Quantcast

'കൈകളുയർത്തിയത് വിടവാങ്ങിയ സുഹൃത്തിന് വേണ്ടി': വേറിട്ട ഗോൾ ആഘോഷത്തെക്കുറിച്ച് മാർക്കസ് റാഷ്‌ഫോഡ്

തട്ടുതകർപ്പൻ ഫ്രീകിക്കിലൂടെയായിരുന്നു റാഷ്‌ഫോഡിന്റെ ആദ്യഗോൾ

MediaOne Logo

Web Desk

  • Published:

    30 Nov 2022 3:32 AM GMT

കൈകളുയർത്തിയത് വിടവാങ്ങിയ സുഹൃത്തിന് വേണ്ടി: വേറിട്ട ഗോൾ ആഘോഷത്തെക്കുറിച്ച് മാർക്കസ് റാഷ്‌ഫോഡ്
X

ദോഹ: വെയിൽസിനെതിരെ ആദ്യ ഗോൾ നേടിയതിന് പിന്നാലെ മുട്ടുകുത്തി ഇരുന്ന് കൈകളുയർത്തിയത് മരണപ്പെട്ടുപോയ തന്റെ സുഹൃത്തിന് വേണ്ടിയാണെന്ന് ഇംഗ്ലണ്ട് സൂപ്പർതാരം മാർക്കസ് റാഷ്‌ഫോഡ്. തട്ടുതകർപ്പൻ ഫ്രീകിക്കിലൂടെയായിരുന്നു റാഷ്‌ഫോഡിന്റെ ആദ്യഗോൾ. ഏതാനും ദിവസം മുമ്പായിരുന്നു സുഹൃത്തിന്റെ വിടവാങ്ങൽ. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു സുഹൃത്ത്.

'നിർഭാഗ്യവശാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എനിക്ക് എന്റെ ആത്മസുഹൃത്തിനെ നഷ്ടമായി. ക്യാൻസറുമായി പോരടിക്കുകയായിരുന്നു അവൻ, എന്റെ ജീവിതത്തിലെ എല്ലാമായിരുന്ന അവന് വേണ്ടി ഗോൾ നേടാൻ കഴിഞ്ഞതിൽ സന്തോഷവാനാണ്'- ഇങ്ങനെ പോകുന്നു റാഷ്‌ഫോഡിന്റെ വാക്കുകൾ. അതേസമയം സുഹൃത്തിന്റെ പേര് വിവരങ്ങളൊന്നും റാഷ്‌ഫോഡ് വെളിപ്പെടുത്തിയില്ല. മത്സരത്തിൽ തകർപ്പൻ ഫോമിലായിരുന്നു റാഷ്‌ഫോർഡ്.

രണ്ട് ഗോളുകളാണ് വെയിൽസ് വലയിൽ റാഷ്‌ഫോഡ് എത്തിച്ചത്. മത്സരത്തിന്റെ 50, 68മിനുറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ട് അടിക്കുന്ന 100ാം ഗോൾ എന്ന പ്രത്യേകതയും റാഷ്‌ഫോഡിന്റെ ആദ്യ ഗോളിനുണ്ടായിരുന്നു. മാത്രമല്ല, ഈ ലോകകപ്പിലെ ആദ്യ ഫ്രീകിക്ക് ഗോൾ. മറ്റൊരു പ്രത്യേകത കൂടിയുണ്ട്, 1966ൽ ബോബി ചാൾട്ടന് ശേഷം ഇംഗ്ലണ്ടിന് വേണ്ടി ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം. മത്സരത്തില്‍ മറുപടി ഇല്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വെയില്‍സിനെ ഇംഗ്ലണ്ട് തോല്‍പിച്ചത്. ഫില്‍ ഫോഡനായിരുന്നു മറ്റൊരു സ്കോറര്‍.

അതേസമയം, ആദ്യ രണ്ട് ഗ്രൂപ്പുകളുടെ മത്സരം അവസാനിച്ചതോടെം പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ ലൈനപ്പായി.ഗ്രൂപ്പ് എയില്‍ നിന്ന് നെതര്‍ലാന്‍ഡും സെനഗലും യോഗ്യത നേടിയപ്പോള്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് ഇംഗ്ലണ്ടും അമേരിക്കയുമാണ്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ സെനഗലിനെയും രണ്ടാം സ്ഥാനക്കാരായ അമേരിക്ക ഗ്രൂപ്പ് എയിലെ ചാമ്പ്യന്‍മാരായ നെതര്‍ലെന്‍ഡ്സിനെയും നേരിടും.

TAGS :

Next Story