Quantcast

'ലജ്ജാകരം', 'മഹത്തായ നിമിഷത്തെ നശിപ്പിച്ചു'; മെസ്സിയെ 'ബിഷ്ത്' പുതപ്പിച്ചതിനെതിരെ ബ്രിട്ടീഷ് മാധ്യമങ്ങൾ

ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന പരിപാടികൾ 'ബഹിഷ്‌ക്കരിച്ച' ബി.ബി.സി സമാപന ചടങ്ങുകളും തത്സമയം സംപ്രേഷണം ചെയ്തിരുന്നില്ല

MediaOne Logo

Web Desk

  • Updated:

    2022-12-19 12:39:33.0

Published:

19 Dec 2022 12:28 PM GMT

ലജ്ജാകരം, മഹത്തായ നിമിഷത്തെ നശിപ്പിച്ചു; മെസ്സിയെ ബിഷ്ത് പുതപ്പിച്ചതിനെതിരെ ബ്രിട്ടീഷ് മാധ്യമങ്ങൾ
X

ദോഹ: ലോകകിരീടം ഏറ്റുവാങ്ങുന്നതിനുമുൻപ് അർജന്റീന താരം ലയണൽ മെസ്സിയെ അറേബ്യൻ പരമ്പരാഗത വസ്ത്രമായ 'ബിഷ്ത്' ധരിപ്പിച്ചതിൽ വിമർശനവുമായി യൂറോപ്യൻ മാധ്യമങ്ങൾ. ലജ്ജാകരമെന്നാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നടപടിയെ ബി.ബി.സിയിൽ തത്സമയ സംപ്രേഷണത്തിനിടെ ബി.ബി.സി അവതാരകർ വിശേഷിപ്പിച്ചത്. മഹത്തായൊരു നിമിഷത്തെ നശിപ്പിച്ച നടപടിയെന്ന തലക്കെട്ടോടെ ടെലഗ്രാഫ് പ്രത്യേക റിപ്പോർട്ടും പ്രസിദ്ധീകരിച്ചു. യൂറോപ്പിൽനിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകരും വലിയ വിമർശനമാണ് നടത്തിയത്.

ഇതൊരു മാന്ത്രിക നിമിഷമാണ്, ഈ സമയത്ത് മെസ്സിയെ, അദ്ദേഹത്തിന്റെ അർജൻീന കുപ്പായത്തെ മറച്ചുവച്ചത് ലജ്ജാകരമാണെന്നാണ് പ്രമുഖ സ്‌പോർട്‌സ് ജേണലിസ്റ്റും മുൻ ബാഴ്‌സലോണ താരവുമായ ഗാരി ലിനേക്കർ പ്രതികരിച്ചത്. ബി.ബി.സിയിൽ സമ്മാനദാന ചടങ്ങിന്റെ തത്സമയ സംപ്രേഷണം നടത്തുന്നതിനിടെയായിരുന്നു പരാമർശം. ഒപ്പമുണ്ടായിരുന്ന മുൻ അർജന്റീന താരം പാബ്ലോ സബലേറ്റ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഒടുവിൽ മെസ്സി ബിഷ്ത് അഴിച്ചുവച്ചതോടെ അദ്ദേഹം ആ ചെറിയ കുപ്പായം ഊരിക്കളഞ്ഞിരിക്കുന്നുവെന്നും ലിനേക്കർ കൂട്ടിച്ചേർത്തു.

ഫൈനലിനു തൊട്ടുമുൻപുള്ള കലാശപ്പരിപാടികൾ ബി.ബി.സി തത്സമയം സംപ്രേഷണം ചെയ്തിരുന്നില്ല. ഉദ്ഘാടന പരിപാടികളും പ്രധാന ചാനലായ 'ബി.ബി.സി വണി'ൽ നൽകാതെ ബഹിഷ്‌ക്കരിച്ചിരുന്നു. പകരം ഐപ്ലെയറിലും വെബ്‌സൈറ്റിലുമാണ് നൽകിയത്. ഇതിനെതിരെ വൻ വിമർശമുയർന്നിരുന്നു. ഖത്തറിനെ അപമാനിക്കുകയാണ് ബി.ബി.സി ചെയ്തതെന്നാണ് പ്രമുഖ സ്‌പോർട്‌സ് ജേണലിസ്റ്റായ പിയേഴ്‌സ് മോർഗൻ പ്രതികരിച്ചത്.

ടെലഗ്രാഫും ഗാർഡിയനും ബ്രിട്ടീഷ് ജേണലിസ്റ്റുകളും

അമീർ വസ്ത്രം പുതപ്പിക്കുമ്പോൾ മെസ്സി ആശയക്കുഴപ്പത്തിലായിരുന്നുവെന്നാണ് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തത്. കോടിക്കണക്കിനു മനുഷ്യർ കണ്ടുകൊണ്ടിരിക്കെ മെസ്സി കപ്പുയർത്തുമ്പോൾ അദ്ദേഹത്തിന്റെ അർജന്റീന കുപ്പായം ഭാഗികമായി മറക്കപ്പെട്ട നിലയിലായിരുന്നു. പിന്നാലെ ബിഷ്ത് മെസ്സി അഴിച്ചിടുകയും ചെയ്‌തെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഖത്തറിന്റെ 220 ബില്യൻ ഡോളർ നിക്ഷേപത്തിനുള്ള തിരിച്ചടവായിരുന്നു ഖത്തർ അമീർ ശൈഖ് തമീമിന്റെ നടപടിയെന്നാണ് 'ദ ഗാർഡിയൻ' പ്രത്യേക റിപ്പോർട്ടിൽ വിശേഷിപ്പിച്ചത്. മെസ്സിയുടെ അർജന്റീന കുപ്പായത്തെ മറച്ചുകൊണ്ടുള്ള ആ നടപടി ഈ ലോകകപ്പ് ആരുടെയാണെന്ന് ഓർമിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അറബ് മേഖലയിൽ ഇതിനു പ്രശംസ ലഭിക്കുമ്പോൾ പടിഞ്ഞാറിൽ വൻ വിമർശനമാണെന്നും ഗാർഡിയൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

'ഒരു കിരീടം ഉയർത്താനുള്ള എക്കാലത്തെയും നീണ്ട കാത്തിരിപ്പായിരുന്നു. അത് നശിപ്പിക്കാൻ അവർ പരമാവധി നോക്കി. എന്തിനാണ് മെസ്സിയെ അതുകൊണ്ട് പൊതിഞ്ഞത്? പരിഹാസ്യം. ഇപ്പോൾ അദ്ദേഹം അത് ഊരിയിട്ടതിൽ സന്തോഷം.'-ബ്രിട്ടീഷ് സ്‌പോർട്‌സ് ജേണലിസ്റ്റായ ജെയിംസ് പിയേഴ്‌സ് ട്വീറ്റ് ചെയ്തു.

ലോകകപ്പ് ട്രോഫി വിതരണ ചിത്രങ്ങളിൽ തങ്ങളുണ്ടാകണമെന്നുണ്ടായിരുന്നു ഖത്തറിന്. അതിനാണ് അവർ മെസ്സിയെ ബിഷ്ത് പുതപ്പിച്ചത്. നീലയും വെള്ളയും നിറഞ്ഞ കടലിനിടയിൽ അത് അനാവശ്യവും വിചിത്രവുമായ നടപടിയായിപ്പോയെന്നാണ് ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ ലൗറി വൈറ്റ്‌വെൽ ട്വീറ്റ് ചെയ്തത്.

സ്വർണഖനിക്കകത്തെ വിചിത്രമായ ദൃശ്യങ്ങളെന്നാണ് 'ഗാർഡിയനി'ലെ ബാർനി റോണേ ബിഷ്ത് ധരിപ്പിച്ചതിനെ വിശേഷിപ്പിച്ചത്. ആ വസ്ത്രം ധരിപ്പിച്ചത് ക്രൂരമായെന്ന് 'ഇൻസൈഡ'റിലെ വിൽ മാർട്ടിൻ കുറിച്ചു. ഈ ലോകകപ്പിൽ എല്ലാം പിഴച്ചിരുന്നുവെന്ന് ഉപസംഹരിക്കുകയാണ് ആ ദൃശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്ഘാടനം ബഹിഷ്‌ക്കരിച്ച ബി.ബി.സി

ലോകം മൊത്തം കണ്ണുമിഴിച്ചു നോക്കിനിന്ന ഫുട്ബോൾ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യാതെ ബഹിഷ്‌ക്കരിച്ചിരുന്നു ബി.ബി.സി. ഖത്തറിലെ അൽഖോറിലുള്ള അൽബെയ്ത് സ്റ്റേഡിയത്തിൽ നടന്ന കണ്ണഞ്ചിപ്പിക്കുന്ന ഉദ്ഘാടനക്കാഴ്ചകളാണ് പ്രധാന ചാനലായ 'ബി.ബി.സി വണി'ൽ തത്സമയം സംപ്രേഷണം നൽകാതിരുന്നത്. ചരിത്രത്തിലാദ്യമായാണ് ബി.ബി.സി ലോകകപ്പ് ഉദ്ഘാടന ചടങ്ങ് സംപ്രേഷണം ചെയ്യാതിരിക്കുന്നത്.

ഈ സമയത്ത് ക്ലബ് മത്സരം സംപ്രേഷണം ചെയ്യുകയാണ് ചാനൽ ചെയ്തത്. പിന്നീട് ഫിഫയ്ക്കെതിരെ അഴിമതിയും ഖത്തറിനെതിരെ തൊഴിൽ പീഡനവും ലിംഗന്യൂനപക്ഷ വിരുദ്ധതയും ആരോപിച്ചുകൊണ്ടുള്ള ചർച്ചയും പുറത്തുവിട്ടു. ബി.ബി.സിയുടെ നടപടിയിൽ വൻ പ്രതിഷേധവും വിമർശനവുമാണ് ഉയരുന്നത്.

ഉദ്ഘാടന പരിപാടിക്കും മിനിറ്റുകൾക്കുമുൻപ് അവസാനിച്ച വനിതാ സൂപ്പർ ലീഗിലെ ചെൽസി-ടോട്ടനം മത്സരമാണ് ഈ സമയത്ത് ബി.ബി.സി വണിൽ സംപ്രേഷണം ചെയ്തത്. കായികരംഗത്തെ സ്വവർഗ വിരുദ്ധതയ്ക്കെതിരെ 1982ൽ മുൻ ഒളിംപ്യന്മാർ ചേർന്ന് സംഘടിപ്പിച്ച 'ഗേ ഗെയിംസ്' ഇതേസമയത്ത് തന്നെ ബി.ബി.സി സോഷ്യൽ മീഡിയ ഹാൻഡിലുകളിലും പങ്കുവച്ചു.

പിന്നീട് ലോകകപ്പ് പരിപാടികൾ ആരംഭിച്ചപ്പോൾ ഖത്തറിനെതിരെ മനുഷ്യാവകാശ വിരുദ്ധത ആരോപിച്ചുകൊണ്ടുള്ള ചർച്ചയാണ് ചാനലിൽ നടന്നത്. ഗാരി ലിനേക്കർ അവതരിപ്പിച്ച പരിപാടിയിൽ മുൻ ഇംഗ്ലീഷ് നായകൻ അലെക്സ് ഷിയററും സ്പോർട്സ് അവതാരക അലെക്സ് സ്‌കോട്ടും ഖത്തറിനും ഫിഫയ്ക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. ചരിത്രത്തിലെ ഏറ്റവും വിവാദം നിറഞ്ഞ ലോകകപ്പാണിതെന്നു പറഞ്ഞുകൊണ്ടാണ് ലിനേക്കർ തുടങ്ങിയത്. ലോകകപ്പ് ലേലത്തിലെ അഴിമതി മുതൽ കുടിയേറ്റ തൊഴിലാളികളോടുള്ള പെരുമാറ്റവും സ്വവർഗാനുരാഗ വിരുദ്ധതയും അഭിപ്രായ സ്വാതന്ത്ര്യമില്ലായ്മ അടക്കമുള്ള വിഷയങ്ങൾ പാനലിസ്റ്റുകളും അവതാരകനും ഉയർത്തി.

എന്നാൽ, ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ചിട്ടില്ലെന്നാണ് ബി.ബി.സി വക്താവ് പിന്നീട് അൽജസീറോട് പ്രതികരിച്ചത്. പരിപാടിയുടെ പൂർണമായ കവറേജ് ബി.ബി.സി ഐപ്ലേയറിലും ബി.ബി.സി സ്പോർട് വെബ്സൈറ്റിലും സംപ്രേഷണം ചെയ്തിട്ടുണ്ടെന്നായിരുന്നു വിശദീകരണം. എന്നാൽ, ഉദ്ഘാടന ചടങ്ങ് നേരത്തെ നിശ്ചയിച്ച സമയത്തിൽനിന്നു മാറ്റിയെന്നും മാറ്റിയ സമയത്ത് നേരത്തെ നിശ്ചയിച്ചിരുന്ന വനിതാ സൂപ്പർ ലീഗ് മത്സരമുണ്ടായിരന്നുവെന്നും വക്താവ് വ്യക്തമാക്കി.

എന്നാൽ, ചരിത്രത്തിലാദ്യമായാണ് ബി.ബി.സി വണിൽ ലോകകപ്പ് അടക്കമുള്ള കായിക മാമാങ്കങ്ങളുടെ ഉദ്ഘാടന ചടങ്ങ് സംപ്രേഷണം ചെയ്യാതിരിക്കുന്നതെന്ന് വ്യക്തമാണ്. ഇതിനു പുറമെ ഉദ്ഘാടന സമയത്തിലെ മാറ്റം ഓഗസ്റ്റിൽ തന്നെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Summary: Western media and British journalists slam FIFA for forcing Lionel Messi into traditional arab robe 'bisht' ahead of trophy lifting

TAGS :

Next Story