Quantcast

വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ: ലക്‌സംബർഗിനെ ഗോളിൽ മുക്കി പോർച്ചുഗൽ

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരുവട്ടം വലകുലുക്കിയപ്പോൾ ജാവാ ഫെലികസ്, ബെർണാണ്ടോ സിൽവ, ഒടാവിയോ, റഫേൽ ലിയോ എന്നിവരായിരുന്നു മറ്റു സ്‌കോറർമാർ.

MediaOne Logo

Web Desk

  • Published:

    27 March 2023 1:58 AM GMT

Cristiano Ronaldo, Luxembourg
X

ലക്സംബര്‍ഗിനെതിരെ ഗോള്‍നേട്ടം ആഘോഷിക്കുന്ന  പോര്‍ച്ചുഗല്‍ താരങ്ങള്‍

ലക്‌സംബർഗ്‌: ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ ഫോം തുടർന്നപ്പോൾ യൂറോകപ്പ് യോഗ്യതാ മത്സരത്തിൽ ലക്‌സംബർഗിനെ ഗോളിൽ മുക്കി പോർച്ചുഗൽ. എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു ക്രിസ്റ്റ്യാനോയുടെയും സംഘത്തിന്റെയും വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരുവട്ടം വലകുലുക്കിയപ്പോൾ ജാവാ ഫെലികസ്, ബെർണാണ്ടോ സിൽവ, ഒടാവിയോ, റഫേൽ ലിയോ എന്നിവരായിരുന്നു മറ്റു സ്‌കോറർമാർ.

ഇതോടെ യൂറോകപ്പ് യോഗ്യതയിലെ രണ്ട് മത്സരങ്ങളും പോർച്ചുഗലിന് ജയിക്കാനായി. ഗ്രൂപ്പ് ജെയിൽ പോർച്ചുഗലാണ് മുന്നിൽ. കളി തുടങ്ങി ഒമ്പതാം മിനുറ്റിൽ തന്നെയായിരുന്നു റൊണാൾഡോയുടെ ഗോൾ. ഒമ്പത് മിനുറ്റ് വരെ ഗോളടിപ്പിക്കാതെ നോക്കിയത് മാത്രം ലക്സംബര്‍ഗിന് ആശ്വസിക്കാം. തുടർന്നങ്ങോട്ട് ലക്സംബര്‍ഗ് ഗോൾമുഖം കിടുകിടാ വിറക്കുകയായിരുന്നു. 31ാം മിനുറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ രണ്ടാം ഗോൾ. 15ാം മിനുറ്റിൽ ജാവോ ഫെലിക്‌സ്, 18ാം മിനുറ്റിൽ ബെർണാണ്ടോ സിൽവ കൂടി ലക്ഷ്യം കണ്ടതോടെ ലക്സംബര്‍ഗ് തകർന്നു.

ആദ്യ പകുതിയിൽ തന്നെ പോർച്ചുഗൽ നാല് ഗോളുകൾക്ക് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരായി വന്ന ഓടാവിയായും റാഫേൽ ലിയോയും കൂടി ഗോൾ നേടിയതോടെ ലക്സംബര്‍ഗ് പതനം പൂർത്തിയായി. ഇരട്ടഗോളോടെ റൊണാൾഡോയുടെ പോർച്ചുഗൽ ജേഴ്‌സിയിലുള്ള ഗോൾ നേട്ടം 122 ആയി. 198 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ ഇത്രയും ഗോളുകൾ അടിച്ചുകൂട്ടിയത്. ലിച്ചൻസ്റ്റീനെതിരായ ആദ്യ മത്സരത്തിലും റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയിരുന്നു. ആ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു പോർച്ചുഗലിന്റെ വിജയം.

സൗദി ക്ലബ്ബ് അൽനസറിലും മികച്ച ഫോം തുടരുകയാണ് റൊണാൾഡോ. രണ്ടാം മത്സരത്തിലും ഇരട്ട ഗോളുകൾ നേടിയതോടെ യൂറോകപ്പ് യോഗ്യതാ മത്സരത്തിൽ നേടുന്ന ഗോളുകളുടെ എണ്ണം വർധിപ്പിക്കാനും റൊണാൾഡോക്കായി. നിലവിൽ ഈ റെക്കോർഡ് റൊണാൾഡോയുടെ പേരിലാണ്. 37 മത്സരങ്ങളിൽ നിന്നായി 35 ഗോളുകളാണ് താരം നേടിയത്. ഗോൾ വഴങ്ങാതെ തുടരെയുള്ള രണ്ട് വിജയങ്ങളിൽ പരിശീലകൻ റോബർട്ടോ മാർട്ടിനസും സന്തോഷത്തിലാണ്. ബെൽജിയവുമായുള്ള കരാർ അവസാനിപ്പിച്ച ശേഷം കഴിഞ്ഞ ജനുവരിയിലാണ് റോബർട്ടോ പോർച്ചുഗലിന്റെ പരിശീലക അമരത്ത് എത്തുന്നത്.

TAGS :

Next Story