Quantcast

'തോൽവിയിലും കൂടെ നിൽക്കുമ്പോഴാണ് യഥാർത്ഥ ആരാധകർ ആകുന്നത്'; മഞ്ഞപ്പടയെ വിമർശിച്ച് സികെ വിനീത്

ബ്ലാസ്റ്റേഴ്‌സ്-ജംഷഡ്പൂർ മത്സരത്തിന്റെ ഒഴിഞ്ഞ ഗ്യാലറി ചിത്രം പങ്കുവെച്ചാണ് മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഫേബ്‌സുക്കിൽ പോസ്റ്റിട്ടത്.

MediaOne Logo

Sports Desk

  • Published:

    19 April 2026 6:22 PM IST

You become a true fan when you stand by us even in defeat; CK Vineeth criticizes the Manjapada
X

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ ബഹിഷ്‌കരിക്കുന്ന ആരാധകകൂട്ടമായ മഞ്ഞപ്പടയ്‌ക്കെതിരെ ഇന്ത്യൻ ഫുട്‌ബോൾ താരം സി.കെ വിനീത്. ഒഴിഞ്ഞ ഗ്യാലറിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചാണ് മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ വിനീത് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ജയിക്കുമ്പോൾ കൂടെ നിൽക്കാൻ അനേകം പേരുണ്ടാകും, മോശം സമയത്തും കൂടെ നിൽക്കുമ്പോഴാണ് യഥാർത്ഥ കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ആകുന്നതെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. കലൂർ ജവഹൽ ലാൽ നെഹ്‌റു സ്‌റ്റേഡിയത്തിന്റെ നടത്തിപ്പുകാരായ ജിസിഡിഎക്കെതിരെയും താരം രംഗത്തെത്തി. രാജ്യാന്തര സ്റ്റേഡിയം ഫുട്‌ബോൾ മത്സരത്തിനുള്ളതാണെന്നും സിനിമാ,പാർട്ടി പരിപാടികൾക്കുള്ളതല്ലെന്നും വിനീത് പറഞ്ഞു.

പോസിറ്റിന്റെ പൂർണരൂപം ഇങ്ങനെ: സാധാരണ കേരള ബ്ലാസ്റ്റർസിന്റെ കാര്യങ്ങളിൽ നിന്ന് മാറി നിൽക്കാറാണ് എന്റെ പതിവ്, കുറേ നാളിനു ശേഷമാണ് ഇന്നു ഒരു കേരള ബ്ലാസ്റ്റേഴ്സ് മാച്ച് കാണുന്നത്. കേരള ബ്ലാസ്റ്റേഴ്സ് vs ജംഷഡ്പുർ,ആഷ്ലി വെസ്റ്റുവുഡിന്റെ കീഴിൽ ടീം നല്ല കളി കളിക്കുന്നുമുണ്ട്, രണ്ടു ഗോളുകൾക്ക് മുന്നിലാണ്. ഗ്യാലറിയിൽ അധികം ആളുകളില്ല, ''ബാഡ്ജിനോടാണ് ഞങ്ങളുടെ വിശ്വാസം'' എന്ന് ബാനറിൽ എഴുതി വെച്ചത് കാണാം , ഒരു വിഭാഗം ഫാൻസ് കളി ബഹിഷ്‌ക്കരിച്ചിട്ടുണ്ടെന്നു തോന്നുന്നു.

നിങ്ങൾക്ക് പല പ്രശ്‌നങ്ങൾ കാണും, മാനേജ്‌മെന്റുമായിട്ട് പ്രശ്‌നങ്ങൾ കാണും, പ്ലയെഴ്‌സ് ആയിട്ട് കാണും, അത് ചോദ്യം ചെയ്യപ്പെടുകയും വേണം. പക്ഷെ കളി ബഹിഷ്‌കരിക്കുന്നത് ശരിയായ രീതിയല്ല. ഏത് മാനേജ്‌മെന്റ് ആണേലും കളിക്കാരൻ ആണേലും ഗ്രൗണ്ടിൽ പോരാട്ടം ആ ബാഡ്ജിനു വേണ്ടിയാണ്. മറ്റുള്ളതൊക്കെ അതിനു പുറത്ത്. മാനേജ്‌മെന്റ് വരും പോകും, കളിക്കാർ വരും പോകും. മോശം സീസണുകളും മോശം ഫലങ്ങളും എല്ലാം ക്ലബ്ബിന്റെ ഭാഗമാണ്. ഈ ക്ലബ് നിങ്ങളുടേതാണ് .നിങ്ങൾ കൂടെയുണ്ടാകുമ്പോഴാണ് അത് തലയുയർത്തി നിൽക്കുന്നത്. മറ്റു ടീമുകൾ കേരള ബ്ലാസ്റ്റേഴ്സ് എന്നെ ടീമിനെക്കാൾ പേടിച്ചിരുന്നത് ഗാലറിയിലുണ്ടായിരുന്ന നിങ്ങളെയാണ്. ഈ ടീമിനെ ഈ നാടിനാവശ്യമുണ്ട് ,അതിനേക്കാളേറെ ഈ ടീമിന് നിങ്ങളെയും.

ഞാൻ കളിച്ച് കൊണ്ടിരുന്ന സമയത്ത് പോലും കണ്ടിരുന്ന ഒരു രീതിയാണിത്, കളി ജയിക്കുമ്പോൾ കാണികൾ കൂടുകയും കളി തോൽക്കുമ്പോൾ ആളുകൾ കുറയുകയും ചെയ്യുന്ന അവസ്ഥ, അറുപതിനായിരം കാണികൾ എന്നു പറഞ്ഞിടത്തു രണ്ടായിരത്തി അഞ്ഞൂറോളും ആളുകളുടെ മുന്നിൽ ഞാൻ കളിച്ചിട്ടുണ്ട്, അന്ന് പറഞ്ഞത് തന്നെയേ ഇന്നും പറയാനുള്ളു, കാണികളുണ്ടാവേണ്ടത് സാമൂഹ്യ മാധ്യമങ്ങളിലല്ല ഗാലറിയിലാണ്. ജയിക്കുമ്പോൾ കൂടെ നിൽക്കാൻ അനേകം പേരുണ്ടാകും മോശം സമയത്തും കൂടെ നിൽക്കുമ്പോഴാണ് യഥാർത്ഥ കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ആകുന്നത് . അതാണ് ' OUR LOYALITY IS TO THE BADGE '

TAGS :

Next Story