Quantcast

'പിൻവാങ്ങരുതെന്ന് ഇവാനോട് പറഞ്ഞു, പക്ഷേ കേട്ടില്ല, ഞങ്ങൾ വിജയം അർഹിച്ചവർ തന്നെ'; പ്രതികരിച്ച് ബംഗളൂരു കോച്ച്

താനായിരുന്നു കോച്ചെങ്കിൽ മത്സരത്തിൽനിന്ന് പിൻവാങ്ങുമായിരുന്നില്ലെന്നും റഫറിമാരുടെ തീരുമാനം അംഗീകരിച്ച് കഴിയുന്ന വഴിയിൽ മത്സരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുമായിരുന്നുവെന്നും സൈമൺ ഗ്രേസൺ

MediaOne Logo

Sports Desk

  • Published:

    4 March 2023 2:06 PM GMT

simon grayson, ivan Vukomanovic, Kerala Blasters, Bengaluru fc
X

simon grayson, ivan Vukomanovic

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സുമായി നടന്ന മത്സരത്തിലെ വിവാദങ്ങളിൽ പ്രതികരിച്ച് ബംഗളൂരു കോച്ച് സൈമൺ ഗ്രേസൺ. മത്സരത്തിൽ നിന്ന് പിൻവാങ്ങരുതെന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിചിനോട് താൻ പറഞ്ഞിരുന്നുവെന്നും പക്ഷേ കേട്ടില്ലെന്നും റഫറി അത്രയധികം മോശം തീരുമാനമാണ് സ്വീകരിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും സൈമൺ പറഞ്ഞു. മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങൾ വിജയം അർഹിച്ചിരുന്നവർ തന്നെയാണെന്നും ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്തുവെന്നും അവരുടെ മികച്ച താരങ്ങളെ മികപ്പോഴും നിശബ്ദരാക്കിയെന്നും ബംഗളൂരു കോച്ച് അവകാശപ്പെട്ടു.

മത്സരത്തിൽ വിവാദം സൃഷ്ടിച്ച സുനിൽ ഛേത്രിയുടെ ഫ്രീകിക്ക് ഗോളിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'സെമിഫൈനലിലെത്താൻ ഞങ്ങൾ ആഗ്രഹിച്ച വഴി ഇതായിരുന്നില്ല. നമ്മൾ അറിയുന്നത് പോലെ നിരവധി വിവാദങ്ങളുണ്ട്. നമുക്ക് ഫ്രീകിക്ക് കിട്ടിയപ്പോൾ മതിൽ വേണ്ടെന്ന് സുനിൽ പറഞ്ഞു, റഫറി പ്രശ്‌നമില്ലെന്നും വ്യക്തമാക്കി. ലൂണയെ ഒരു വട്ടം പരീക്ഷിച്ചു. പിന്നീട് വലയിലെത്തിച്ചു' കോച്ച് സൈമൺ പറഞ്ഞു.

ബ്ലാസ്‌റ്റേഴ്‌സ് റഫറിയുടെ വിസിൽ കാത്തിരിക്കുകയായിരുന്നുവെന്നും ഒടുവിൽ എല്ലാം വിവാദത്തിൽ കലാശിച്ചുവെന്നും നീലപ്പടയുടെ പരിശീലകൻ ചൂണ്ടിക്കാട്ടി. താനായിരുന്നു ഈ സ്ഥാനത്തുള്ള കോച്ചെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നില്ലെന്നും റഫറിമാരുടെ തീരുമാനം അംഗീകരിച്ച് കഴിയുന്ന വഴിയിൽ മത്സരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവർ ചെയ്ത പോലെയുള്ള കാര്യം ചെയ്യുമായിരുന്നില്ലെന്നും വ്യക്തമാക്കി. റഫറിമാരെ താൻ വിമർശിക്കുന്നില്ലെന്നും ആദ്യ പകുതിയിൽ രണ്ട് ബ്ലാസ്‌റ്റേഴസ് താരങ്ങൾക്കെതിരെ നടപടിയുണ്ടാകേണ്ടതായിരുന്നുവെന്നും എന്നാലത് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ റഫറിമാരുടെ തീരുമാനം സ്വീകരിക്കുമെന്നും പറഞ്ഞു.

ബംഗളൂരുവിനെതിരെ മത്സരത്തിലെ ഫ്രീകിക്ക് വിവാദം?

ഇന്നലെ നടന്ന സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കാനുള്ള മത്സരത്തിൽ ഫ്രീ കിക്ക് തടയാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയ്യാറാവും മുമ്പേ ബംഗളൂരു താരം സുനിൽ ഛേത്രി പന്ത് വലയിലാക്കിയിരുന്നു. ഇതിനെ തുടർന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകുമനോവിച്ച് താരങ്ങളെ മുഴുവൻ തിരിച്ചു വിളിക്കുകയായിരുന്നു.

വിവാദ ഗോളിലൂടെ ബംഗളൂരു എഫ്സി വിജയിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്ലിൽ നിന്ന് പുറത്തായിരിക്കുകയാണ്. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ അധിക സമയത്താണ് ബംഗളൂരു താരം സുനിൽ ഛേത്രി വിവാദ ഗോൾ നേടിയത്. ഇരുപകുതികളും ഗോൾ രഹിതമായതിനെ തുടർന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്റെ 96ാം മിനിറ്റിലാണ് വിവാദ ഗോൾ പിറന്നത്.

ഐ.എസ്.എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം മത്സരം പൂർത്തിയാക്കാതെ പ്രതിഷേധിച്ച് കളം വിടുന്നത്. ബ്ലാസ്റ്റേഴ്സിനെതിരെ വിലക്കടക്കം വലിയ നടപടികളിലേക്ക് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നീങ്ങുമോ എന്ന ആശങ്കയിലാണിപ്പോൾ ആരാധകർ. മുമ്പ് 2015 ഐ.എസ്.എൽ ഫൈനലിന് ശേഷം എഫ്.സി ഗോവ സമ്മാനദാനച്ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. അന്ന് ടീമിന് 50 ലക്ഷം രൂപയാണ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പിഴയേർപ്പെടുത്തിയത്.

ഇന്നലെ ഗാലറിയിൽ ബ്ലാസ്റ്റേഴ്സ് ആരാധകരും റഫറിയുടെ തീരുമാനത്തിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഇരുടീം ആരാധകരും ഗാലറിയിൽ ഏറ്റുമുട്ടുന്ന കാഴ്ചക്കും ബാംഗ്ലൂർ ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷിയായി. ശേഷം മാച്ച് റഫറിയെത്തി ബാംഗ്ലൂർ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ കളം നിറഞ്ഞത് ബംഗളൂരുവാണെങ്കിൽ രണ്ടാം പകുതിയിൽ മികച്ച കളി പുറത്തെടുത്ത് ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് തിരിച്ചെത്തി. മത്സരത്തിൽ 60 ശതമാനവും പന്ത് കൈവശം വച്ചത ബ്ലാസ്റ്റേഴ്സായിരുന്നു. രണ്ടാം പകുതിയിൽ ഗോൾ മുഖത്തിനടത്തു വച്ച് നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തി കളഞ്ഞത്.

അതിനിടെ, കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കും കോച്ച് ഇവാൻ വുകുമനോവിചിനും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഗംഭീര സ്വീകരണം നൽകി ആരാധകർ. മഞ്ഞപ്പടയുടെ നിരവധി ആരാധകരാണ് തങ്ങളുടെ ഇഷ്ട ടീമിനെ സ്വീകരിക്കാനെത്തിയത്. വിവാദ ഗോളിനെ തുടർന്ന് ടീമിനെ പിൻവലിച്ച കോച്ച് ഇവാൻ വുകുമനോവിചിന്റെ സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ അഭിനന്ദിച്ചിരുന്നു. ഇന്ന് വിമാനത്താവളത്തിലും 'ഇവാൻ.. ഇവാൻ.. ' എന്ന പേരാണ് മുഴങ്ങുന്നത്. അദ്ദേഹത്തിന്റെയും ടീമിന്റെയും പ്രതികരണം ഐഎസ്എല്ലിലെ മോശം റഫറിയിങ്ങിന് അന്ത്യം വരുത്തുമെന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്. എന്നാൽ ചിലർ വിവാദ ഗോളിനെ അനുകൂലിക്കുന്നുണ്ട്.

അതേസമയം, ഇവാൻ വുകുമനോമോവിച് ആരാധകർക്ക് നന്ദി അറിയിച്ചു. കേരളത്തിലേത് ലോകത്തിലെ മികച്ച ആരാധകരാണെന്നും അടുത്ത തവണ കാണാമെന്നും ഇവാൻ പറഞ്ഞു. ഇന്നലത്തെ മത്സരത്തിൽ നിരാശയുണ്ടെന്ന് മലയാളി താരം കെ.പി രാഹുൽ പറഞ്ഞു. എന്നാൽ പ്രതികരിക്കാനില്ലെന്ന് സൂപ്പർ താരം അഡ്രിയാൻ ലൂണ പറഞ്ഞു.

Bengaluru coach Simon Grayson reacts to the controversies in the ISL match against Kerala Blasters

TAGS :

Next Story