Quantcast

മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്സ്; മോഹന്‍ ബഗാനോട് 4-2 ന്‍റെ തോല്‍വി

ഇരട്ടഗോളുകളുമായി ഹ്യൂഗോ ബൗമൗസാണ് മോഹന്‍ ബഗാന്‍റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്

MediaOne Logo

Sports Desk

  • Updated:

    2021-11-19 16:41:51.0

Published:

19 Nov 2021 9:18 PM IST

മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്സ്; മോഹന്‍ ബഗാനോട് 4-2 ന്‍റെ തോല്‍വി
X

ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തിൽ അത്ലറ്റികോ മോഹന്‍ ബഗാനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മോഹൻ ബഗാൻ ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. ഇരട്ടഗോളുകളുമായി ഹ്യൂഗോ ബൗമൗസാണ് മോഹന്‍ ബഗാന്‍റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. കളിയുടെ തുടക്കം മുതല്‍ക്കേ അക്രമിച്ച് കളിച്ച മോഹന്‍ ബഗാൻ മൂന്നാം മിനിറ്റിൽ തന്നെ ലീഡ് കണ്ടെത്തി. ലിസ്റ്റൺ കൊളാകോയുടെ അസിസ്റ്റിൽ ഹ്യൂഗോ ബൗമൗസാണ് ഈ സീസണില്‍ ഐ.പി.എല്ലിലെ ആദ്യ ഗോള്‍ സ്കോര്‍ ചെയ്തത്.

24-ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുസ്സമദിലൂടെ തിരിച്ചു വന്ന ബ്ലാസ്‌റ്റേഴ്‌സ് കളിയെ ആവേശത്തിലേക്ക് കൊണ്ടു പോകുമെന്ന് തോന്നിപ്പിച്ചെങ്കിലും ഉടന്‍ ഗോള്‍ മടക്കി മോഹന്‍ ബഗാന്‍ ബ്ലാസ്റ്റേഴ്സിനെ വീണ്ടും പ്രതിരോധത്തിലാക്കി. റോയ് കൃഷ്ണയെ ആൽബിനോ ​ഗോമസ് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽട്ടി റോയ് കൃഷ്ണ തന്നെയാണ് ലക്ഷ്യത്തിലെത്തിച്ചത്. ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധത്തിൽ വന്ന പിഴവിൽ നിന്നാണ് മൂന്നാം ​ഗോൾ പിറന്നത്. വലതു വിങ്ങിലൂടെ പന്തുമായി ഒറ്റക്ക് കുതിക്കുകയായിരുന്ന ബൌമാസിനെ മാര്‍ക്ക്ചെയ്യുന്നതില്‍ ഡിഫന്‍റര്‍മാര്‍ക്ക് പിഴച്ചപ്പോള്‍ വീണ്ടും ബ്ലാസ്റ്റേഴ്സ് വല കുലുങ്ങി.

കളിയുടെ 50ാം മിനിറ്റില്‍ മോഹന്‍‌ ബഗാന്‍ നാലാമതും വലകുലുക്കി. ഇക്കുറി റോയ് കൃഷ്ണയുടെ അസിസ്റ്റില്‍ മനോഹരമായോരു കര്‍വിങ്ങ് ഷോട്ടിലൂടെ ലിസ്റ്റണ്‍ കൊളാസോയാണ് ലക്ഷ്യം കണ്ടത്.68ാം മിനിറ്റിൽ രണ്ടാം ​ഗോൾ നേടി ബ്ലാസ്റ്റേഴ്സ് പരാജയ ഭാരം കുറച്ചുവെങ്കിലും ഈ സീസണ്‍ പരാജയം കൊണ്ട് തുടങ്ങാനായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ വിധി. പെരേര ഡയസ്സാണ് മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത്.

മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ സ്റ്റാർട്ടിങ് ഇലവനിൽ മൂന്ന് മലയാളികൾ ഇടം പിടിച്ചിരുന്നു. സഹൽ അബ്ദുസമദ്, കെപി രാഹുൽ, ബിജോയ് എന്നിവരാണ് കളത്തിലിറങ്ങിയത്. ബിജോയിയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.കളിക്കിടെ മലയാളി താരം കെ.പി രാഹുല്‍ പരിക്കേറ്റ് പുറത്തായി.

summary:Kerala Blasters lost to Atletico Mohun Bagan in the inaugural match of the eighth season of the Indian Super League. Mohun Bagan defeated the Blazers by four goals to two.

Next Story