Quantcast

എതിർടീം ആരാധകർ ക്യാംപ്‌നൗ കയ്യേറി; ടിക്കറ്റ് പോളിസി മാറ്റാൻ ബാഴ്‌സലോണ

സ്വന്തം സ്റ്റേഡിയത്തിലെ അന്തരീക്ഷം ബാഴ്സയ്ക്ക് മാനസികമായി ഗുണം ചെയ്തില്ലെന്ന് കോച്ച് ഷാവി ഹെർണാണ്ടസ് തുറന്നടിച്ചു

MediaOne Logo

Web Desk

  • Updated:

    2022-04-16 12:36:11.0

Published:

16 April 2022 12:31 PM GMT

എതിർടീം ആരാധകർ ക്യാംപ്‌നൗ കയ്യേറി; ടിക്കറ്റ് പോളിസി മാറ്റാൻ ബാഴ്‌സലോണ
X

യുവേഫ യൂറോപ്പ ലീഗ് രണ്ടാംപാദ ക്വാർട്ടറിൽ 30,000-ലേറെ എയ്ന്ത്രാക്ട് ഫ്രാങ്ക്ഫർട്ട് ആരാധകർ തങ്ങളുടെ ഹോംഗ്രൗണ്ടായ ക്യാംപ്‌നൗവിൽ കയറിക്കൂടിയതിനു പിന്നാലെ ടിക്കറ്റ് വിതരണ നയം മാറ്റാനൊരുങ്ങി ബാഴ്‌സലോണ. വാദ്യഘോഷങ്ങളും ബഹളങ്ങളുമായി ജർമൻ ടീമിന്റെ ആരാധകർ സ്‌റ്റേഡിയത്തിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ ബാഴ്‌സലോണ മത്സരം 2-3 ന് തോൽക്കുകയും യൂറോപ്പയിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു. ഇതോടെയാണ്, എതിർടീം ആരാധകർക്ക് ഒരു പരിധിയിൽ കവിഞ്ഞ് ഇടം നൽകാത്ത വിധത്തിൽ ടിക്കറ്റ് നയം പരിഷ്‌കരിക്കുന്നത്.

5000ലേറെ എവേ ടീം ആരാധകർക്ക് ടിക്കറ്റ് നൽകില്ലെന്ന നയം നിലനിൽക്കുന്നുണ്ടെങ്കിലും 30,000-ലേറെ ഫ്രാങ്ക്ഫർട്ട് ആരാധകർ ക്യാംപ്‌നൗവിൽ കയറിക്കൂടിയത് ബാഴ്‌സയ്ക്ക് വൻ നാണക്കേടുണ്ടാക്കിയിരുന്നു. ടിക്കറ്റ് സ്വന്തമാക്കിയ ബാഴ്‌സ ആരാധകർ ഇത് ജർമൻകാരായ ഫാൻസിന് മറിച്ചുവിറ്റതാണ് ഫുട്‌ബോൾ ലോകത്ത് കേട്ടുകേൾവിയില്ലാത്ത ഈ പ്രതിസന്ധിക്ക് കാരണമായത്. ഫ്രാങ്ക്ഫർട്ട് ഫാൻസ് ആർത്തിരമ്പിയതോടെ, ഹോം ഗ്രൗണ്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം ബാഴ്‌സയ്ക്ക് നഷ്ടമായത് തോൽവിക്ക് പ്രധാന കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.

'വ്യാഴാഴ്ച സംഭവിച്ചത് ദുഃഖകരവും നാണക്കേടുമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു അത്...' ബാഴ്‌സലോണ പ്രസിഡണ്ട് ജോൺ ലാപോർട്ട ക്ലബ്ബ് വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'ടിക്കറ്റുകൾ ജർമൻ ആരാധകരുടെ കൈയിൽ എത്താനിടയുണ്ടായ സാഹചര്യം ക്ലബ്ബിന്റെ വീഴ്ചകൊണ്ട് ഉണ്ടായത്‌ല. പക്ഷേ, അതിന്റെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കേണ്ടതാണ്.'

'ഇത്തരം സംഭവങ്ങൾ ഇനിയുണ്ടാകാതിരിക്കാൻ ഞങ്ങൾ നടപടിയെടുക്കും. എനിക്ക് ഇപ്പോൾ പ്രഖ്യാപിക്കാൻ കഴിയുന്ന കാര്യം, ടിക്കറ്റുകൾ കൈമാറ്റം ചെയ്യുന്നത് നിരോധിക്കുക എന്നതാണ്. നിയമങ്ങൾ പാലിക്കുന്ന ആരാധകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം നിയമങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ ഒരിക്കലും ആഗ്രഹിച്ചതല്ല. പക്ഷേ, ഫ്രാങ്ക്ഫർട്ടിനെതിരെ സംഭവിച്ചത് ഇനിയുണ്ടാകാതിരിക്കണമെങ്കിൽ ഇത്തരം നീക്കങ്ങൾ കൂടിയേ തീരൂ...' ലാപോർട്ട പറഞ്ഞു.

യൂറോപ്പ ലീഗ് മത്സരത്തിനു മുമ്പ് ജർമൻ ഫാൻസ് കൂടുതലായി ടിക്കറ്റ് വാങ്ങുന്നത് തടയാൻ വേണ്ടതെല്ലാം ചെയ്തിരുന്നുവെന്നും എന്നാൽ, ജർമനിക്ക് പുറത്തു വിറ്റ ടിക്കറ്റുകളാണ് ഫ്രാങ്ക്ഫർട്ട് ആരാധകർ സ്വന്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

'എവേ ഫാൻസ് കൂടുതലായി എത്താതിരിക്കാൻ വേണ്ടതെല്ലാം ഞങ്ങൾ ചെയ്തിരുന്നു. ഓൺലൈൻ ബുക്കിങ്ങിൽ ജർമൻ ഐ.പികൾ ബ്ലോക്ക് ചെയ്തു. ക്ലബ്ബ് ജർമൻ ആരാധകർക്ക് ടിക്കറ്റുകൾ നൽകിയിട്ടില്ല. ടിക്കറ്റ് വാങ്ങിയവർ അത് ജർമൻ ഫാൻസിന് നൽകിയതാണ്.' അദ്ദേഹം പറയുന്നു.

ഫ്രാങ്ക്ഫർട്ട് ഫാൻസിന് കൂടുതൽ ടിക്കറ്റ് ലഭിച്ചതിൽ പ്രതിഷേധിച്ച് ബാഴ്‌സയുടെ ആരാധക കൂട്ടായ്മയായ ബാഴ്‌സ അൾട്രാസ് മത്സരത്തിന്റെ രണ്ടാംപകുതിയുടെ തുടക്കത്തിലെ 10 മിനുട്ടുകൾ ബഹിഷ്‌കരിച്ചിരുന്നു. സ്റ്റേഡിയത്തിലെ അന്തരീക്ഷം ടീമിന് മാനസികമായി ഗുണം ചെയ്തില്ലെന്ന് കോച്ച് ഷാവി ഹെർണാണ്ടസ് തുറന്നടിക്കുകയും ചെയ്തു. ജർമൻ ആരാധകർ ഇടപഴകി ഇരുന്നെങ്കിലും വലിയ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.

രണ്ടാഴ്ച മുമ്പ്, മത്സരത്തിനെത്തായ സീസൺ ടിക്കറ്റുകാരോട് ടിക്കറ്റുകൾ തിരികെ നൽകാൻ ബാഴ്‌സ അഭ്യർത്ഥിച്ചിരുന്നു. സ്‌റ്റേഡിയത്തിലെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് ഒഴിവാക്കാനും ഈ ടിക്കറ്റുകൾ വിൽപ്പനയ്ക്കു വെക്കുന്നതിനും വേണ്ടിയായിരുന്നു ഇത്.

TAGS :

Next Story