മുംബൈയെ മൂന്ന് ഗോളിന് മുക്കി ബെംഗളുരു; ബ്ലാസ്‌റ്റേഴ്‌സിന്റെ ഒന്നാം സ്ഥാനം സുരക്ഷിതം
ജനുവരി 16-ന് കേരള ബ്ലാസ്റ്റേഴ്‌സുമായാണ് മുംബൈയുടെ അടുത്ത മത്സരം.

കരുത്തരായ മുംബൈ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബെംഗളുരു എഫ്.സി തകർത്തതോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം സ്ഥാനം സുരക്ഷിതമായി. സമനിലയെങ്കിലും നേടിയാൽ പോയിന്റ് ടേബിളിന്റെ മുകളറ്റത്തെത്താമായിരുന്ന മുംബൈയെ പ്രിൻസ് ഇബാറയുടെ ഇരട്ട ഗോളടക്കം ആദ്യ പകുതിയിൽ നേടിയ മൂന്നു ഗോളിനാണ് ബെംഗളുരു തകർത്തത്. ജയത്തോടെ ബെംഗളുരു ഏഴാം സ്ഥാനത്തേത്തു കയറിയപ്പോൾ മുംബൈ രണ്ടാം സ്ഥാനത്തു തന്നെയാണ്.
അവസാനം കളിച്ച നാല് മത്സരങ്ങളിലും ജയം കാണാതിരുന്ന മുംബൈ വിജയം പ്രതീക്ഷിച്ചാണ് ബെംഗളുരുവിനെതിരെ ഇറങ്ങിയതെങ്കിലും നിലവിലെ ചാമ്പ്യന്മാർക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. കൂടുതൽ ഒത്തിണക്കത്തോടെ കളിച്ച ബെംഗളുരു സമയം രണ്ടക്കം കടക്കുംമുമ്പേ ആദ്യവെടി പൊട്ടിച്ചു.
എട്ടാം മിനുട്ടിൽ ബോക്‌സിനു പുറത്തുനിന്നുള്ള ഷോട്ടിലൂടെ ദാനിഷ് ഫാറൂഖ് ഭട്ടിന്റെ ഗോളിലാണ് ബെംഗളുരു ആദ്യം മുന്നിലെത്തിയത്. ദാനിഷിന്റെ ഈ സീസണിലെ രണ്ടാം ഗോളായിരുന്നു ഇത്. 23-ാം മിനുട്ടിൽ വെട്ടിത്തിരിഞ്ഞ് റോഷൻ സിങ് തൊടുത്ത ക്രോസിൽ നിന്ന് ഹെഡ്ഡറുതിർത്ത് ഇബാറ ലീഡ് ഇരട്ടിയാക്കി. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിൽ റോഷൻ തൊടുത്ത കോർണറിൽ ഇബാറ ഹെഡ്ഡറുതിർത്ത് രണ്ടാമതും വലകുലുക്കിയതോടെ മുംബൈയുടെ തിരിച്ചുവരവിന്റെ പ്രതീക്ഷകൾ അടഞ്ഞു.
ജനുവരി 16-ന് കേരള ബ്ലാസ്റ്റേഴ്‌സുമായാണ് മുംബൈയുടെ അടുത്ത മത്സരം.
10 മത്സരങ്ങളിൽ നിന്ന് 17 പോയിന്റാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. 11 മത്സരങ്ങളിൽ നിന്ന് അത്രയും പോയിന്റുള്ള മുംബൈ ഗോൾ വ്യത്യാസത്തിൽ റണ്ടാം സ്ഥാനത്താണ്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ വെറും രണ്ട് പോയിന്റ് മാത്രമേ മുംബൈയ്ക്ക് നേടാൻ കഴിഞ്ഞിട്ടുള്ളൂ. 10 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ഹൈദരാബാദും ജംഷഡ്പൂരുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
Adjust Story Font
16

