Quantcast

കടുത്ത സമ്മർദ്ദം; ഇസ്രായേലുമായുള്ള സൗഹൃദ ഫുട്‌ബോൾ മത്സരം അർജൻറീന ദേശീയ ടീം ഉപേക്ഷിച്ചു

ബ്യൂണസ് ഐറിസിൽ നടന്ന നീണ്ട പരിശീലനങ്ങൾക്കും 2.5 മില്യൺ ഡോളറിന്റെ ധനസമാഹരണത്തിനും ശേഷമാണ് അർജൻറീനൻ ടീം പിൻമാറിയിരിക്കുന്നത്

MediaOne Logo

Sports Desk

  • Updated:

    2022-06-01 17:11:18.0

Published:

1 Jun 2022 10:19 AM GMT

കടുത്ത സമ്മർദ്ദം; ഇസ്രായേലുമായുള്ള സൗഹൃദ ഫുട്‌ബോൾ മത്സരം അർജൻറീന ദേശീയ ടീം ഉപേക്ഷിച്ചു
X

പ്രാദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലുമുയർന്ന കടുത്ത സമ്മർദ്ദത്തിനൊടുവിൽ ഇസ്രായേലുമായുള്ള സൗഹൃദ ഫുട്‌ബോൾ മത്സരം അർജൻറീന ദേശീയ ടീം ഉപേക്ഷിച്ചു. ജൂൺ ആറിന് ഇസ്രായേൽ ഹൈഫയിലെ സാമി ഓഫെർ സ്‌റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരമാണ് ഉപേക്ഷച്ചത്. ബ്യൂണസ് ഐറിസിൽ നടന്ന നീണ്ട പരിശീലനങ്ങൾക്കും 2.5 മില്യൺ ഡോളറിന്റെ ധനസമാഹരണത്തിനും ശേഷമാണ് അർജൻറീനൻ ടീം പിൻമാറിയിരിക്കുന്നത്.

ഇൻറർനാഷണൽ ബോയ്‌ക്കോട്ട്, ഡൈവേസ്‌മെൻറ്, സാങ്ഷൻസ്(BDS) പ്രസ്ഥാനം, അർജൻറീനിയൻ ഫലസ്തീൻ സോളിഡാരിറ്റി കമ്മിറ്റി എന്നിവ മത്സരത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. സൗത്ത് അമേരിക്കൻ രാജ്യമായ അർജൻറീനയിലെ മനുഷ്യാവകാശ- ഐക്യദാർഢ്യ സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഫലസ്തീനിലെ അൽ ഖാദർ ഫുട്‌ബോൾ ക്ലബ് അർജൻറീനയുടെ ദേശീയ ടീമിന് ഇസ്രായേലുമായുള്ള മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. തുടർന്നാണ് വിവിധ സംഘടനകൾ ഇടപെട്ടത്.


അൽ ഖാദർ എഫ്‌സിയുടെ 19കാരനായ താരം മുഹമ്മദ് ഗനിമിനെ കഴിഞ്ഞ ഏപ്രിലിൽ ഇസ്രായേലി സൈന്യം കൊലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ക്ലബിന്റെ കത്ത് വൻ പ്രചാരമാണ് നേടിയിരുന്നത്. അൽ ജസീറ മാധ്യമപ്രവർത്തക ഷിറിൻ അബു ആഖിലയെ ഇസ്രായേലി സൈനികൻ വെടിവെച്ചു കൊന്നതും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതര ഫലസ്തീൻ രക്തസാക്ഷികളെയും പരാമർശിച്ചു.

'അർജൻറീനയെ പോലുള്ള സുപ്രധാന ടീം ഇവിടെ വന്ന് സൗഹൃദ മത്സരത്തിൽ പങ്കെടുക്കുന്നത് തങ്ങളുടെ വർഗ വിവേചന ഭരണം വെളിപ്പിച്ചെടുക്കാനുള്ള ഉപാധിയായി ഇസ്രായേൽ ഉപയോഗിക്കും. അതിനാൽ മിണ്ടാതിരിക്കാനാകില്ല' കത്തിൽ ക്ലബ് അധികൃതർ ചൂണ്ടിക്കാട്ടി.

പലതരം കുറ്റകൃത്യങ്ങളുടെ കൂട്ടത്തിൽ ഫലസ്തീൻ താരങ്ങളെ കൊലപ്പെടുത്തുന്നതിലും അംഗഭംഗം വരുത്തുന്നതിലും സഹായകരമാകുന്ന ഇസ്രായേലിന്റെ കപട വിശുദ്ധി ഉറപ്പാക്കാൻ ഈ പ്രദർശന മത്സരവും വഴിയൊരുക്കുമെന്നും അർജൻറീന ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡൻറ് ക്ലാഡിയോ ടാപിയക്കെഴുതിയ കത്തിൽ അൽഖാദർ ക്ലബ് വ്യക്തമാക്കി.

'14ാം നമ്പർ മനസ്സിലോർക്കുക. അത് ഞങ്ങളുടെ സഹതാരം മുഹമ്മദിന്റെ നമ്പറായിരുന്നു. ഇപ്പോൾ താരമായി അവനില്ല. എന്നാൽ നിങ്ങൾക്ക് ഞങ്ങളുടെ യുവ ഫലസ്തീനി കളിക്കാരെ ഇസ്രായേൽ കൊല്ലുന്നത് തടയാനാകും. കുടുംബവീടിന് അടുത്ത് വെച്ച് പിറകിൽ വെടിയേറ്റാണ് മുഹമ്മദ് കൊല്ലപ്പെട്ടത്. ഇത് ഇസ്രായേലിന്റെ കുപ്രസിദ്ധ അപ്പാർത്തീഡ് മതിലിൽനിന്ന് ഏറെ അകലെ വെച്ചായിരുന്നു. ഈ മതിൽ ഞങ്ങളുടെ ഭൂമിയും വെട്ടിമുറിക്കാനും കൃഷി മോഷ്ടിക്കാനും ജല സ്രോതസുകൾ കൈവശപ്പെടുത്താനും ഫലസ്തീൻ നഗരങ്ങളെ വിഭജിക്കാനുമായി കെട്ടിയുയർത്തിയതാണ്' ക്ലബ് കത്തിൽ പറഞ്ഞു.

അതേസമയം, മത്സരത്തിൽ നിന്ന് അർജൻറീന പിന്മാറിയതിനെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ഫലസ്തീൻ അനുകൂല ആക്ടിവിസ്റ്റുകൾ സ്വാഗതം ചെയ്തു. ഫലസ്തീൻ പതാക പിടിച്ചും റെഡ് കാർഡുകളേന്തിയും ഇസ്രായേലിന്റെ അപ്പാർത്തീഡ് കുറ്റങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു.


ഇതിന് മുമ്പും ഫലസ്തീൻ ഫുട്‌ബോൾ ക്ലബുകൾ അന്താരാഷ്ട്ര ഐക്യദാർഢ്യത്തിനായി ആവശ്യമുയർത്തിയിരുന്നു. നാലു വർഷം മുമ്പ് ജറുസലേമിൽ നടക്കാനിരുന്ന പ്രി വേൾഡ് കപ്പ് സന്നാഹ മത്സരം അർജൻറീന ഉപേക്ഷിച്ചിരുന്നു. സ്‌റ്റേഡിയത്തിൽ ഫലസ്തീൻ ഭീഷണി ഉണ്ടാകുമെന്ന് കരുതിയാണ് അർജൻറീന പിൻമാറിയതെന്ന് അന്ന് ഇസ്രായേൽ പറഞ്ഞിരുന്നു.

ഇസ്രായേൽ ഫുടബോൾ അസോസിയേഷനെ (ഐ.എഫ്.എ) സ്‌പോൺസർ ചെയ്യരുതെന്ന് 134 ഫുട്‌ബോൾ ക്ലബുകൾ 2018 മാർച്ചിൽ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലി താരങ്ങൾ കളിച്ചുകൊണ്ടിരിക്കുന്ന വെസ്റ്റ് ബാങ്കിൽ ഫിസ്തീൻ താരങ്ങൾ കൊല്ലപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്യുകയാണെന്ന് കാണിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ഫലസ്തീൻ താരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ പോലും പലപ്പോഴും ഇസ്രായേൽ അനുമതി നൽകുന്നില്ല. മാത്രമല്ല സൈന്യം പല ഫലസ്തീൻ സ്‌റ്റേഡിയങ്ങളും കായിക കേന്ദ്രങ്ങളും ബോംബിട്ട് തകർത്തിരിക്കുകയുമാണ്. ഫുട്‌ബോൾ കിറ്റുകൾ ഇറക്കുമതി ചെയ്യാനോ പരിശീലന സൗകര്യങ്ങളൊരുക്കാനോ ഇസ്രായേൽ അനുവദിക്കുന്നില്ല.


ഫുട്‌ബോൾ ആഗോള തലത്തിൽ ശ്രദ്ധേയമാണെന്നിരിക്കെ, അർജൻറീനൻ ദേശീയ ടീമിന്റെ നിലപാട് ഫലസ്തീനികൾക്കെതിരെയുള്ള ഇസ്രായേൽ അനീതി തുറന്നുകാട്ടും. നിരവധി പ്രശസ്ത ഫുടബോളർമാർ മുമ്പ് ഫലസ്തീൻ അനുകൂല നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ കായികരംഗത്തെ രാഷ്ട്രീയവുമായി ചേർത്തുകെട്ടരുതെന്നായിരുന്നു ചിലരുടെ വാദം.

അതിനിടെ, ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാമ്പിൽ ഫലസ്തീനി വനിതയെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നു. 31കാരിയായ ഗുഫ്‌റാൻ ഹമദ് വാർസനേഹാണ് നെഞ്ചിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. സൈനികനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് യുവതിയെ ഇസ്രായേൽ കൊന്നത്.

Argentine national football team abandoned the friendly match against Israel

TAGS :

Next Story