വിജയഗോള്‍ കുറിച്ച് 'സുജൂദി'ല്‍ വീണു, 'സിയൂ' ആഘോഷം പിന്നീട്; അൽനസ്ർ ആരാധകരെ ഞെട്ടിച്ച് ക്രിസ്റ്റ്യാനോ

ഷാദാബിനെതിരായ മത്സരത്തിൽ 2-2ന് തുല്യനിലയില്‍ നിന്ന ശേഷമായിരുന്നു നസ്റിനു വേണ്ടി ക്രിസ്റ്റ്യാനോയുടെ വിജയഗോള്‍ പിറന്നത്

MediaOne Logo

Web Desk

  • Published:

    25 May 2023 11:38 AM GMT

Cristiano Ronaldo performs Sujud-Al-Nassr vs Al-Shadab, Cristiano Ronaldo sujud, Cristiano Ronaldo Siuu celebration, Cristiano Ronaldo goals for Al-Nassr goal, Al-Nassra vs Al-Shadab
X

റിയാദ്: സൗദി പ്രോ ലീഗിൽ കരുത്തരായ അൽഷാദാബിനെതിരായ വാശിയേറിയ മത്സരത്തിനു പിന്നാലെ അൽനസ്ർ ആരാധകരെ ഞെട്ടിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പതിവ് 'സിയൂ' ആഘോഷത്തിനുമുൻപ് 'സുജൂദി'ൽ വീണായിരുന്നു താരത്തിന്റെ ആഹ്ലാദപ്രകടനം. മക്കയിലെ വിശുദ്ധ ഗേഹമായ കഅ്ബയിലേക്ക് തിരിഞ്ഞ് ടീമിലെ മുസ്‌ലിം സഹതാരങ്ങൾ സാധാരണ നടത്താറുള്ള സാഷ്ടാംഗ പ്രണാമം അനുകരിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ.

മത്സരത്തിൽ 2-2ന് തുല്യനിലയില്‍ നിന്ന ശേഷമായിരുന്നു ക്രിസ്റ്റ്യാനോ 59-ാം മിനിറ്റിൽ നസ്‌റിന് ലീഡ് നേടിക്കൊടുത്തത്. ഇതിനു പിറകെയാണ് സഹതാരങ്ങളെയും ആരാധകരെയും ഞെട്ടിച്ച് താരം സുജൂദിൽ വീണത്. ശേഷം ട്രേഡ് മാർക്കായ 'സിയൂ' ആഘോഷവും നടത്തി ക്രിസ്റ്റ്യാനോ. സൂപ്പർ താരത്തിന്റെ ഗോളിൽ അൽനസ്ർ അനിവാര്യമായ ജയവും സ്വന്തമാക്കി കിരീടപ്രതീക്ഷ നിലനിർത്തി.

സൗദി പ്രോ ലീഗിൽ അൽനസ്‌റിനു പിന്നിൽ മൂന്നാം സ്ഥാനക്കാരാണ് അൽഷാദാബ്. അൽഇത്തിഹാദാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇന്നലെത്തെ മത്സരത്തിൽ തോറ്റാൽ നസ്‌റിന്റെ കിരീടപ്രതീക്ഷകൾ അസ്തമിക്കുമായിരുന്നു. മത്സരം തുടങ്ങി 25-ാം മിനിറ്റിൽ തന്നെ ഷാദാബ് ആദ്യ ഗോളുമായി നസ്ർ ക്യാംപിനെ ഞെട്ടിച്ചു. ക്രിസ്റ്റ്യൻ ഗുവാൻക്കയാണ് ലക്ഷ്യം കണ്ടത്. 40-ാം മിനിറ്റിൽ വീണ്ടും ഗുവാൻക്ക മറ്റൊരു ഗോളുമായി നസ്‌റിനെ പ്രതിരോധത്തിലാക്കി.

രണ്ട് ഗോളിന് പിന്നിൽനിന്ന ശേഷം 44-ാം മിനിറ്റിലായിരുന്നു നസ്‌റിന്റെ തിരിച്ചുവരവ്. അൽഹസ്സന്റെ അസിസ്റ്റിൽ ബ്രസീൽ മധ്യനിര താരം ആൻഡേഴ്‌സൻ ടാലിസ്‌കയാണ് ആദ്യ ഗോൾ മടക്കിയത്. വീണ്ടും ഹസ്സന്റെ അസിസ്റ്റിൽ അബ്ദുറഹ്മാൻ ഗരീബും ലക്ഷ്യം കണ്ടു. അൽനസ് ർ-2, അൽ ഷാദാബ്-2. എട്ടു മിനിറ്റ് കഴിഞ്ഞാണ് ക്രിസ്റ്റ്യാനോയുടെ കിടിലൻ ഗോൾ പിറന്നത്. ഗുസ്താവോയുടെ അസിസ്റ്റ് സൂപ്പർ താരം കൃത്യമായി ഗോൾവലയിലാക്കിയപ്പോൾ അത് നസ്‌റിന്റെ വിജയഗോൾ കൂടിയായി.

Summary: Cristiano Ronaldo performs 'Sujud' before his trademark 'Siuu' celebration after scoring winning goal for Al-Nassr against Al-Shadab

TAGS :

Next Story