Quantcast

ശൂന്യതയിൽ നിന്ന് ആ ഗോൾ... മാറക്കാന മരവിച്ച നിമിഷം

കളിയുടെ ഭാവത്തിൽ താളഭംഗമുണ്ടാക്കി റോഡ്രിഗോ ഡിപോളും എയ്ഞ്ചൽ ഡിമരിയയും ചേർന്ന് അങ്ങനെയൊരു നീക്കം നടത്തുമെന്നുള്ള ചിന്ത മാസ്റ്റർ ടാക്ടീഷ്യനായ ബ്രസീൽ കോച്ച് ടിറ്റെയുടെ ബുദ്ധിയിൽ തെളിഞ്ഞതു പോലുമില്ല.

MediaOne Logo

മുഹമ്മദ് ഷാഫി

  • Updated:

    2021-07-11 10:49:34.0

Published:

11 July 2021 3:55 AM GMT

ശൂന്യതയിൽ നിന്ന് ആ ഗോൾ... മാറക്കാന മരവിച്ച നിമിഷം
X

|വിഖ്യാതമായ മാറക്കാന സ്‌റ്റേഡിയത്തിൽ ബ്രസീലിന്റെ നെഞ്ചകം പിളർന്ന് എയ്ഞ്ചൽ ഡി മരിയ നേടിയ ആ ഗോൾ... അർജന്റീന കോച്ച് ലയണൽ സ്‌കലോനി ഫൈനലിന് എന്താണ് കരുതിവെച്ചിരുന്നത് എന്നതിനുള്ള വ്യക്തമായ ഉത്തരമുണ്ടായിരുന്നു അതിൽ. ഇരുടീമുകളും പരസ്പരം ബഹുമാനിച്ച് കരുതിക്കളിക്കുന്നതിനിടയിൽ, ലയണൽ മെസ്സി തങ്ങളുടെ വരുതിയിൽ തന്നെയുണ്ടെന്ന് ബ്രസീൽ പ്രതിരോധം ആശ്വസിച്ചിരുന്ന ഘട്ടത്തിൽ ഒരു ട്രെയിനിങ് ഗ്രൗണ്ട് മൂവിന്റെ കൃത്യതയോടെയാണ് ആ ഗോൾ അർജന്റീന ആസൂത്രണം ചെയ്തു നടപ്പാക്കിയത്. 22-ാം മിനുട്ടിൽ, കളിയുടെ ഭാവത്തിൽ താളഭംഗമുണ്ടാക്കി റോഡ്രിഗോ ഡിപോളും എയ്ഞ്ചൽ ഡിമരിയയും ചേർന്ന് അങ്ങനെയൊരു നീക്കം നടത്തുമെന്നുള്ള ചിന്ത മാസ്റ്റർ ടാക്ടീഷ്യനായ ബ്രസീൽ കോച്ച് ടിറ്റെയുടെ ബുദ്ധിയിൽ തെളിഞ്ഞതു പോലുമില്ല.

പതിവിനു വിപരീതമായി ആദ്യ ഇലവനിൽ ഡി മരിയയെ ഉൾപ്പെടുത്താനുള്ള ലയണൽ സ്‌കലോനിയുടെ തീരുമാനം അർജന്റീന ആരാധകരടക്കം പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. 4-3-3 ഫോർമേഷനിൽ വലതുഭാഗത്ത് സ്വതസിദ്ധമായ ശൈലിയിൽ കളിക്കുന്ന ലയണൽ മെസ്സിയുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന ഒരു നീക്കമായിട്ടാണ് അത് വായിക്കപ്പെട്ടത്. പന്തിനുമേൽ സമയമെടുത്തും മൈതാനത്തിന്റെ വിശാലത ഉപയോഗപ്പെടുത്തിയുമുള്ള ഡിമരിയയുടെ നീക്കങ്ങൾ കരുത്തുറ്റ ബ്രസീലിയൻ പ്രതിരോധത്തിന് തലവേദനയാകുമെന്നും മെസ്സിയെ പൂട്ടിയാൽ തുറക്കുന്ന വാതിലായിരിക്കും അതെന്നുമാകണം സ്‌കലോനി കണക്കുകൂട്ടിയത്. ടിറ്റെയ്ക്കു മുകളിൽ അർജന്റീനാ കോച്ച് നേടിയ ടാക്ടിക്കൽ മേൽക്കൈ തന്നെയായിരുന്നു അതെന്ന് നിർണായകമായ ആ ഗോൾ തെളിയിച്ചു.

നിനച്ചിരിക്കാതെ ആ നീക്കം

റഫറിയുടെ വാച്ചിൽ 21-ാം മിനുട്ട് പിന്നിട്ട് മൂന്ന് സെക്കന്റ് പിന്നിടുമ്പോൾ അർജന്റീനയുടെ ഗോൾ ഏരിയയ്ക്കു പുറത്ത് റോഡ്രിഗോ ഡി പോൾ പന്തുമായി നിൽക്കുന്നു. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും ഫുൾബാക്കുമാരായ നിക്കോളാസ് ഒറ്റമെൻഡിയും ക്രിസ്റ്റിയൻ റൊമേറോയും മാത്രമാണ് പിന്നിലുള്ളത്. ഇരുടീമുകളിലുമായി പതിനെട്ടു കളിക്കാർ ഡിപോളിനു മുന്നിലാണ്. അങ്ങേ തലയ്ക്കൽ നെയ്മർ ഒറ്റയ്ക്കു നിൽക്കുന്നു. മധ്യവരയ്ക്കു തൊട്ടുമുന്നിലായി അഞ്ച് ബ്രസീലിയൻ താരങ്ങൾ. മഞ്ഞപ്പടയുടെ പ്രതിരോധമാകട്ടെ, ഒരു വര വരച്ചു നിർത്തിയതെന്ന പോലെ കൃത്യമായി അച്ചടക്കം പാലിച്ചു നിൽക്കുകയും ചെയ്യുന്നു. ഫുൾബാക്കുമാരായ തിയാഗോ സിൽവയും മാർക്വിഞ്ഞോസും ലൗത്താറോ മാർട്ടിനസിന്റെ നീക്കങ്ങൾ സാകൂതം വീക്ഷിച്ചു നിൽക്കുന്നു.


| റോഡ്രിഗോ ഡിപോൾ പന്ത് ഉയർത്തിവിടുന്നു; മെസ്സിയുടെയും കസമിറോയുടെയും പൊസിഷനുകൾ ശ്രദ്ധിക്കുക |

മാറക്കാനയിലെ അന്തരീക്ഷത്തിൽ ഒരു ഗോളിന്റെ വിദൂരമായ സാധ്യത പോലും അപ്പോഴില്ല. പക്ഷേ, ഒന്ന് രണ്ട് ടച്ചുകളുമായി ഡിപോൾ പന്തിനെ മധ്യഭാഗത്തേക്ക് നയിക്കുന്നതോടെ ചിത്രം മാറുകയാണ്. തന്റെ വലതുഭാഗത്തുള്ള മെസ്സിക്ക് ഡിപോൾ പന്ത് കൊടുക്കുമെന്നാണ് ബ്രസീൽ താരങ്ങൾ കണക്കുകൂട്ടുന്നത്. മെസ്സിയിലേക്കുള്ള ഡിസ്ട്രിബ്യൂഷൻ ചാനൽ തടസ്സപ്പെടുത്താൻ തയാറായി ഫ്രെഡ്ഡും റിച്ചാർലിസനും നിൽപ്പുണ്ട്; ബാക്ക്ട്രാക്ക് ചെയ്യാൻ തയ്യാറായി നെയ്മറും. മെസ്സിക്ക് പന്ത് കിട്ടിയാൽ സ്വീകരിക്കാൻ വേണ്ടി വലതുഭാഗത്തുകൂടി മോണ്ടിയൽ ഓടിക്കയറാൻ നോക്കുന്നു.

എന്നാൽ, കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് സെൻട്രൽ സർക്കിളിന്റെ ഒന്നര മീറ്ററകലെ വെച്ച് ഡിപോൾ പന്ത് ബ്രസീലിന്റെ ഗോൾമുഖത്തേക്ക് ഉയർത്തിവിടുകയാണ്. ബ്രസീൽ പ്രതിരോധത്തിന്റെയും ഡിമരിയയുടെയും പൊസിഷനുകൾ മനസ്സിലാക്കിയുള്ള ആ ഹൈബോളിനെ ഒരു 50-50 ശ്രമമായേ കാണാനാകുമായിരുന്നുള്ളൂ.

അതുവരെയുള്ള അർജന്റീനയുടെ കളിയിൽ കാർപ്പറ്റ് ഉപയോഗപ്പെടുത്താതെയുള്ള അത്തരം നീക്കങ്ങളുണ്ടായിട്ടില്ലെന്നതിനാൽ, ആ എയർബോളിന്റെ ടെക്‌നിക്ക് ബ്രസീലിന് പിടികിട്ടിയില്ല. കാസമിറോയ്ക്കും റിച്ചാർലിസനുമിടയിലൂടെ പറന്നുതുടങ്ങുന്ന പന്ത് നിലത്തിറങ്ങുന്നത്, ലൗത്താറോയെ വിട്ട് പിന്നോട്ടോടുന്ന സിൽവയ്ക്കും ലെഫ്റ്റ് വിങ് ബാക്ക് ലോഡിക്കുമിടയിലാണ്. പിച്ച് ചെയ്ത പന്ത് കുത്തിയുയരുമ്പോൾ ക്ലിയർ ചെയ്യാൻ ലോഡി ഒരു ശ്രമം നടത്തിനോക്കിയെങ്കിലും ഫ്‌ളൈറ്റ് കണക്കുകൂട്ടുന്നതിൽ പിഴക്കുന്നു. ലോഡിയുടെ കാലിലുരുമ്മി പന്ത് ബ്രസീലിന്റെ ഗോൾ ഗോൾമുഖത്തേക്ക്.

അതിനിടയിൽ, ഡിമരിയ സംഭവിച്ചു കഴിഞ്ഞിരുന്നു. സിൽവയുടെയും മാർക്വിഞ്ഞോസിന്റെയും ശ്രദ്ധ ലൗത്താറോയിലാണെന്നു തിരിച്ചറിഞ്ഞ അദ്ദേഹം, ഡിപോൾ പന്ത് ഉയർത്തിവിടുമ്പോൾ തന്നെ ലോഡിയുടെ വലതുഭാഗത്ത് അകലം പാലിച്ച് ഓടിത്തുടങ്ങിയിരുന്നു. കുത്തിയുയർന്ന പന്ത് ലോഡിയെ പരാജയപ്പെടുത്തി ബോക്‌സിന്റെ തൊട്ടുപുറത്തു വെച്ചാണ് ഡിമരിയയുമായി കണ്ടുമുട്ടുന്നത്. ഇടതുപാദത്തിന്റെ പുറഭാഗം കൊണ്ടുള്ള അസാമാന്യമായ ഫസ്റ്റ് ടച്ചോടെ ഡിമരിയ പന്തിനെ ബോക്‌സിനുള്ളിലേക്കു നയിച്ചു. അളന്നുതൂക്കിയാലെന്ന പോലെയുള്ള ലോകോത്തരമായ ആ ഫസ്റ്റ് ടച്ചിലാണ് പന്ത് 11-ാം നമ്പർ താരത്തിന്റെ വരുതിയിൽ നിൽക്കുന്നത്. അപ്പോൾ പിന്നെ മുന്നിലുള്ളത് ബ്രസീലിയൻ കീപ്പർ എഡേഴ്‌സൺ മാത്രം. ബോക്‌സിൽ പന്ത് വരുതിയിലുള്ള അർജന്റീനാ താരം മാർക്ക് ചെയ്യപ്പെടാതെ മുന്നോട്ടുവരുമ്പോൾ എഡേഴ്‌സണ് മുന്നിലുള്ള ഒരേയൊരു ഓപ്ഷൻ മുന്നോട്ടുകയറുക എന്നതു മാത്രമായിരുന്നു. 13 വർഷത്തെ പരിചയസമ്പത്തു മുഴുവനടങ്ങിയ ഡിമരിയയുടെ മൂന്നാമത്തെ ടച്ച് പക്ഷേ, മുന്നോട്ടുകയറിയ എഡേഴ്‌സനെ അസ്തപ്രജ്ഞനാക്കിക്കളഞ്ഞു. ഇടങ്കാൽപാദം കൊണ്ട്, നിസ്സാരമെന്ന പോലെ ഡിമരിയ തൊടുത്തുവിട്ട പന്ത് അർജന്റീനയുടെ 28വർഷത്തെ ദുഃഖഭാരം മുഴുവൻ കഴുകിക്കളഞ്ഞ് ബ്രസീലിന്റെ ഗോൾവലയിലേക്ക് പെയ്തിറങ്ങി.


| ഡി മരിയ പന്ത് സ്വീകരിക്കുമ്പോൾ സ്വതന്ത്രനായിരുന്നു. ലൗത്താറോയെ വിട്ട് പിന്നോട്ടോടാൻ സിൽവയും മാർക്വിഞ്ഞോസും വൈകി |

അലിസ്സൻ ബെക്കറിനു മുകളിൽ ടിറ്റെയുടെ വിശ്വാസ്യത നേടിയ എഡേഴ്‌സൺ ഈ ടൂർണമെന്റിൽ വഴങ്ങിയ ആദ്യഗോളായിരുന്നു അത്. മെസ്സി നേരിട്ടോ അല്ലാതെയോ പങ്കാളിയാകാതെ അർജന്റീന നേടുന്ന ആദ്യഗോളും.

ആ ഗോളിൽ ഹീറോകളും വില്ലന്മാരുമുണ്ടായിരുന്നു. പന്ത് ഉയർത്തിവിട്ട ഡിപോളും ഗോളടിച്ച ഡിമരിയയും അർജന്റീനയുടെ നായകന്മാരായപ്പോൾ അവരെ അതിന് അനുവദിച്ചവർ ബ്രസീലിന്റെ വില്ലന്മാരായി. സ്വന്തം ഹാഫിലാണെങ്കിൽ പോലും ഡി പോളിന് അത്രയധികം ടച്ചെടുക്കാനുള്ള സാവകാശം കാസമിറോ നൽകരുതായിരുന്നു. ഡി മരിയയെ റിലീസ് ചെയ്യുക മാത്രമല്ല, പന്ത് അർജന്റീനാ താരത്തിന് കിട്ടാൻ പാകത്തിൽ കാൽവെക്കുകയും ചെയ്ത ലോഡി പ്രധാന വില്ലനായി. പന്തിന്റെ സഞ്ചാരഗതി വായിച്ച് പിന്നോട്ടോടാൻ തിയാഗോ സിൽവ കാണിച്ച അമാന്തവും ആ ഗോൾ വഴങ്ങുന്നതിൽ നിർണായകമായി.

ആദ്യപകുതിയുടെ മധ്യത്തിൽ ലഭിച്ച മുൻതൂക്കം നിലനിർത്താൻ ലയണൽ സ്‌കലോനിയുടെ സംഘത്തിനറിയാമായിരുന്നു; മത്സരത്തിലുടനീളം അതു പാലിച്ച് അവർ മെസ്സിയുടെ കൈകളിൽ കോപ്പ വെച്ചുകൊടുക്കുക തന്നെ ചെയ്തു.

TAGS :

Next Story