ബ്രെൻഡ്ഫോർഡിന് മുന്നിൽ തകർന്ന് യുനൈറ്റഡ്; ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റി പാഴാക്കി

ലണ്ടൻ: പ്രീമിയർ ലീഗിൽ ബ്രെൻഡ്ഫോർഡിനെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡിന് തോൽവി. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റി ഗോൾകീപ്പർ കെല്ലഹർ തടുത്തു. ബ്രെൻഡ്ഫോർഡിനായി സ്‌ട്രൈക്കർ ഇഗോർ തിയാഗോ ഇരട്ട ഗോളുകൾ നേടി. ആതിഥേയരുടെ മറ്റൊരു ഗോൾ മതിയാസ് ജെൻസനാണ് നേടിയത്.
ബ്രെൻഡ്ഫോർഡ് കമ്യുണിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്ത് ആതിഥേയരായിരുന്നു. ജോർഡൻ ഹെൻഡേഴ്‌സൺ നീട്ടി നൽകിയ പാസ്, യുനൈറ്റഡിന്റെ ഓഫ്‌സൈഡ് ട്രാപ് മറികടന്ന ബ്രെൻഡ്ഫോർഡ് സ്‌ട്രൈക്കർ ഇഗോർ തിയാഗോ അത് വലയിലെത്തിച്ചു. അധികം വൈകാതെ കെവിൻ ഷാഡെ നൽകിയ പന്തിൽ കാലുവെച്ച് തിയാഗോ ആതിഥേയരുടെ രണ്ടാം ഗോളും നേടി. യുനൈറ്റഡിനായി ആദ്യ പകുതിയിൽ തന്നെ ബെഞ്ചമിൻ ഷെസ്കോ ഒരു ഗോൾ മടക്കുകയും ചെയ്തു. സ്ലോവേനിയന് താരത്തിന്റെ യുനൈറ്റഡ് ജേഴ്‌സിയിൽ ആദ്യ ഗോളായിരുന്നു അത്. രണ്ടാം പകുതിയിൽ ബ്രയാൻ എംബ്യുമോയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി യുനൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് പാഴാക്കി. മത്സരത്തിന്റെ അധിക സമയത്ത് മതിയാസ് യാൻസൻ ബ്രെൻഡ്ഫോർഡിന്റെ മൂന്നാം ഗോളും നേടി.
ഏഴു പോയിന്റുകളുമായി പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുനൈറ്റഡ്. അതെ പോയിന്റുകളുമായി യുനൈറ്റഡിന് തൊട്ടു മുകളിലാണ് ബ്രെൻഡ്ഫോർഡിന്റെ സ്ഥാനം. യുണൈറ്റഡിന്റെ അടുത്ത മത്സരം ശനിയാഴ്ച സണ്ടർലാൻഡിനെതിരെയാണ്.
Adjust Story Font
16

