Quantcast

'പാസുകൾ കൊണ്ട് സമ്പന്നർ, ഗോളുകളിൽ ദരിദ്രർ': സ്‌പെയിൻ ഖത്തർ വിടുമ്പോൾ...

പുതിയ തലമുറയിലേക്ക് ടീമിന്റെ കടിഞ്ഞാൺ എത്തിയത് മാത്രമാണ് ഖത്തർ ലോകകപ്പിൽ സ്പെയിനിന് ആശ്വസിക്കാനുള്ളത്

MediaOne Logo

Web Desk

  • Published:

    7 Dec 2022 2:17 AM GMT

പാസുകൾ കൊണ്ട് സമ്പന്നർ, ഗോളുകളിൽ ദരിദ്രർ:  സ്‌പെയിൻ ഖത്തർ വിടുമ്പോൾ...
X

ദോഹ: ലോകകപ്പിൽ വമ്പൻ തുടക്കം കിട്ടിയിട്ടും മുതലെടുക്കാനാകാതെയാണ് സ്പെയിൻ മടങ്ങുന്നത്. ടിക്കി ടാക്ക ശൈലിയുടെ ന്യൂനതകൾ സ്പെയിന്റെ പ്രകടനത്തെ സാരമായി ബാധിച്ചു. പുതിയ തലമുറയിലേക്ക് ടീമിന്റെ കടിഞ്ഞാൺ എത്തിയത് മാത്രമാണ് ഖത്തർ ലോകകപ്പിൽ അവർക്ക് ആശ്വസിക്കാനുള്ളത്.

ലൂയിസ് എൻറികെയെന്ന തന്ത്രശാലിയായ പരീശിലകന്റെ കീഴിൽ അറബ് നാട്ടിൽ നിന്ന് കിരീടം ഉയർത്താൻ ആണ് കാളക്കൂറ്റന്മാർ വിമാനമിറങ്ങിയത്. ബുസ്കറ്റ്സ് എന്ന പരിചയസമ്പന്നനായ എഞ്ചിൻ. ചുറ്റും യുവത്വം തുളുമ്പുന്ന പ്രതിഭാശാലികളായ താരങ്ങൾ. കളിക്കളത്തിൽ രുചികരമായ സ്പാനിഷ് മസാലയുണ്ടാക്കാൻ ആവശ്യമായ ചേരുവകൾ ഉണ്ടെന്ന് സ്പെയിൻ ആദ്യ മത്സരത്തിൽ എല്ലാവരേയും തോന്നിപ്പിച്ചു. എൻറികയുടെ ശിഷ്യന്മാർ കോസ്റ്റാറിക്കൻ വല നിറച്ചു.(7-0). അവിടെ തീര്‍ന്നു സ്പെയിന്‍.

രണ്ടാം പോരിൽ ജർമനി. ആദ്യം ഗോളടിച്ചതും മികച്ചു നിന്നതും സ്പെയിനാണ്. എങ്കിലും സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഗ്രൂപ്പിലെ അവസാന കളിയിൽ ജപ്പാനെതിരെ സ്പെയിനിന്റെ ന്യൂനത വ്യക്തമായി. പാസുകൾ കൊണ്ട് കളം നിറഞ്ഞ് കളിക്കുമ്പോഴും ഗോളടിക്കാൻ ആകുന്നില്ല. ജപ്പാൻ സ്പെയിനെ വീഴ്ത്തി. പാസുകള്‍ കൊണ്ട് സമ്പന്നമെങ്കിലും ഗോളുകള്‍കൊണ്ട് ദരിദ്രര്‍.

പ്രീക്വാർട്ടറിലും ഇതുതന്നെ കഥ. ഏറിയ സമയവും പന്ത് മൊറോക്കൻ ബോക്സിന് അടുത്തായിരുന്നു. എന്നാൽ ഒറ്റഷോട്ട് മാത്രമാണ് പോസ്റ്റിന് നേർക്ക് പായിക്കാൻ ആയത്. ഷൂട്ടൗട്ട്‌ പോരിൽ വീണ് അപ്രതീക്ഷിതമായ മടക്കം. സ്ട്രൈക്കറെ ആവശ്യമില്ലാത്ത ശൈലിയാണ് ടിക്കിടാക്ക. എന്നാൽ വലയ്ക്കുള്ളിലേക്ക് പന്തെത്തിച്ചാലേ മത്സരം ജയിക്കുകയുള്ളൂവെന്ന അടിസ്ഥാന തത്വം മറക്കാനാകില്ല. വേഗത കുറഞ്ഞ ആക്രമണങ്ങളും മുന്‍ ചാമ്പ്യന്മാരുടെ വീഴ്ചയ്ക്ക് കാരണമായി. പഴകിതേഞ്ഞ ശൈലിയിൽ നിന്നും സ്പെയിന് ഇനിയെങ്കിലും പുറത്തുവരണം, എന്നാലെ അവര്‍ക്കിനി രക്ഷയുള്ളൂ.

അതേസമയം പ്രതീക്ഷ നൽകുന്ന ഒത്തിരി യുവതാരങ്ങൾ ആ കൂട്ടത്തിലുണ്ട്. ഗാവി, പെഡ്രി, ഒൾമോ, അസെൻസിയോ, അൻസുഫാത്തി, എറിക് ഗാർസിയ തുടങ്ങിയ താരങ്ങൾ വളരെ ചെറുപ്പമാണ്. ഇവരെ ഉപയോഗപ്പെടുത്തി പുതിയ തന്ത്രങ്ങളൊരുക്കി പ്രതാപകാലത്തേക്ക് തിരിച്ചുവരുകയാകും സ്പെയിന്റെ ലക്ഷ്യം.

TAGS :

Next Story