അണിയറയിൽ ചർച്ചകൾ; നെയ്മർ വീണ്ടും ബാഴ്സയിലേക്കോ?
33 പിന്നിട്ട, പരിക്കുകളുടെ ചങ്ങലക്കുരുക്കുകളിൽ നിരന്തരം കുരുങ്ങുന്ന ബ്രസീലുകാരനായി ബാഴ്സ പരവതാനി വിരിക്കുമോ?

നല്ല ഗന്ധമുണ്ടായിരുന്ന ഒരു പെർഫ്യൂം കാലങ്ങൾക്ക് ശേഷം വീണ്ടും മണക്കുമ്പോൾ കിട്ടുന്ന അനുഭവം വാക്കുകൾക്കതീതമാണ്. ആ കാലവും ഓർമകളുമെല്ലാം വീണ്ടും മനസ്സിലേക്കോടിയെത്തും. അത്തരമൊരു യുഫോറിയ അനുഭവം നൽകുന്ന ഒരു അഭ്യൂഹം പോയ കുറച്ച് ദിവസങ്ങളായി അന്തരീക്ഷത്തിലുണ്ട്
സാക്ഷാൽ നെയ്മർ ഡ സിൽവോസ് ജൂനിയർ വീണ്ടും ബാഴ്സയിലേക്ക് വരുന്നു.
ഓരോ ദിവസവും പിറവിയെടുക്കുന്ന അനേകം അഭ്യൂഹങ്ങളിൽ ഒന്ന് മാത്രമാണോ അത്? അതോ അത്തരം മടങ്ങിവരവിനുള്ള സാധ്യതയുണ്ടോ? പരിശോധിക്കാം. വെറുതെ സോഷ്യൽ മീഡിയയിൽ ആരോ ഉയർത്തിവിട്ട അഭ്യൂഹം മാത്രമല്ല, അത്. അത്ലറ്റിക്ക് ഉൾപ്പെടെയുള്ള ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രശസ്മായ വെബ്സൈറ്റുകൾ വരെ അത് ചർച്ച ചെയ്യുന്നുണ്ട്.
ബാഴ്സലോണയിലെ നെയ്മർ. അതൊരു സുന്ദരകാലമായിരുന്നുവെന്ന് എല്ലാവർക്കുമറിയാം. ക്യാമ്പ്നൗവിൽ നിറഞ്ഞുപെയ്തുകൊണ്ടിരിക്കേ പെട്ടെന്ന് നിലച്ചുപോയ ഒരു വർഷകാലമായിരുന്നു അത്. യൂറോപ്പിലെ വമ്പൻ ക്ലബുകളെല്ലാം നോട്ടമിട്ട സാന്റോസിലെ പയ്യൻ 2013ലാണ് ക്യാമ്പ്നൗവിൽ ബൂട്ടുകെട്ടിയിറങ്ങിയത്. ഫുട്ബോൾ ലോകത്തെ മോസ്റ്റ് ഹൈപ്പ്ഡ് ട്രാൻസ്ഫറുകളിലൊന്നായി വന്നിറങ്ങിയ നെയ്മർ അതിനൊത്ത് തന്നെയാണ് സ്പാനിഷ് മൈതാനങ്ങളിൽ പന്തുതട്ടിയത്. മെസ്സി-റൊണാൾഡോ ധ്രുവങ്ങളിലേക്ക് സ്പാനിഷ് ഫുടബോൾ ചുരുങ്ങിയ കാലത്ത് പോലും നെയ്മറെന്ന ബ്രാൻഡിന് ഒരു ഇളക്കവും തട്ടിയിരുന്നില്ല. ലയണൽ മെസ്സിയും ലൂയിസ് സുവാരസും നെയ്മറും അടക്കമുള്ള ആ ലാറ്റിന അമേരിക്കൻ ‘ട്രയോ’ അക്ഷരാർത്ഥത്തിൽ സ്പാനിഷ് മൈതാനങ്ങളെ ഒരു ഡാൻസിങ് േഫ്ലാറാക്കി.
പക്ഷേ ഒരു ദിവസം ആ വാർത്തയെത്തി. നെയ്മർ ഖത്തറിലെ സുൽത്താന്റെ വിളികേട്ട് ഗോപുരത്തിന്റെ നാടായ പാരിസിലേക്ക് പോകുന്നു. ആ ട്രാൻസ്ഫർ വേണ്ടായിരുന്നുവെന്ന് പലരും നെയ്മറോട് അന്നേ പറഞ്ഞു. ഇന്നുമത് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. നെയ്മർ പോയ ശൂന്യതയിലേക്ക് പലരെയും കൊണ്ടുവന്നെങ്കിൽ ബാഴ്സക്കും ഒന്നും ശരിയായില്ല.
നെയ്മറെ കാറ്റലോണിയയിലേക്ക് മടക്കിക്കൊണ്ടുവരാൻ ബാഴ്സ പിന്നെയും ശ്രമിച്ചിട്ടുണ്ട്. 2019ൽ ബാഴ്സ പ്രസിഡന്റ് ജോസഫ് മരിയ ബെർതാമ്യൂ തന്നെ മുന്നിട്ടിറിങ്ങിയെങ്കിലും നടന്നില്ല. പിഎസ്ജി വിട്ട് അൽഹിലാലിലേക്ക് പോകുന്ന സമയത്തും ഒരു കൈനോക്കിയെങ്കിലും സാമ്പത്തിക ഞെരുക്കത്തിൽ ശ്വാസം മുട്ടിയിരുന്ന അവർക്കതിന് സാധിക്കുമായിരുന്നില്ല.
മടങ്ങിവരവ് സാധ്യമോ?
പരിക്കുകളുടെ ദീർഘകാലത്തിന് ശേഷം അൽഹിലാലിൽ നിന്നും സാന്റോസിലിറങ്ങിയ നെയ്മർ തന്റെ പ്രതിഭക്കൊരു കോട്ടവും വന്നിട്ടില്ലെന്ന് പല മത്സരങ്ങളിലും തെളിയിക്കുന്നുണ്ട്. എങ്കിലും 33 പിന്നിട്ട, പരിക്കുകളുടെ ചങ്ങലക്കുരുക്കുകളിൽ നിരന്തരം കുരുങ്ങുന്ന ബ്രസീലുകാരനായി ബാഴ്സ പരവതാനി വിരിക്കുമോ?
ഏറ്റവും എളുപ്പമുള്ള ഉത്തരം ഇല്ല എന്നാണ്. കാരണം ഹൈപ്രസിങ് എന്ന വലിയ ഫിറ്റ്നെസ് വേണ്ട കളിശൈലിയാണ് ഫ്ലിക്ക് ബാഴ്സയിൽ നടപ്പാക്കുന്നത്. 36കാരനായ ലെവൻഡോവസ്കിതന്നെ ഈ ശൈലിയിൽ പാടുപെടുന്നുണ്ട്. പുതിയ ഫോർവേഡിനായുള്ള അന്വേഷണത്തിലാണവർ. ലിവർപൂളിന്റെ ലൂയിസ് ഡയസ്, എസി മിലാന്റെ റാഫേൽ ലിയാവോ, ന്യൂകാസിലിന്റെ അലക്സാണ്ടർ ഇസാക് എന്നിങ്ങനെയുള്ള പലരും ബാഴ്സയുടെ റഡാറിലുണ്ട്.
പക്ഷേ പലകാരണങ്ങളാൽ മാർക്കറ്റിൽ അധികം പണമെറിയാൻ അവർക്ക് സാധിക്കില്ല. അങ്ങനെ വരുമ്പോൾ നെയ്മർ അവർക്ക് മുന്നിലൊരു ഫീസിബിൾ ഓപ്ഷൻ ആണെന്നാണ് കരുതപ്പടുന്നത്.
ആറുമാസത്തെ മാത്രം കരാറിൽ സാന്റോസിൽ കളിക്കുന്ന ഫ്രീ ഏജന്റിലുള്ള നെയ്മർ നിലവിൽ ബാഴ്സക്ക് കിട്ടാവുന്നതിൽ മികച്ച ഓപ്ഷൻ തന്നെയാണ്. കൂടാതെ പുതുക്കിയ ക്യാമ്പ് നൗ സ്റ്റേഡിയം തുറക്കുമ്പോൾ ടിക്കറ്റ് വിപണിയെ ചൂടുപിടിപ്പിക്കാനും ആരാധകരെ ഉണർത്താനും നെയ്മർക്കാകും. റാഫീന്യ അടക്കമുള്ളമുള്ള നെയ്മറുടെ ഉറ്റ സുഹൃത്തുക്കളും ടീമിലുണ്ട്. കൂടാതെ നെയ്മറുടെ ഏജന്റായ പിനി സഹ്ലാവിയും ബാഴ്സ മാനേജ്മെന്റും തമ്മിൽ ഉറ്റബദ്ധമുള്ളവരാണ്.ഇപ്പോൾ ആലോചിക്കുമ്പോൾ നടക്കാത്ത കാര്യമെന്ന് തോന്നുമെങ്കിലും ആ സാധ്യത നിലനിൽക്കുന്നുണ്ടെന്നർത്ഥം. ഫുട്ബോൾ ബ്രേക്കിങുകളിലൂടെ സുപരിചിതനായ ഫബ്രിസിയോ റൊമാനോയും ഈ വാർത്ത പങ്കുവെക്കുന്നു. പ്രസിദ്ധ ഫുട്ബോൾ ജേണലിസ്റ്റായ ഡേവിഡ് ഓൺസ്റ്റൈനും ഈ ചർച്ചനടക്കുന്നുവെന്ന് സ്ഥിരീകരിച്ചു. അതായത് ഇത് ഒരു അഭ്യൂഹം അല്ലെന്ന് ഉറപ്പ്.
അതേ സമയം ലാലിഗ പ്രസിഡന്റായ ഹാവിയർ ടെബസ് അടുത്തിടെ ഈ വാർത്ത നിഷേധിച്ചിരുന്നു. നെയ്മർ ഇനി ഒരിക്കലും ബാഴ് ജഴ്സിയണിയുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നായിരുന്നു ടെബസിന്റെ മറുപടി.
അതായത് ചുരുക്കിപ്പറഞ്ഞാൽ അധികം പണം മുടക്കാതെത്തന്നെ കിട്ടാവുന്ന നെയ്മറെന്ന ബ്രാൻഡിന് വേണ്ടി ബാഴ്സ ശ്രമിച്ചാൽ ആ സ്വപ്നം സാധ്യമാകും. പക്ഷേ ഹാൻസി ഫ്ലിക് അടക്കമുള്ള കോച്ചിങ് സ്റ്റാഫുകൾ പച്ചക്കൊടി കാണിക്കണമെന്ന വലിയ കടമ്പ അവിടെ ബാക്കിയുണ്ട്.
Adjust Story Font
16

