ഒന്നാം റാങ്കുകാർ കപ്പടിക്കില്ല ; ശാപം തീർക്കുമോ അർജന്റീന?

ഒന്നാം റാങ്കുകാരായി ലോകകപ്പിന് പോകുന്നവർ കപ്പടിക്കില്ല, അങ്ങനെ ഒരു ചരിത്രം ഉണ്ട് നമ്മുടെ ഫിഫ ലോകകപ്പിന്. 1992ൽ ഫിഫ തങ്ങളുടെ പോയിന്റിങ്ങ് സിസ്റ്റം പുതുക്കിയതിനു ശേഷമാണ് ഇത്തരമൊരു വിചിത്ര ചരിത്രം ടൂർണമെന്റിന് കൈവന്നത്. അമേരിക്ക വേദിയായ 1994 ലോകകപ്പാണ് ആദ്യത്തേത്, അന്ന് ഒന്നാം റാങ്കുകാരായി കളിക്കാനിറങ്ങിയ ജർമനി ക്വാർട്ടർ ഫൈനലിൽ ബൾഗേറിയയോട് തോറ്റ് പുറത്തായി. റോബർട്ടോ ബാജിയോയുടെ വിഖ്യാതമായ പെനാൽറ്റി മിസ് പിറന്ന ആ വർഷത്തെ ഫൈനലിൽ ബ്രസീലാണ് ജേതാക്കളായാണ്.
1998ലെ ഫ്രാൻസ് വേദിയായ ലോകക്കപ്പിനെത്തുമ്പോൾ റാങ്ക് പട്ടികയിൽ ഒന്നാമതുണ്ടായിരുന്നത് ബ്രസീലായിരുന്നു. എന്നാൽ ഫൈനലിൽ ആതിഥേയർക്ക് മുന്നിൽ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽക്കാനായിരുന്നു അവരുടെ വിധി. ബ്രസീൽ കിരീടം തിരിച്ചെടുത്ത 2002ലെ ജപ്പാൻ - സൗത്ത് കൊറിയ ലോകകപ്പിന് മുമ്പ് ഒന്നാം റാങ്കിൽ ഇരുന്നത് ഫ്രാൻസായിരുന്നു, പക്ഷേ ഗ്രൂപ് ഘട്ടത്തിൽ രണ്ട് തോൽവിയും ഒരു സമനിലയും വഴങ്ങിയ അവർ നോക്ക്ഔട്ടിന് യോഗ്യത പോലും നേടാതെ പുറത്തായി.
2006ലും സ്ഥിതി അതുതന്നെ. ജർമനി ആധിധേയത്തം അരുളിയ ടൂർണമെന്റിന് ഒന്നാം റാങ്കോടെ എത്തിയ ബ്രസീൽ, ക്വാർട്ടർ ഫൈനലിൽ സിനദിൻ സിദാന് മുന്നിൽ കാലിടറി. ബ്രസീലിനെ വീഴ്ത്തി മുന്നേറിയ ഫ്രാൻസ് കലാശപ്പോരിന് ടിക്കറ്റെടുത്തെങ്കിലും, കിരീടമുയർത്തിയത് അസൂറി പടയാണ്. 2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പ് ജയിച്ചത് സ്പെയ്നിനാണ്, പക്ഷേ അന്ന് ഒന്നാം റാങ്കോടെ വന്നത് ബ്രസീലായിരുന്നു, അവർ റണ്ണർ അപ്പായ നെതർലാൻഡ്സിനോട് ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായി. 2014 ബ്രസീൽ ലോകകപ്പിന് ഒന്നാം റാങ്കോടെ പോയ സ്പെയ്നിന് സംപൂജ്യരായി ഗ്രൂപ് ഘട്ടത്തിൽ മടങ്ങാനായിരുന്നു വിധി. ജർമനി ആ വർഷം കിരീടത്തിൽ തൊട്ടു.
2018ലെ റഷ്യ ലോകകപ്പിൽ ഒന്നാം റാങ്കോടെ പോയ ജർമനി പുറത്തായതും ഗ്രൂപ് ഘട്ടത്തിലാണ്, അന്ന് ദിദിയർ ദേശാംപ്സിന്റെ ഫ്രാൻസ് ക്രൊയേഷ്യയെ വീഴ്ത്തി ജേതാക്കളായി. 2022 ലോകകപ്പിന് ഒന്നാം റാങ്കോടെ പോയ ബ്രസീൽ ക്വാർട്ടറിൽ ക്രൊയേഷ്യയോട് പെനാൽറ്റിയിൽ തോറ്റു. ലയണൽ മെസ്സിയും സംഘവുമാണ് ഖത്തറിൽ വിശ്വാകിരീടം ചൂടിയത്.
ലോകകപ്പിന് മണിക്കൂറുകൾ എണ്ണി കാത്തിരിക്കുമ്പോൾ ഫ്രാൻസിനെയും സ്പെയ്നിനെയും പിന്നിലാക്കി അർജന്റീന ഒന്നാം റാങ്കിലേക്ക് കയറിയിരിക്കുന്നു, ഇക്കുറിയും ചരിത്രം ആവർത്തിക്കുമോ അതോ അർജന്റീനിനെ തിരുത്തി കുറിക്കുമോ? കാത്തിരിക്കാം....
Adjust Story Font
16

