മെസ്സി മാർച്ചിലും കേരളത്തിലേക്കില്ല; ഖത്തറുമായി സൗഹൃദ മത്സരം ഷെഡ്യൂൾ ചെയ്ത് അർജന്റീന
സ്‌പെയിനിനെതിരായ ഫൈനലിസിമക്ക് ശേഷം മാർച്ച് 31നാണ് ഖത്തറിനെതിരെ അർജന്റീനയുടെ സൗഹൃദ മത്സരം

ദോഹ: കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്ക് വീണ്ടും നിരാശ. മാർച്ചിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീനൻ ടീം കേരളത്തിലേക്ക് വരാനുള്ള സാധ്യത മങ്ങുന്നു. മാർച്ചിൽ സ്‌പെയിനുമായി നടക്കുന്ന ഫൈനലിസിമക്ക് ശേഷം ഖത്തറുമായി സൗഹൃദ മത്സരം അർജന്റീന ഷെഡ്യൂൾ ചെയ്തതോടെയാണ് സാധ്യതകൾ അടഞ്ഞത്. മാർച്ച് 27ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ സ്‌പെയിനുമായി ഫൈനലിസിമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യൂറോ ചാമ്പ്യൻമാരും കോപ അമേരിക്ക ജേതാക്കളും നേർക്കുനേർ വരുന്ന പോരാട്ടത്തിന് ശേഷം മാർച്ച് വിൻഡോയുടെ അവസാനം കേരളത്തിലേക്ക് വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ ജൂണിൽ നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി മാർച്ച് 31ന് ഖത്തറിനെതിരെ ലുസൈൽ സ്റ്റേഡിയത്തിൽ മറ്റൊരു മത്സരം കളിക്കാനാണ് മെസ്സിയും സംഘവും തയാറെടുക്കുന്നത്. ഇതോടെയാണ് മാർച്ച് വിൻഡോയിൽ സംസ്ഥാനത്തേക്ക് വരുന്നത് അടഞ്ഞ അധ്യായമായി മാറിയത്. മാർച്ച് 23 മുതൽ 31 വരെ ഒൻപത് ദിവസമാണ് ഫിഫ വിൻഡോയുള്ളത്.
നേരത്തെ നവംബറിൽ മെസ്സിയുടെ കേരള സന്ദർശനം മുടങ്ങിയതോടെ മാർച്ചിൽ എത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ പ്രഖ്യാപിച്ചിരുന്നു. അർജന്റീനൻ ടീമിന്റെ മെയിൽ ലഭിച്ചുവെന്നും നവംബറിൽ നടക്കേണ്ട കളി കലൂർ സ്റ്റേഡിയത്തിന്റെ അസൗകര്യം മൂലമാണ് നടക്കാതിരുന്നതെന്നും കായികമന്ത്രി നേരത്തെ പറഞ്ഞിരുന്നു. കലൂർ ജവഹൽ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആസ്‌ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ നിലവിൽ അർജന്റീന ടീമിന്റെ മത്സര ഷെഡ്യൂൾ പ്രകാരം കേരളത്തിലേക്ക് വരാനുള്ള സാധ്യതയില്ല. അതേസമയം, ഡിസംബറിൽ ഹൈദരാബാദ് ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ മെസ്സി സന്ദർശനം നടത്തിയിരുന്നു.
അർജന്റീന ഫുട്‌ബോൾ ടീം നവംബറിൽ കേരളത്തിലെത്തുമെന്ന് നേരത്തെ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റിവെയ്ക്കാൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായുള്ള ചർച്ചയിൽ ധാരണയായെന്നും സ്‌പോൺസർ ആന്റോ അഗസ്റ്റിൻ പറഞ്ഞിരുന്നു. സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് ലോക ചാമ്പ്യൻമാർക്ക് കേരളത്തിൽ വരുന്നതിന് തടസമെന്നാണ് കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ അന്ന് പ്രതികരിച്ചത്. നവംബറിൽ അംഗോളയുമായാണ് അർജന്റീനയുടെ സൗഹൃദ മത്സരം കളിച്ചത്.
Adjust Story Font
16

