Quantcast

'മികച്ച ആതിഥ്യത്തിനും സമ്പൂര്‍ണ സംഘാടനത്തിനും നന്ദി'; ഖത്തറിനെ പ്രശംസിച്ച് ഓസിൽ

ദോഹയിലെ അൽബെയ്ത് സ്‌റ്റേഡിയത്തിൽ നടന്ന സ്‌പെയിൻ-ജർമൻ മത്സരത്തിനിടെ കാണികൾ ഓസിലിന്റെ ചിത്രങ്ങളുമായി ഗാലറിയിൽ നിറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-12-01 15:33:09.0

Published:

1 Dec 2022 2:43 PM GMT

മികച്ച ആതിഥ്യത്തിനും സമ്പൂര്‍ണ സംഘാടനത്തിനും നന്ദി; ഖത്തറിനെ പ്രശംസിച്ച് ഓസിൽ
X

ദോഹ: ലോകകപ്പ് സംഘാടനത്തിൽ ഖത്തറിന് നന്ദി പറഞ്ഞ് മുൻ ജർമൻ താരം മെസ്യൂട് ഓസിൽ. മികച്ച ആതിഥ്യത്തിനും സമ്പൂർണമായ സംഘാടനവും നന്ദിയുണ്ടെന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ലോകകപ്പ് വേദിയിൽനിന്നുള്ള ചിത്രം പങ്കുവച്ചാണ് താരത്തിന്റെ പോസ്റ്റ്.

'2022 ലോകകപ്പിനായി ഖത്തറിലെത്താനായത് വലിയ കാര്യമാണ്. ആതിഥ്യത്തിനും സമ്പൂർണമായ സംഘാടനത്തിനും നന്ദിയുണ്ട്. ഇവിടെയെത്തുന്നത് എപ്പോഴും സന്തോഷമാണ്. ബാക്കി ടൂർണമെന്റിലും ഖത്തറിന് എല്ലാ നന്മയും നേരുന്നു. ദൈവഹിതമുണ്ടെങ്കിൽ നമ്മൾ വീണ്ടും കാണും.'-ഒാസിൽ കുറിച്ചു.

ദോഹയിലെ അൽബെയ്ത് സ്‌റ്റേഡിയത്തിൽ നടന്ന സ്‌പെയിൻ-ജർമൻ മത്സരത്തിനിടെ കാണികൾ ഓസിലിന്റെ ചിത്രങ്ങളുമായി ഗാലറിയിൽ നിറഞ്ഞിരുന്നു. 'വൺ ലൗ' ആംബാൻഡ് ധരിക്കുന്നത് വിലക്കിയ ഫിഫ നടപടിയിൽ പ്രതിഷേധിച്ച് ജപ്പാനെതിരായ ആദ്യ മത്സരത്തിനുമുൻപ് ജർമൻ താരങ്ങൾ വാപൊത്തിപ്പിടിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനു പ്രതികരണമായായിരുന്നു ഒരു വിഭാഗം ആരാധകർ ഓസിലിന്റെ ചിത്രം ഉയർത്തിപ്പിടിച്ച് ഗാലറിയിൽ വാപൊത്തിപ്പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

തുർക്കി വംശജനായ ഓസിൽ 2018ലാണ് ദേശീയ ടീമിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ജർമൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് റീൻഹാർഡ് ഗ്രിൻഡലിന്റെയും ഒരു വിഭാഗം ജർമൻ പൗരന്മാരുടെയും വംശീയ വിവേചനം ചൂണ്ടിക്കാട്ടിയതിനു പിന്നാലെയായിരുന്നു വിരമിക്കൽ.

തൊട്ടുമുൻപ് ലോകകപ്പിൽ ജർമൻ ടീമിന്റെ പരാജയത്തിന് ഉത്തരവാദി ഓസിലാണെന്ന തരത്തിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു. താരത്തിനെതിരെ വൻ വംശീയാധിക്ഷേപവും നടന്നു. ടീം ജയിച്ചാൽ ഗ്രിൻഡലിന്റെ കണ്ണിൽ താൻ ജർമനും തോറ്റാൽ കുടിയേറ്റക്കാരനുമാണെന്നായിരുന്നു അന്ന് ഓസിൽ തുറന്നടിച്ചത്. നേരത്തെ, ഉയിഗൂറുകൾക്കെതിരായ ചൈനീസ് ഭരണകൂട പീഡനത്തിനെതിരെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനൊപ്പം ഫോട്ടോക്ക് പോസ് ചെയ്തതും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

2014ൽ ജർമനിയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ഓസിൽ. മുൻ ആഴ്‌സനൽ മധ്യനിരക്കാരനായ താരം നിലവിൽ തുർക്കി പ്രൊഫഷനൽ ക്ലബായ ഇസ്താംബൂൾ ബഷാക്‌ഷെഹീറിനു വേണ്ടിയാണ് കളിക്കുന്നത്.

Summary: 'Thanks for the great hospitality and the perfect organization–it's always a pleasure to be here. Insha'Allah we see us soon again', Mesut Ozil praises Qatar in FIFA World Cup hosting

TAGS :

Next Story