ജനസംഖ്യ കേരളത്തിലെ ഒരു താലൂക്കിനോളം; കേപ് വെർദെ ലോകകപ്പിന്

image -bbc
കേപ് വെർദെ. അധികമാരും കേൾക്കാത്ത ഒരു രാജ്യമാണത്. ഒരു ഗ്ലോബ് തിരിച്ചുനോക്കിയാൽ പോലും കണ്ടെത്താൻ പ്രയാസമുള്ള ഒരു രാജ്യം. പോർച്ചുഗീസ് കോളനിയായിരുന്ന ഈ ദ്വീപ് രാജ്യത്തിന്റെ ജനസംഖ്യ 6ലക്ഷത്തിൽ താഴെയാണ്. ശരാശരി കേരളത്തിലെ ഒരു താലൂക്കിലെ ആളുകൾ മാത്രമേ ഇവിടെയുള്ളൂ.
പക്ഷേ ഈ ദ്വീപ് രാജ്യം ഇന്ന് ലോകമെമ്പാടുമുള്ള വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടിയതിന് പിന്നാലെയാണത്. ഇന്നലെ എസ്വാതിനിയെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് തോൽപ്പിച്ച് യോഗ്യത ഉറപ്പാക്കിയ ഐതിഹാസിക നിമിഷം രാജ്യം ഒന്നടങ്കമാണ് ആഘോഷിച്ചത്. 2018ൽ യോഗ്യത നേടിയ ഐസ് ലാൻഡിന് ശേഷം ലോകകപ്പ് കളിക്കുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യമായും അവർ മാറി.
ആഫ്രിക്കൻ യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ഡിയിലാണ് അവർ കളിച്ചിരുന്നത്. പത്ത് മത്സരങ്ങളിൽ ഏഴും വിജയിച്ച് 23 പോയന്റുമായാണ് ബ്ലൂ ഷാർക് എന്ന് വിളിപ്പേരുള്ള അവർ ടിക്കറ്റെടുത്തത്. കാമറൂണും ലിബിയയുമെല്ലാം അവരുടെ പിന്നിലായാണ് ഫിനിഷ് ചെയ്തത്.
ഫിഫ റാങ്കിങ്ങിൽ 70ാം സ്ഥാനത്തുള്ള ഇവരുടെ ടീമിൽ യൂറോപ്പിലെ ടോപ്പ് 5 ലീഗുകളിൽ കളിക്കുന്ന ഒരു താരമേയുള്ളൂ. വിയ്യാറയലിന്റെ പ്രതിരോധ താരം ലോഗൻ കോസ്റ്റ. ബാക്കിയെല്ലാവരും പോർച്ചുഗൽ, തുർക്കി, സൗദി, യു.എ.ഇ ഹംഗറി, റഷ്യ, ഇസ്രായേൽ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ പന്തുതട്ടുന്നു.
ഇവരോടൊപ്പം തന്നെ പറയേണ്ട മറ്റൊരു രാജ്യം കൂടിയുണ്ട്. ഫറോവ ഐലൻഡ്സ്. വടക്കൻ അറ്റ്ലാന്റിക് ഓഷ്യനിൽ കിടക്കുന്ന ഈ രാജ്യത്തിന്റെ ജനസംഖ്യ 54900 മാത്രം. അഥവാ ഒരു സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി പോലുമില്ലാത്തവർ. യൂറോപ്പിലെ ഗ്രൂപ്പ് എല്ലിൽ കളിക്കുന്ന ഇവർ ചെക്ക് റിപ്പബ്ലിക്കിനെ 2-1ന് തോൽപ്പിച്ച് ലോകകപ്പ് യോഗ്യത പ്രതീക്ഷ സജീവമാക്കിയിട്ടുണ്ട്. ക്രൊയേഷ്യ ഒന്നാമതായ ഗ്രൂപ്പിൽ നിന്നും േപ്ല ഓഫിൽ കടക്കാമെന്ന പ്രതീക്ഷയിലാണ് ഇവർ. ഫിഫ റാങ്കിങ്ങിൽ 136 ആണ് ഇവരുടെ സ്ഥാനം.
Adjust Story Font
16

