Quantcast

ബാഴ്സക്കും അടിപതറുന്നു; ലാസ് പാൽമാസിനോട് ഹോം ഗ്രൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി

MediaOne Logo

Sports Desk

  • Published:

    30 Nov 2024 9:29 PM IST

barcelona
X

ബാഴ്സലോണ: 125ാം വാർഷികാഘോഷങ്ങളുടെ നിറവിൽ പന്തുതട്ടാനിറങ്ങിയ ബാ​ഴ്സക്ക് കനത്ത നിരാശ. ലാലിഗയിലെ കുഞ്ഞൻമാരായ ലാസ് പാൽമാസ് ബാഴ്സയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ചു. തോൽവിയിലും 15 മത്സരങ്ങളിൽ 34 പോയന്റുള്ള ബാഴ്സ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. രണ്ട് മത്സരം കുറച്ചുകളിച്ച റയൽ മാ​ഡ്രിഡിന് 30 പോയന്റുണ്ട്.

അവസരങ്ങൾ സൃഷ്ടിക്കുന്നതിലും പൊസിഷനിലും ബാഴ്സ തന്നെയാണ് മു​ന്നിട്ട് നിന്നത്. കളിയുടെ 71 ശതമാനവും പന്ത് കൈവശം വെച്ച ബാഴ്സ 27 ഷോട്ടുകളാണ് ഉതിർത്തത്. പക്ഷേ ലാസ് പാൽമിറാസ് ടാർഗറ്റിലേക്ക് തൊടുത്ത മൂന്നുഷോട്ടുകളിൽ രണ്ടും ഗോളായി മാറുകയായിരുന്നു.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 49ാം മിനുറ്റിൽ സാൻഡ്രോ റാമിറസാണ് ലാസ് പാൽമാസിനായി ഗോൾ നേടിയത്. 61ാം മിനുറ്റിൽ റാഫീന്യയിലൂടെ ബാഴ്സ ഗോൾമടക്കിയെങ്കിലും ഫാബിയോ സിൽവ പാൽമാസിന് ലീഡ് നൽകുകയായിരുന്നു. അവസാന നിമിഷങ്ങളിൽ ബാഴ്സ സമനിലക്കായി ആഞ്ഞുശ്രമിച്ചെങ്കിലും ഗോൾ ഒഴിഞ്ഞുനിന്നു. ബാഴ്സയുടെ സീസണിലെ ആദ്യ ഹോം ഗ്രൗണ്ട് പരാജയമാണിത്.

മിന്നു​ം ഫോമിൽ സീസൺ തുടങ്ങിയ ബാഴ്സക്ക് അവസാന മൂന്ന് മത്സരങ്ങളിലും വിജയിക്കാനായിട്ടില്ല. സെൽറ്റ വിഗോയോട് സമനില കുരുങ്ങിയ കറ്റാലൻ സംഘം റിയൽ സോസിഡാഡിനോട് ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.

മത്സരത്തിനിടെ ലെഫ്റ്റ് ബാക്ക് അലചാൻട്രോ ബാൽഡെ പരിക്ക് പറ്റി തിരിച്ചുകയറിയതും ബാഴ്സക്ക് തിരിച്ചടിയായി. പാൽമാസ് താരം സാൻഡ്രോ റാമിറസുമായി കൂട്ടിയിടിച്ച താരം രക്തം തുപ്പുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാമായിരുന്നു.

TAGS :

Next Story