ക്ലബ് ലോകകപ്പ്: യൂറോപ്പിനെ വിറപ്പിച്ച് ബ്രസീൽ ക്ലബുകൾ
കടുത്ത ചൂടും തിങ്ങിനിറഞ്ഞ ബ്രസീൽ ആരാധകരും ചേർന്ന അമേരിക്കൻ മൈതാനങ്ങൾ യൂറോപ്പിലെ ഭീമൻമാർക്ക് ഒരിക്കലും എളുപ്പമാകാനിടയില്ല

ക്ലബ് ലോകപ്പന്റെ ആദ്യ ഘട്ട മത്സരങ്ങൾ പിന്നിടുമ്പോൾ ആരാണ് വിജയി? അതിന് ഒറ്റ ഉത്തരമേയുള്ളൂ. ബ്രസീലിയൻ ക്ലബുകൾ. നാല് ബ്രസീലിയൻ ക്ലബുകളാണ് അമേരിക്കൻ മൈതാനങ്ങളിൽ ഇറങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഈ നാല് ക്ലബുകളും അതത് ഗ്രൂപ്പുകളിൽ ഒന്നാമത്. നാല് ബ്രസീലിയൻ ക്ലബുകളും ചേർന്ന് എട്ട് മത്സരങ്ങളാണ് കളിച്ചത്. ഇതിൽ ഒരു ടീമും ഒരു മത്സരം പോലും തോറ്റില്ല എന്നത് തന്നെയാണ് അവരുടെ റേഞ്ച്.
പാൽമിറാസ്, ബൊറ്റഫോഗോ, ഫ്ലമെങ്ങോ, ഫ്ലൂമിനൻസ്...ബ്രസീലിന്റെ ഫുട്ബോൾ ഈറ്റില്ലങ്ങളിൽ നിന്നും ഫിഫയുടെ വിളികേട്ട് കളത്തിലേക്കിറങ്ങിയത് നാല് ടീമുകളാണ്. ഇതിൽ പാൽമിറാസ് അല്ലാത്ത മറ്റ് മൂന്ന് ക്ലബുകളും വരുന്നത് റിയോ ഡി ജനേറോയിൽ നിന്നുമാണ്. പാൽമിറാസ് എന്നത് സാവോപോളായുടെ അഭിമാനവും. ഇവരെല്ലാവരും ചേർന്ന് ഫുട്ബോൾ ലോകത്തിന് മുന്നിൽ മഹത്തായ ബ്രസീൽക പതാക ഒരിക്കൽ കൂടി പാറിപ്പിക്കുകയാണ്.
‘‘ബ്രസീൽകളിക്കുന്നത് ഹൃദയം കൊണ്ടാണ്. മറ്റുള്ളവർ പ്ലാനുകളുമായി കളിക്കുമ്പോൾ ഞങ്ങൾ ആത്മാവ് കൊണ്ടാണ് കളിക്കാറുള്ളത്D’’ -ബ്രസീൽ ഇതിഹാസം റോബർട്ടോ കാർലോസ് പറഞ്ഞ വാക്കുകളാണിത്. എന്നാൽ ഇത്തരം കാൽപ്പനിക വാചകങ്ങൾക്കൊണ്ടും ജൊഗൊ ബൊണീറ്റയുടെ ഈണങ്ങൾ കൊണ്ടും മാത്രം വർത്തമാന ഫുട്ബോളിനെ ജയിക്കാനാകില്ല എന്ന് അവർ തിരിച്ചറിയുന്നുണ്ട്. യൂറോപ്യൻമാരോട് ജയിക്കാൻ അവരും മറുപദ്ധതികൾ തയ്യാറാക്കി. അതേ തന്ത്രങ്ങൾ വെച്ചുതന്നെ അവരെയും പൂട്ടി.
യൂറോപ്പ് ജയിച്ചതിന്റെ പകിട്ടിൽ വന്നിറങ്ങിയ പിഎസ്ജിക്കായി ബൊറ്റഫോഗോ കരുതിവെച്ചത് ഒരു അപ്രതീക്ഷിത ഷോക്കായിരുന്നു. മാർച്ചിന് ശേഷം തോൽവിയറിയാത്ത, അവസാന മൂന്ന് മത്സരങ്ങളിൽ നിന്നും മാത്രമായി 12 ഗോളുകൾ അടിച്ച പിഎസ്ജിയെ ബൊറ്റഫോഗോ ചതുരപ്പൂട്ടിട്ട് നിർത്തി. ഈ സീസണിൽ മറ്റൊരു ടീമിനും സാധിക്കാത്ത വിധമാണ് ബൊറ്റഫോഗോ തങ്ങളെ പൂട്ടിയതെന്ന് പിഎസ്ജി കോച്ച് എന്റിക്വക്ക് തുറന്നുപറയേണ്ടി വന്നു. ഇറ്റാലിയൻ വമ്പൻമാരായ ഇന്ററിനെതിരെപ്പോലും അഞ്ചുഗോളുകൾ അടിച്ച പിഎസ്ജി ബൊറ്റഫോഗോക്ക് മുന്നിൽ കിതച്ചു. .
യൂറോപ്പിലെ ചാമ്പ്യൻമാരെ പരാജയപ്പെടുത്തിയ ശേഷം ബൊറ്റഫോഗോ പരിശീലകനായ റെനേറ്റോ പൈവ നടത്തിയത് അക്ഷരാർത്ഥത്തിൽ യൂറോപ്പിനോടുള്ള ഒരു പ്രഖ്യാപനം കൂടിയാണ്.
‘‘ഈ വിജയം എന്റേതല്ല. അതിരാവിലെ ട്രെയിനിങ്ങിനായി പോകുമ്പോൾ വാതിൽ തുറക്കുന്ന സെക്യൂരിറ്റി ഗാർഡ് മുതൽ ന്യൂട്രീഷനും ഡോക്ടറുമടക്കമുള്ള എല്ലാവരുടെയും വിജയമാണ്. ഫുട്ബോൾ എന്നത് എപ്പോഴും വിജയിക്കാൻ സാധ്യതയുള്ള ഒരു കളിയാണ്. ഫേവറിറ്റുകളായി വന്ന ഒരുപാട് പേരുടെ ശവങ്ങൾ ഉറങ്ങുന്നതാണ് ഫുട്ബോൾ ചരിത്രം. അതിവിടെ ഒരിക്കൽ തെളിഞ്ഞിരിക്കുന്നു. റെനറ്റോ’’ -പറഞ്ഞു. കൂടാതെ ടാക്റ്റിക്കലി പിഎസ്ജിയെ ഇല്ലാതാക്കിയതിനെക്കുറിച്ചും അദ്ദേഹം വാചാലനായി. ടാക്റ്റിക്കലി ഞങ്ങൾ പെർഫെക്റ്റായിരുന്നു. പിഎസ്ജിക്ക് പന്ത് ഒരുപാട് കിട്ടി. പക്ഷേ ഞങ്ങൾ ഒറ്റക്കെട്ടായി നിന്നു. അവരുടെ മരുന്ന് അവരെക്കൊണ്ടുതന്നെ ഞങ്ങൾ കുടിപ്പിച്ചു. റെനറ്റോ പറഞ്ഞുനിർത്തി.
ബില്യൺ ഡോളറുകളുടെ കിലുക്കത്തിൽ അമേരിക്കൻ മൈതാനങ്ങളിലേക്കിറങ്ങിയ ചെൽസിയെ ഫ്ലമെങ്ങോ അക്ഷരാർത്ഥത്തിൽ തൂത്തുവാരിക്കളയുകയായിരുന്നു. പൊസിഷനിലും പാസിലും ഷോട്ടിലും ഷോട്ട് ഓൺ ടാർഗറ്റിലുമെല്ലാം ചെൽസിക്ക് മേൽ ആധിപത്യം പുലർത്തിയാണ് െഫ്ലമെങ്ങോ ജയിച്ചുകയറിയത്. അതിനുപിന്നാലെ അവരുടെ പരിശീലകൻ ഫിലിപ്പ് ലൂയിസും വാർത്തകളിൽ നിറയുകയാണ്. നീളൻ മുടിയുമായി അത്ലറ്റിക്കോ മാഡ്രിഡ് കുപ്പായത്തിൽ കണ്ടിരുന്ന ലൂയിസ് 2019ഓടെയാണ് ഫ്ലമെങ്ങോയിൽ വന്നിറങ്ങിയത്. നാല് വർഷത്തെ കരിയറിന് ശേഷം കോച്ചിന്റെ കുപ്പായമണിഞ്ഞു. കോപ്പ ഡ ബ്രസീൽ, സൂപ്പർ കോപ്പ ഡ ബ്രസീൽ അടക്കമുള്ള കിരീടങ്ങൾ ഇതിനോടകം തന്നെ ഫ്ലമെങ്ങോയിലെത്തിച്ചു. കളിക്കാരനായ കാലത്ത് ലോണിൽ കളിച്ചുപരിചയമുള്ള ചെൽസിയെ ക്ലബ് ലോകകപ്പിൽ തരിപ്പണമാക്കി ലൂയിസ് തന്റെ ഗ്രാഫ് ഉയർത്തുകയാണ്. ഭാവിയിലെ ബ്രസീൽ കോച്ചായിപ്പോലും ലൂയിസിനെ പലരും ഉയർത്തിക്കാണിക്കുന്നു..
ബ്രസീലിലെ ഏറ്റവും ആദ്യത്തെ ക്ലബെന്ന് മേനിപറയാറുള്ള ഫ്ലൂമിനൻസും മോശമാക്കിയില്ല. ആദ്യത്തെ മത്സരത്തിൽ ഡോർട്ട്മുണ്ട് അവരുടെ മുന്നിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. രണ്ടാം മത്സരത്തിൽ കൊറിയൻ ക്ലബായ ഉൽസാനെ അവർ തകർക്കുകയും ചെയ്തു. എഫ്.സി പോർട്ടോയെ വിറപ്പിച്ച് നിർത്തി പാൽമിറാസും യൂറോപ്പിന് നേർക്കുള്ള യുദ്ധത്തിൽ നിവർന്നുനിന്നു. .
ബ്രസീലിലെ തെരുവുകളിലും അക്കാഡമികളിലും മൈതാനങ്ങളിലുമെല്ലാം യൂറോപ്യൻ ക്ലബുകൾ റോന്ത് ചുറ്റുന്നുണ്ട്. യൂറോപ്പിലേക്ക് ഏറ്റവുമധികം കളിക്കാരെ കയറ്റിഅയക്കുന്നതും ബ്രസീലുകാരാണ്. പിഎസ്ജിയെ ബൊറ്റഫോഗോ മലർത്തിയടിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഇഗോർ ജീസസും ജെയർ കുഞ്ഞയും അടക്കമുള്ളവർ അടുത്ത സീസണിൽ യൂറോപ്പിൽ പന്തുതട്ടാനുള്ളവരാണ്. തങ്ങളുടെ ലീഗിനെയും ക്ലബുകളെയും പിടിച്ചുനിർത്താനുള്ള പെടാപ്പാടിലാണ് ബ്രസീൽ ഫുട്ബോൾ. അതിനിടയിലും യൂറോപ്യൻ ക്ലബുകളെ അവർ വിറപ്പിച്ചുനിർത്തുന്നു. കടുത്ത ചൂടും തിങ്ങിനിറഞ്ഞ ബ്രസീൽ ആരാധകരും ചേർന്ന അമേരിക്കൻ മൈതാനങ്ങൾ യൂറോപ്പിലെ ഭീമൻമാർക്ക് ഒരിക്കലും എളുപ്പമാകാനിടയില്ല. അടുത്ത ക്ലബ് ലോകകപ്പിന് ആതിഥ്യം വഹിക്കാൻ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ തന്നെ മുന്നോട്ട് വന്നിരിക്കുന്നു എന്നാണ് ഇപ്പോൾ കേൾക്കുന്ന വാർത്ത.
Adjust Story Font
16

