Quantcast

എടികെ മോഹൻബഗാനുമായുള്ള കരാർ കഴിയുന്നു; പ്രീതം കോട്ടാലിന് വൻ ഓഫർ നൽകി ബ്ലാസ്‌റ്റേഴ്‌സ്

ട്രാൻസ്ഫർ വിൻഡോ ജൂണിൽ തുടങ്ങി ആഗസ്ത് 31 അവസാനിക്കുന്നതിനാൽ പ്രീതം കോട്ടാലിന് തീരുമാനമെടുക്കാൻ ധാരാളം സമയമുണ്ട്. മഞ്ഞപ്പടയുടെ ആരവങ്ങൾ കേട്ട് മഞ്ഞ ജേഴ്‌സിയിൽ ഇറങ്ങുമോ അതോ കൊൽക്കത്തൻ നിരയിൽ തുടരുമോയെന്ന് അദ്ദേഹത്തിന് തന്നെ തീരുമാനിക്കാം

MediaOne Logo

Sports Desk

  • Published:

    5 April 2022 11:14 AM GMT

എടികെ മോഹൻബഗാനുമായുള്ള കരാർ കഴിയുന്നു; പ്രീതം കോട്ടാലിന് വൻ ഓഫർ നൽകി ബ്ലാസ്‌റ്റേഴ്‌സ്
X

വലതു ഡിഫൻസിൽ പ്രതിഭകളുടെ ധാരാളിത്തമുള്ള എടികെമോഹൻ ബഗാനുമായുള്ള കരാർ കഴിയുന്ന നായകൻ പ്രീതം കോട്ടാലിന് വൻ ഓഫർ നൽകി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. പ്രീതം കോട്ടാലിന് പുറമേ ഇതേ പൊസിഷനിൽ കളിക്കുന്ന പ്രബീർ ദാസും അശുതോഷ് മേത്തയും എടികെ നിരയിലുണ്ടായിരിക്കെ, 2022 മേയിൽ കരാർ കാലാവധി പൂർത്തിയാകുന്ന പ്രീതം ടീമിൽ തുടരുമോയെന്ന് ഉറപ്പില്ല. മാത്രമല്ല അശുതോഷിന് 2024വരെയും പ്രബീർ ദാസിന് 2023 വരെയും കരാർ കാലാവധിയുണ്ട്. ഈ സാഹചര്യത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് താരത്തെ നോട്ടമിടുന്നത്. ഫ്രീ പ്ലയറായതിനാൽ വേറെയും ഇന്ത്യൻ സൂപ്പർ ലീഗ്‌ ടീമുകളും ബംഗാൾ സ്വദേശിയായ താരത്തിനായെത്തുന്നുണ്ട്. എടികെയിൽ കളിക്കാൻ ഇഷ്ടപ്പെടുന്ന താരത്തിന് രണ്ടു വർഷത്തെ കരാറാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വാഗ്ദാനം ചെയ്യുന്നത്. ഇതര ടീമുകളുടെ വാഗ്ദാനം പുറത്തുവന്നിട്ടില്ല. എടികെയും അദ്ദേഹത്തിന് ഓഫർ നൽകുന്നുണ്ടെങ്കിലും ദീർഘകാല കരാർ ലഭിക്കുന്നതിനാണ് താരം പ്രമുഖ്യം നൽകുന്നതെന്നാണ് 'ടാക്കിങ് ഫുട്‌ബോൾ ടുഡേ' റിപ്പോർട്ട് ചെയ്യുന്നത്.


ബ്ലാസ്‌റ്റേഴ്‌സ് ഓഫർ ചെയ്യുന്നത് അത്ര ദീർഘകാല കരാറല്ലെങ്കിലും എടികെയുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തികമായി ഗുണം ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ കൊൽക്കത്ത ടീം ഓഫർ മെച്ചപ്പെടുത്തുന്നില്ലെങ്കിൽ അവരുടെ ക്യാപ്റ്റൻ കേരളാ നിരയിൽ കളിക്കും. എന്നാൽ എടികെയും താരവും തമ്മിലുള്ള വൈകാരിക അടുപ്പം ഒരു കരാറിലെത്താൻ അത്ര തടസ്സമുണ്ടാക്കില്ല. പക്ഷേ, അപ്പോഴും ഒരേ പൊസിഷനിൽ കളിക്കുന്ന നിരവധി താരങ്ങളുള്ളത് പ്രശ്‌നമാകും.


വെസ്റ്റ് ബംഗാളിലെ ഉത്തർപറ സ്വദേശിയായ പ്രീതം 2013ൽ പൈലാൻ ആരോസിൽ നിന്ന് മോഹൻ ബഗാനിലെത്തിയാണ് തന്റെ പ്രഫഷണൽ കരിയർ ആരംഭിച്ചത്. 75 ഐ ലീഗ് മത്സരങ്ങളിലാണ് താരം ഗ്രീൻ, മെറൂൺ ജേഴ്‌സിയിലിറങ്ങിയിട്ടുള്ളത്. ഐഎസ്എല്ലിൽ 48 മത്സരങ്ങളാണ് മോഹൻബഗാനായി പ്രീതം കളിച്ചത്. എടികെയുമായി ലയിച്ച ശേഷവും താരം ടീമിനായി കളിച്ചു. കഴിഞ്ഞ രണ്ടു സീസണുകളിൽ നായകപദവിയും താരം വഹിച്ചിരുന്നു. ട്രാൻസ്ഫർ വിൻഡോ ജൂണിൽ തുടങ്ങി ആഗസ്ത് 31 അവസാനിക്കുന്നതിനാൽ പ്രീതം കോട്ടാലിന് തീരുമാനമെടുക്കാൻ ധാരാളം സമയമുണ്ട്. മഞ്ഞപ്പടയുടെ ആരവങ്ങൾ കേട്ട് മഞ്ഞ ജേഴ്‌സിയിൽ ഇറങ്ങുമോ അതോ കൊൽക്കത്തൻ നിരയിൽ തുടരുമോയെന്ന് അദ്ദേഹത്തിന് തന്നെ തീരുമാനിക്കാം.

Agreement with ATK Mohun Bagan ends; Kerala Blasters made a great offer to Pritam Kotal

TAGS :

Next Story