Quantcast

ആവേശം കത്തി വമ്പന്മാരുടെ പോരാട്ടം; ബാഴ്‌സ-യുനൈറ്റഡ് ത്രില്ലറിൽ സമനില

രണ്ടാം പകുതിയിൽ ശ്വാസമടക്കാൻ ഇടംനൽകാതെയായിരുന്നു ഇരുടീമും ഇഞ്ചോടിഞ്ച് പോരടിച്ചത്

MediaOne Logo

Web Desk

  • Published:

    17 Feb 2023 7:49 AM IST

ManchesterUnitedBarcelonamatch, EuropaLeagueplayoffs
X

മാഡ്രിഡ്: യൂറോപ്പ ലീഗ് ആദ്യപാദ പ്രീക്വാർട്ടർ പോരാട്ടം ത്രില്ലർ സമനിലയിൽ കലാശിച്ചു. കാംപനൗവിൽ ബാഴ്‌സലോണയും മാഞ്ചസ്റ്റർ യുനൈറ്റഡും ഏറ്റുമുട്ടിയപ്പോൾ രണ്ടുവീതം ഗോളടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. രണ്ടാം പകുതിയിൽ ശ്വാസമടക്കാൻ ഇടംനൽകാതെയായിരുന്നു ഇരുടീമും ഇഞ്ചോടിഞ്ച് പോരടിച്ചത്.

ആദ്യ പകുതി ഗോൾരഹിതമായി പിരിഞ്ഞ ശേഷമായിരുന്നു രണ്ടാം പകുതിയിലെ നാടകീയ രംഗങ്ങൾ. ബാഴ്‌സയാണ് ആദ്യം അക്കൗണ്ട് തുറന്നത്. റാഫിഞ്ഞ കോർണറിയിൽനിന്ന് തൊടുത്തുനൽകിയ ഷോട്ട് വളഞ്ഞുവന്നത് ഗോൾപോസ്റ്റിന്റെ വലതു വിങ്ങിലേക്ക്. ആ സമയത്ത് പിന്നിൽനിന്ന് ഓടിയെത്തിയ മാർകോ അലൻസോ മനോഹരമായൊരു ഹെഡറിലൂടെ പന്ത് വലയിലേക്ക് കുത്തിയിട്ടു.

എന്നാൽ, ലീഡിന് അൽപായുസേ ഉണ്ടായിരുന്നുള്ളൂ. 52-ാം മിനിറ്റിൽ യുനൈറ്റഡിന്റെ കിടിലൻ മറുപടി. ഫ്രെഡ് അളന്നുമുറിച്ചു നൽകിയ പാസുമായി വലതു വിങ്ങിലൂടെ ബാഴ്‌സ ബോക്‌സിലേക്ക് കുതിച്ചുപാഞ്ഞ മാർക്കസ് റാഷ്‌ഫോർഡിനെ തടയാൻ ആർക്കുമായില്ല. ബോക്‌സിന്റെ എതിർ കോർണറിലേക്ക് തൊടുത്ത ഷോട്ടിനു മുന്നിൽ ബാഴ്‌സ കീപ്പർ ടെർ സ്റ്റേഗനു ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

എന്നാൽ, അവിടംകൊണ്ടും തീർന്നില്ല. 59-ാം മിനുട്ടിൽ ദാ അടുത്ത ഗോൾ. ഇത്തവണ യുനൈറ്റഡ് ലീഡെടുത്തു. കോർണർ കിക്കെടുത്ത് പാഞ്ഞെത്തിയ റാഷ്‌ഫോർഡ് ബാഴ്‌സ ബോക്‌സിനകത്തെ കൂട്ടപ്പൊരിച്ചിലിലേക്ക് പന്ത് ഇട്ടുകൊടുത്തു. എന്നാൽ, ബാഴ്‌സ പ്രതിരോധത്തിൽ ജൂൾ കൂണ്ടെയുടെ ദേഹത്ത് തട്ടി വലയിൽ. സെൽഫ് ഗോളിൽ സ്‌കോർ 2-1ന് യുനൈറ്റഡ് മുന്നിൽ.

മത്സരത്തിലെ ആവേശം അവിടെയും അവസാനിച്ചില്ല. 76-ാം മിനിറ്റിലെ സെൽഫ് ഗോളിന് കുണ്ടെ മികച്ചൊരു പാസിലൂടെ പിഴ തീർത്തു. കാസമിറോയുടെ നീക്കം തകർത്ത് കുണ്ടെ നൽകിയ പാസ് സ്വീകരിച്ചത് റാഫിഞ്ഞ. ഇടതുവിങ്ങിൽനിന്ന് ബോക്‌സിന്റെ വളരെ അകലെ നിന്ന് തൊടുത്ത ഉഗ്രൻ ലോങ് ക്രോസ് യുനൈറ്റഡ് പ്രതിരോധവും ഗോൾകീപ്പറെയും കടന്ന് നേരെ നേരെ വലയിലേക്ക്-സ്‌കോർ 2-2.

രണ്ടാംപാദ ക്വാർട്ടർ മത്സരം 23ന് മാഞ്ചസ്റ്ററിൽ നടക്കും.

Summary: Europa League play-offs: Barcelona 2-2 Manchester United

TAGS :

Next Story