ്പര്‍ ഗ്വില്ലെര്‍മോ ഒച്ചാവോയോട്. മിന്നുംതാരമായ റോബർട്ടോ ലെവൻഡോവ്‌സ്‌കിയുടെ പെനൽറ്റി കിക്ക് തടുത്തതോടെ ഒച്ചാവോ ഒരിക്കൽ കൂടി തരംഗമാകുകയാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഒച്ചാവോയുടെ നീക്കങ്ങൾ.

പേരുകേട്ട പലരും ഒച്ചാവോയിൽ തട്ടി വീണിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ഇരയാണ് ലെവൻഡോവ്‌സ്‌കിയെന്ന് മാത്രം. മികച്ച ട്രാക്ക് റെക്കോർഡും ക്ലബ്ബ് റെക്കോർഡുകളുമൊന്നും ഒച്ചാവോക്ക് അവകാശപ്പെടാനില്ല. എന്നാൽ മെക്‌സിക്കൻ കുപ്പായത്തിൽ ആളൊരു പുലിയാണ്. 2005ലാണ് രാജ്യത്തിനായി ഒച്ചാവോ ഗ്ലൗസ് അണിയുന്നത്. മെക്‌സിക്കോക്കായി അഞ്ചാം ലോകകപ്പാണ് ഒച്ചാവോ കളിക്കുന്നത്. ഗോൾപോസ്റ്റിൽ നെഞ്ചുംവിരിച്ച് നിൽക്കുന്ന ഒച്ചാവോ എതിരാളികളെ എന്നും അലോസരപ്പെടുത്തും.

മെക്‌സിക്കൻ പ്രതിരോധ നിരയെ കീഴ്‌പ്പെടുത്താമെങ്കിലും അതും കടന്ന് ഒച്ചാവോയെ എന്ന വൻമരത്തെയും വീഴ്ത്തിയാലെ മെക്‌സിക്കൽ വലക്കുള്ളിൽ പന്ത് എത്തൂ. മെക്‌സിക്കോയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടം ഒച്ചാവോയുടെ പേരിലാണ്. 2006, 2010 ലോകകപ്പുകളിൽ മെക്‌സിക്കൻ ടീമിലുണ്ടായിരുന്നുവെങ്കിലും ഒരൊറ്റ മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. അതിനെല്ലം മാറ്റം വന്നത് 2014ലെ ലോകകപ്പ്. ആ വർഷമാണ് ഒച്ചാവോയെന്ന ഗോൾകീപ്പറെ ലോകം ശ്രദ്ധിക്കുന്നത്. അന്ന് ബ്രസീലിനെതിരായ മത്സരത്തിൽ ഒരൊറ്റ ഗോളും മെക്‌സിക്കൻ വലയിൽ എത്തിയില്ല.


ക്ലീൻഷിറ്റുമായി അന്നത്തെ മത്സരത്തിലെ താരവും ഒച്ചാവോയായിരുന്നു. ആറ് തകർപ്പൻ സേവുകളാണ് ഒച്ചാവോ നടത്തിയത്. ഓരോ ബ്രസീൽ ആരാധകനും നടുക്കത്തോടെയാണ് ഇന്നും അവ ഓർക്കുന്നത്. നെയ്മറും ഫ്രെഡും അന്ന് പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും ഒച്ചാവോയെ കീഴ്‌പ്പെടുത്താനായില്ല. അതേ പ്രകടനം 2018ലെ റഷ്യൻ ലോകകപ്പിലും ഒച്ചാവോ ആവർത്തിച്ചു. ജര്‍മനിയ്‌ക്കെതിരെ ഒമ്പത് സേവുകള്‍! മെക്സിക്കോയുടെ മത്സരങ്ങളിലെല്ലാം ഒച്ചാവോ ശ്രദ്ധേയ നീക്കങ്ങള്‍ നടത്തി കായിക പ്രേമികളുടെ മനംകവര്‍ന്നു.

ഞായറാഴ്ച അർജന്റീനക്കെതിരെയാണ് മെക്‌സിക്കോയുടെ അടുത്ത മത്സരം. മുന്നോട്ടുള്ള പ്രയാണത്തിന് മെസിക്കും സംഘത്തിനും ജയം അനിവാര്യമാണെന്നിരിക്കെ ഒച്ചാവോയുടെ തകർപ്പൻ സേവുകൾ അവരുടെ ഉറക്കം കെടുത്തും. മൂന്ന് പോയിന്റോടെ ഗ്രൂപ്പിൽ സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്ത്. മെക്‌സിക്കോ പോളണ്ട് മത്സരം സമനിലയിൽ കലാശിച്ചതിനാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതമുണ്ട്.

TAGS :

Next Story