വിദേശ താരങ്ങൾക്ക് പിന്നാലെ സ്വദേശ താരങ്ങളും; ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശരാക്കി അയ്മനും അസ്ഹറും ക്ലബ്ബ് വിട്ടു
കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ അക്കാദമിയിലൂടെ വളർന്നുവന്ന ഇരട്ട സഹോദരങ്ങളാണ് അയ്മനും അസ്ഹറും

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ നാടകീയതകൾ തുടരുന്നു. ഇതിനകം തന്നെ എല്ലാ വിദേശ താരങ്ങളും ക്ലബ് വിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് അടുത്ത തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരങ്ങളും സഹോദരങ്ങളുമായ മുഹമ്മദ് അസ്ഹറും മുഹമ്മദ് അയ്മനും ക്ലബ്ബ് വിട്ടു. ഐഎസ്എൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഈ പടിയിറക്കം.
കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ അക്കാദമിയിലൂടെ വളർന്നുവന്ന ഇരട്ട സഹോദരങ്ങളാണ് അയ്മനും അസ്ഹറും. പരസ്പര ധാരണയോടെയാണ് താരങ്ങളെ റിലീസ് ചെയ്യാൻ ക്ലബ് തീരുമാനിച്ചത്. കരിയറിൽ കൂടുതൽ അവസരങ്ങൾ തേടിയും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുമാണ് ഈ യുവതാരങ്ങൾ ക്ലബ്ബ് വിടുന്നത്. താരങ്ങളുടെ വളർച്ചയിൽ അഭിമാനമുണ്ടെന്നും അവരുടെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നതായും ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
അഡ്രിയാൻ ലൂണ, നോഹ സദോയി, ടിയാഗോ ആൽവസ്, യുവാൻ റോഡ്രിഗസ് എന്നിവർ ഉൾപ്പെടെയുള്ള വിദേശ താരങ്ങൾ ക്ലബ് വിട്ടത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്. ഇതിന് പിന്നാലെ സ്വദേശ താരങ്ങളും ക്ലബ് വിടുന്നത് ആരാധകരെ നിരാശരാക്കുന്നു. മുന്നേറ്റ നിരയിലെ വിദേശ താരങ്ങളുടെ കൊഴിഞ്ഞ് പോക്ക് ഇത്തവണ മത്സരങ്ങളുടെ ആവേശം കുറയ്ക്കുമോ എന്നും ആരാധകർ ആശങ്കപ്പെടുന്നു.
Adjust Story Font
16

