Quantcast

ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള നടപടി പിഴയിൽ തീരുമോ? പുതിയ അന്വേഷണം തുടങ്ങി, നിയമം പറയുന്നത് എന്ത് ?

വർഷങ്ങൾക്ക് മുമ്പ് സമാനമായ അവസ്ഥയിലൂടെ എഫ്.സി ഗോവ കടന്നുപോയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-08 12:53:32.0

Published:

8 March 2023 12:11 PM GMT

kerala blasters, ban, isl,
X

കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലിലെ വിവാദ ഗോളിന് പിന്നാലെ മത്സരം പൂർത്തിയാക്കാതെ കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ എന്ത് നടപടി വരുമെന്നാണ് ഇനി അറിയാനുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതി തള്ളിയതിന് പിന്നാലെ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് കളം വിട്ടതിനെ കുറിച്ച് പുതിയ കമ്മിറ്റി അന്വേഷിക്കും. ബ്ലാസ്റ്റേഴ്‌സിനെതിരെ എന്ത് അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് അവർ തീരുമാനിക്കും.ലീഗ് നിയമപ്രകാരം റഫറിയുടെ തീരുമാനം അന്തിമമാണ്. ഇതിനെതിരെ പ്രതിഷേധിക്കാൻ കളിക്കാരെ അനുവദിക്കില്ല. വാക്കൗട്ട് നടത്തിയ ബ്ലാസ്റ്റേഴ്‌സിനെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന.

എഐഎഫ്എഫ് അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 58 പ്രകാരമായിരിക്കും ബ്ലാസ്റ്റേഴ്‌സിനെതിരായ നടപടി. ബ്ലാസ്റ്റേഴ്സിന് 6 ലക്ഷം രൂപ വരെ പിഴ നൽകേണ്ടി വന്നേക്കും അല്ലെങ്കിൽ ലീഗിൽ നിന്ന് ഒരു സീസണിലെ വിലക്ക് നേരിടേണ്ടിവരും. മുമ്പ് നിശ്ചയിച്ച മത്സരത്തിൽ നിന്ന് ടീം പിന്മാറുകയോ പുരോഗമിക്കുന്ന മത്സരത്തിൽ നിന്ന് പിന്മാറുകയോ ചെയ്യുന്നത് കുറ്റകരമാണെന്ന് അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 58.1 പറയുന്നു. ഈ കുറ്റത്തിന് 6 ലക്ഷം രൂപ വരെ പിഴയും മത്സരത്തിൽ നിന്ന് വിലക്കുകയും ചെയ്യാം. പ്രതിഷേധത്തിന്റെ ഗൗരവം കണക്കിലെടുത്ത് പുതിയ കമ്മിറ്റി നടപടി പ്രഖ്യാപിക്കും.

ഗുരുതരമായ അച്ചടക്ക ലംഘനം ഉണ്ടായതായി കണ്ടെത്തിയാൽ ആർട്ടിക്കിൾ 58.2 പ്രകാരം നടപടിയെടുക്കാം. മത്സരത്തിൽ നിന്നുള്ള വിലക്കും 6 ലക്ഷം രൂപ വരെ പിഴയും ഈ നിയമത്തിൽ പരാമർശിക്കുന്നു. ടൂർണമെന്റിൽ നിന്ന് ഒരു ടീമിനെ വിലക്കുന്നതിന് ഇത് മതിയായ കുറ്റമാണെന്നും ആർട്ടിക്കിൾ 58.2 പറയുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സിനെ അടുത്ത സീസണിൽ വിലക്കാനുള്ള സാധ്യതയില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇനി എഐഎഫ്എഫ് പ്രഖ്യാപിച്ച പുതിയ കമ്മിറ്റിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി.

മത്സരത്തിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് ഉന്നയിച്ച എല്ലാ പരാതികളും ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനെതിരെ അപ്പീൽ ക്ലബ്ബ് നൽകിയിട്ടുമില്ല രണ്ടാം തവണയും മത്സരം നടത്തണമെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ആവശ്യം. മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റൽ ജോണിനെതിരെ ശക്തമായ അച്ചടക്ക നടപടി വേണമെന്നും ക്ലബ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, വർഷങ്ങൾക്ക് മുമ്പ് സമാനമായ അവസ്ഥയിലൂടെ എഫ്.സി ഗോവ കടന്നുപോയിരുന്നു. 2015ലെ ഫൈനലിൽ ചെന്നൈയിനോട് തോറ്റ ഗോവ, സമ്മാനദാനചടങ്ങിൽ പങ്കെടുക്കാതെ കളംവിടുകയായിരുന്നു. തുടർന്നായിരുന്നു ഫുട്ബോൾ ഫെഡറേഷൻ എഫ്.സി ഗോവക്കെതിരെ അച്ചടക്ക വാളെടുത്തത്. കനത്ത പിഴയാണ് അന്ന് എഫ്.സി ഗോവക്കെതിരെ ചുമത്തിയിരുന്നത്. പതിനൊന്ന് കോടിക്ക് പുറമെ ക്ലബ്ബ് ഉടമകൾക്ക് ഏതാനും സീസണിൽ വിലക്കും ഏർപ്പെടുത്തി. എ.ഐ.എഫ്.എഫ് 50 ലക്ഷവും ഐ.എസ്.എൽ അധികൃതർ പതിനൊന്ന് കോടിയുമാണ് പിഴയിട്ടത്.

TAGS :

Next Story