2026 ലോകകപ്പ് ഫുട്ബോൾ: ക്വാർട്ടർ ഫൈനലിൽ ആര് ആരൊയൊക്കെ നേരിടും?
ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മുൻ ലോക ചാമ്പ്യൻമാരായ ഫ്രാൻസ് ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ നേരിടും

വാഷിംഗ്‌ടൺ: അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി പുരോഗമിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ പോരാട്ടങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ക്വാർട്ടർ ഫൈനൽ ചിത്രം കൂടുതൽ വ്യക്തമാകുന്നു. റൗണ്ട് ഓഫ് 16 മത്സരങ്ങളിലെ അട്ടിമറികളും ആവേശകരമായ വിജയങ്ങളും കടുത്ത ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. ജൂലൈ ഒമ്പത് മുതൽ ആരംഭിക്കുന്ന ക്വാർട്ടർ ഫൈനലിൽ ആരൊക്കെ തമ്മിലാണ് കൊമ്പുകോർക്കുക എന്ന് പരിശോധിക്കാം.
ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മുൻ ലോക ചാമ്പ്യൻമാരായ ഫ്രാൻസ് ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ നേരിടും. പ്രീ-ക്വാർട്ടറിൽ പരാഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ഫ്രാൻസ് എത്തിയത്. കാനഡയെ 3-0ന് തകർത്തെത്തിയ മൊറോക്കോ ഫ്രാൻസിന് കടുത്ത വെല്ലുവിളിയാകും ഉയർത്തുക. ജൂലൈ ഒമ്പതിന് ഫോക്സ്ബറോയിലാണ് ഈ മത്സരം.
ടൂർണമെന്റിലെ ഏറ്റവും വലിയ അട്ടിമറിയിലൂടെ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) പുറത്താക്കിയ നോർവേയും ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ചിട്ടുണ്ട്. ജൂലൈ 11ന് മിയാമിയിൽ നടക്കുന്ന മത്സരത്തിൽ നോർവേ ഇംഗ്ലണ്ടിനെ നേരിടും. മെക്സിക്കോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. റെഡ് കാർഡ് ലഭിച്ച് പത്ത് പേരായി ചുരുങ്ങിയെങ്കിലും ഇംഗ്ലീഷ് പട പിടിച്ചുനിന്നു.
മറ്റ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ചിത്രം നാളെയോടെ പൂർണമാകും. ജൂലൈ 10ന് ലോസ് ആഞ്ചലസിൽ നടക്കുന്ന മത്സത്തിൽ പോർച്ചുഗൽ - സ്പെയിൻ മത്സരത്തിലെ വിജയികൾ അമേരിക്ക - ബെൽജിയം പോരാട്ടത്തിലെ വിജയികളെ നേരിടും. ജൂലൈ 12ന് നടക്കുന്ന അവസാന ക്വാർട്ടർ ഫൈനലിൽ അർജന്റീന - ഈജിപ്ത് മത്സരത്തിലെ വിജയികളും സ്വിറ്റ്സർലൻഡ് - കൊളംബിയ മത്സരത്തിലെ വിജയികളും തമ്മിലാണ് പോരാട്ടം. ജൂലൈ 14, 15 തീയതികളിലാണ് ലോകകപ്പിന്റെ സെമിഫൈനൽ മത്സരങ്ങൾ നടക്കുക.
Adjust Story Font
16

