ഡ്യൂറൻറ് കപ്പ്: എയർ ഫോഴ്‌സിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന് ഇരട്ടഗോൾ ലീഡ്
കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്‌സിയുടെ രണ്ടാം നിര ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ കുരുക്കിയിരുന്നു

കൊൽക്കത്ത: ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യൻ എയർ ഫോഴ്‌സ് ഫുട്‌ബോൾ ടീമിനെതിരെയുള്ള മത്സരത്തിന്റെ ആദ്യ പകുതിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇരട്ടഗോൾ ലീഡ്. എയർഫോഴ്‌സ് പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത് മുഹമ്മദ് ഐയ്മനാണ് മഞ്ഞപ്പടയ്ക്ക് ആദ്യ ഗോൾ നേടിക്കൊടുത്തത്. ഒമ്പതാം മിനിട്ടിലാണ് വിബിനുമായി ചേർന്നുള്ള ഐയ്മന്റെ മുന്നേറ്റം ഗോൾവല കുലുക്കിയത്. അധികം വൈകാതെ 12ാം മിനിട്ടിൽ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ഇരട്ടിയാക്കി. ഡാനിഷിന്റെ ത്രൂ ബോളിൽ നിന്ന് ബിദ്യാസാഗറാണ് ലക്ഷ്യം കണ്ടത്.
കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്‌സിയുടെ രണ്ടാം നിര ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ കുരുക്കിയിരുന്നു. ഇരു ടീമുകളും രണ്ട് ഗോളടിച്ച് മത്സരം സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തോടെ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തുള്ള ഗോകുലം ഡ്യൂറൻറ് കപ്പ് ക്വാർട്ടറിലെത്തിയിരുന്നു.
സുനിൽ ഛേത്രിയടക്കമുള്ള പ്രമുഖരില്ലാതെയിറങ്ങിയ ബെംഗളൂരുവിന് മുമ്പിൽ ബ്ലാസ്റ്റേഴ്സ് വിയർക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡ് നേടിയത്. 14ാം മിനിട്ടിൽ ജസ്റ്റിനായിരുന്നു മഞ്ഞപ്പടക്കായി എതിർ വല കുലുക്കിയത്. എന്നാൽ 38ാം മിനിട്ടിൽ ബെംഗളൂരു തിരിച്ചടിച്ചു. എഡ്മണ്ട് ലാൽറിൻഡികയാണ് ഗോളടിച്ചത്.
രണ്ടാം പകുതിയിൽ നീലപ്പടയാണ് ആദ്യം ഗോളടിച്ചത്. 52ാം മിനിട്ടിൽ ആശിഷാണ് ഗോൾ നേടിയത്. എന്നാൽ 84ാം മിനിട്ടിൽ മുഹമ്മദ് ഐയ്മനിലൂടെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. 67ാം മിനിട്ടിൽ ഡാനിഷിന് പകരമിറങ്ങിയതാണ് ഐയ്മൻ. ഇവാൻ വുകുമനോവിച്ചിന് പകരം അസിസ്റ്റൻറ് കോച്ചായ ഫ്രാങ്ക് ഡോവന്റെ മേൽനോട്ടത്തിലാണ് ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്നത്.
86ാം മിനിട്ടിൽ പ്രതിരോധ താരം ഹോർമിപാം രണ്ടാം മഞ്ഞക്കാർഡ് കണ്ട് കളത്തിന് പുറത്തായി. ബിഎഫ്സി ഫോർവേഡ് മുനീറുലിനെ ഫൗൾ ചെയ്തതിനായിരുന്നു രണ്ടാമത്തെ മഞ്ഞക്കാർഡ്. ഇതോടെ ബ്ലാസ്റ്റേഴ്സ് പത്ത് താരങ്ങളായി മാറി.
ഐഎസ്എല്ലിലെ വിവാദങ്ങളും സഹൽ അബ്ദു സമദടക്കമുള്ളവരുടെ ട്രാൻസ്ഫറുകളും ടീമിന് മങ്ങലേൽപ്പിച്ചിരിക്കെ, ഡ്യുറന്റ് കപ്പിൽ മികച്ച പ്രകടനമാണ് മഞ്ഞപ്പട ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ടൂർണമെൻറിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ നാട്ടുകാരായ ഗോകുലം കേരള എഫ്സി അട്ടിമറിച്ചിരുന്നു. മൂന്നിനെതിരെ നാലു ഗോളിനാണ് ഗോകുലം വിജയിച്ചത്.
ഡ്യുറന്റ് കപ്പിൽ ഗ്രൂപ്പ് സിയിലാണ് ബ്ലാസ്റ്റേഴ്‌സ്. നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി, ഗോകുലം കേരള എഫ്‌സി, ഇന്ത്യൻ എയർഫോഴ്‌സ് ഫുട്‌ബോൾ ടീം എന്നിവയാണ് ഗ്രൂപ്പ് സിയിലെ ഇതര ടീമുകൾ.
Kerala Blasters take a double-goal lead in the first half of the match against the Indian Air Force Football Team in the Durant Cup.
Adjust Story Font
16

