Quantcast

ഇത് ഹാൻസി ഫ്ലിക്ക് സ്റ്റൈൽ; ബാഴ്സക്ക് 28ാം ലാലിഗ കിരീടം

MediaOne Logo

Sports Desk

  • Published:

    16 May 2025 11:53 AM IST

ഇത് ഹാൻസി ഫ്ലിക്ക് സ്റ്റൈൽ; ബാഴ്സക്ക് 28ാം ലാലിഗ കിരീടം
X

ബാഴ്‌സലോണ: സ്പാനിഷ് ലാലീഗ കിരീടം ബാഴ്സലോണക്ക്. ഇന്നലെ എസ്പാന്യോളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്. 36 മത്സരങ്ങളിൽ നിന്ന് 85 പോയിന്റുകൾ സ്വന്തമാക്കിയാണ് രണ്ട് മത്സരം ശേഷിക്കേ ബാഴ്സയുടെ കിരീടധാരണം. പട്ടികയിൽ രണ്ടാമതുള്ള റയൽ മാഡ്രിഡിന് അത്രയും മത്സരങ്ങളിൽ നിന്നും 78 പോയിന്റാണുള്ളത്.

ബാഴ്സലോണയുടെ 28ാം ലാലീഗ കിരീടവിജയമാണിത്. എസ്പാന്യോളിന്റെ മൈതാനത്ത് വെച്ച നടന്ന മത്സരത്തിൽ ലമീൻ യമാലാണ് ബാഴ്സക്കായി ആദ്യ ഗോൾ നേടിയത്. കളിയുടെ 53 ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് ബോക്സിനടുത്തേക്ക് വെട്ടിച്ച് കയറിയ യമാലിന്റെ തകർപ്പൻ ഷോട്ട് പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് കയറി. യമാലിനെ ഫൗൾ ചെയ്തതിനാൽ ലിയാൻഡ്രോ കബ്രെറ എൺപതാം മിനുട്ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് എസ്പാന്യോളിന് തിരിച്ചടിയായി. ഇഞ്ചുറി ടൈമിൽ യമാലിന്റെ പാസ്സ് വലയിലേക്ക് തിരിച്ചുവിട്ട് ഫെർമിൻ ലോപെസ് ബാഴ്സലോണയുടെ വിജയം ഉറപ്പിച്ചു.

ഈ സീസണിൽ സ്ഥാനമേറ്റ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ഉജ്ജ്വല കുതിപ്പാണ് കറ്റാലൻമാർ നടത്തിയത്. സാമ്പത്തിക പ്രതിസന്ധിയും താരങ്ങളുടെ രജിസ്ട്രേഷനും അടക്കമുള്ള പ്രതിസന്ധികളുടെ കാലത്തും അമ്പരപ്പിക്കുന്ന നേട്ടങ്ങളാണ് ബാഴ്സ സ്വന്തമാക്കിയത്. 28 വിജയങ്ങളും നാല് സമനിലയും അഞ്ച് തോൽവിയും വഴങ്ങിയാണ് ബാഴ്സ തലപ്പത്ത് തുടരുന്നത്. ലാലിഗയിൽ മാത്രമായി 97 ഗോളുകൾ ബാഴ്സ അടിച്ചുകൂട്ടിയത്. സ്പാനിഷ് സൂപ്പർ കപ്പ്, കോപ്പഡെൽറേ എന്നീ കിരീടങ്ങളും സ്വന്തമാക്കിയിരുന്നു.കൂടാതെ ബദ്ധവൈരികളായ റയൽ മാഡ്രിഡിനെ നാല് എൽ ക്ലാസിക്കോകളിലും പരാജയപ്പെടുത്താനുമായി.

25 ഗോളുകൾ നേടിയ റോബർട്ട് ലെൻഡോവ്സകിയാണ് ബാഴ്സയുടെ ടോപ്പ് സ്കോറർ. 33 കളിയിൽ എട്ട് ഗോളും പതിമൂന്ന് അസിസ്റ്റും യമാൽ സ്വന്തമാക്കിയപ്പോൾ 34 കളിയിൽ പതിനെട്ട് ഗോളും ഒൻപത് അസിസ്റ്റുമാണ് റാഫീഞ്ഞയുടെ സമ്പാദ്യം. ടീം ഇന്ന് ബാഴ്സലോണ നഗരത്തിൽ ട്രോഫി പരേഡ് നടത്തും. സീസണിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ വിയ്യാറയലും അത്‌ലറ്റിക് ക്ലബുമാണ് ബാഴ്സയുടെ എതിരാളികൾ.

TAGS :

Next Story