മാലാഖയുടെ മഴവില്ല്; എയ്ഞ്ചൽ ഡി മരിയയുടെ ഹാട്രിക് മികവിൽ യുവൻറസിന് വിജയം
മത്സരത്തിലെ വിജയത്തോടെ യുവൻറസ് യൂറോപ്പ ലീഗ് പ്രീക്വാർട്ടറിലെത്തി

Angel Di Maria
യൂറോപ്പ ലീഗിൽ തകർപ്പൻ പ്രകടനവുമായി യുവൻറസിന്റെ അർജൻറീനൻ താരം എയ്ഞ്ചൽ ഡി മരിയ. മഴവിൽ ഗോളടക്കം ഹാട്രിക് നേടിയാണ് താരം നാൻറസിനെതിരെയുള്ള മത്സരത്തിൽ മിന്നിത്തിളങ്ങിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് യുവൻറസ് വിജയിച്ചു. അഞ്ച്, 20, 78 മിനുട്ടുകളിൽ താരം എതിർവല കുലുക്കി.
അഞ്ചാം മിനുട്ടിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ മഴവിൽ ഗോൾ പിറന്നത്. എതിർടീമിൽ നിന്ന് നിക്കോളോ ഫാഗിയോളി പന്ത് പിടിച്ചെടുത്ത് ഡി മരിയക്ക് നൽകുകയായിരുന്നു. പന്ത് ഇടങ്കാലിലെത്തിയതും മഴവില്ല് പോലെ പാഞ്ഞ പന്ത് എതിർവല കുലുക്കി. മത്സരത്തിലെ വിജയത്തോടെ യുവൻറസ് യൂറോപ്പ ലീഗ് പ്രീക്വാർട്ടറിലെത്തി.
അതേസമയം, ബാഴ്‌സലോണയെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പാ ലീഗ് പ്രീക്വാർട്ടറിലെത്തിയിരിക്കുകയാണ്. ബാഴ്സലോണയെ 2-1ന് പരാജയപ്പെടുത്തിയാണ് യുണൈറ്റഡിന്റെ പ്രീക്വാർട്ടർ പ്രവേശനം. ആദ്യ പാദത്തിൽ ബാഴ്സയുടെ തട്ടകത്തിൽ 2-2ന് സമനില പിടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പാദത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിട്ടിരുന്നില്ല. ഓൾഡ് ട്രാഫോഡിൽ സ്വന്തം കാണികൾക്ക് മുന്നിൽ ചുവന്ന ചെകുത്താന്മാർ ജയം പിടിച്ചെടുത്തു. മത്സരത്തിൽ ആദ്യം ലീഡെടുത്തത് ബാഴ്സയായിരുന്നു. 18ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് റോബർട്ട് ലെവൻഡോവ്സ്‌കിയാണ് കറ്റാലൻ സംഘത്തിനെ മുന്നിലെത്തിച്ചത്.
എന്നാൽ രണ്ടാം പകുതിയിൽ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് വരുത്തിയ നിർണായക മാറ്റങ്ങൾ ബാഴ്സയ്ക്ക് തിരിച്ചടിയായി. ഫ്രെഡ്, ആന്റണി എന്നിവർ രണ്ടാം പകുതിയിൽ യുണൈറ്റഡിനായി വല കുലുക്കി.
ഇതോടെ ഇരുപാദങ്ങളിലുമായി ബാഴ്സയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് യുണൈറ്റഡ് വീഴ്ത്തിയത്. മറ്റ് മത്സരങ്ങളിൽ വിജയിച്ച് ബയേർ ലെവർക്യൂസൻ, എഎസ് റോമ തുടങ്ങിയ ടീമുകളും യൂറോപ്പാ ലിഗ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്.
Angel Di Maria scored a hat-trick against Nantes and Juventus won
Adjust Story Font
16

