Quantcast

'നന്ദി ആൻഫീൽഡ്, ഞാനും എന്റെ കുടുംബവും മറക്കിലൊരിക്കലും, ആദരവിന്റെ ഈ നിമിഷം'; ലിവർപൂൾ ആരാധകർക്ക് നന്ദി പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിൽ ചൊവ്വാഴ്ച ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ കുടുംബത്തോട് ഐക്യദാർഡ്യം പ്രകടിപ്പിക്കാനായി ഏഴാം മിനിറ്റ് മാറ്റിവെക്കുകയായിരുന്നു

MediaOne Logo

Sports Desk

  • Updated:

    2022-04-21 14:23:41.0

Published:

21 April 2022 1:45 PM GMT

നന്ദി ആൻഫീൽഡ്, ഞാനും എന്റെ കുടുംബവും മറക്കിലൊരിക്കലും, ആദരവിന്റെ ഈ നിമിഷം; ലിവർപൂൾ ആരാധകർക്ക് നന്ദി പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ
X

''ഒരു ലോകം, ഒരു കായികമത്സരം, ഒരൊറ്റ ആഗോള കുടുംബം... നന്ദി ആൻഫീൽഡ്, ഞാനും എന്റെ കുടുംബവും മറക്കിലൊരിക്കലും, അനുകമ്പയുടെ, ആദരവിന്റെ ഈ നിമിഷം'' പോർച്ചുഗീസ് - മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡേ ഇന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണിത്. തന്റെ കുഞ്ഞുമകന്റെ വിയോഗത്തെ തുടർന്ന് ക്രിസ്റ്റ്യാനോ പങ്കെടുക്കാതിരുന്ന മത്സരത്തിൽ ലിവർപൂൾ ആരാധകർ ഐക്യദാർഡ്യം പ്രകടിപ്പിച്ച വീഡിയോ പങ്കുവെച്ച് നന്ദി പറയുകയായിരുന്നു താരം.


മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിൽ ചൊവ്വാഴ്ച ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ കുടുംബത്തോട് ഐക്യദാർഡ്യം പ്രകടിപ്പിക്കാനായി ഏഴാം മിനിറ്റ് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് സ്റ്റേഡിയം മുഴുവൻ ഒരു മിനിറ്റ് നേരം കരഘോഷം നടത്തി. 'യു വിൽ നെവർ വാക് എലോൺ' എന്ന ക്ലബ് ഗാനവും അവർ ആലപിച്ചു. മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളിന് ലിവർപൂൾ ഉജ്ജ്വല വിജയം നേടിയെങ്കിലും 'മത്സരത്തിന്റെ നിമിഷം' എന്നാണ് കരഘോഷത്തെ അവരുടെ കോച്ച് ജർഗൻ ക്ലോപ്പ് വിശേഷിപ്പിച്ചത്.



ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പങ്കാളി ജോർജിന റോഡ്രിഗസിന്റെയും ഇരട്ട കുട്ടികളിലെ ആൺകുഞ്ഞ് ഏപ്രിൽ 19 നാണ് മരിച്ചത്. താരം തന്നെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് സ്വകാര്യതയാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞ് പ്രസവത്തിനിടെയാണ് മരിച്ചതെന്നും പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന് താരം അറിയിച്ചു.

ഞങ്ങളുടെ മകൻ മരിച്ചവിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. ഏതൊരു മാതാപിതാക്കൾക്കും ഏറ്റവും വലിയ വേദനയാണിത്. ഞങ്ങളുടെ പെൺകുട്ടിയുടെ ജനനമാണ് ഈ നിമിഷത്തിൽ ഞങ്ങൾക്ക് ജീവിക്കാനുള്ള ശക്തി നൽകുന്നത്. ഡോക്ടർമാരോടും നഴ്സുമാരോടും അവരുടെ സേവനത്തിനും കരുതലിനുമുള്ള നന്ദി അറിയിക്കുന്നു. ഈ നഷ്ടത്തിൽ ഞങ്ങളെല്ലാവരും തകർന്നിരിക്കുകയാണ്. ഈ പ്രയാസമേറിയ സമയത്ത് സ്വകാര്യതയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയായിരുന്നു. ഞങ്ങൾ എപ്പോഴും നിന്നോടൊപ്പമുണ്ട്-ക്രിസ്റ്റ്യാനോ ട്വീറ്റ് ചെയ്തു.


ജോർജിന റോഡ്രിഗസ് ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചതായി കഴിഞ്ഞ ഒക്ടോബറിൽ ക്രിസ്റ്റ്യാനോ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ക്രിസ്റ്റ്യാനോ ജൂനിയർ, മരിയ, മാതിയോ, അലാന മാർട്ടിന എന്നിവരാണ് ക്രിസ്റ്റിയാനോയുടെ മറ്റു മക്കൾ.

ചൊവ്വാഴ്ച നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ കളിക്കാനിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് ലിവർപൂൾ തോൽപ്പിച്ചിരുന്നു. ആൻഫീൽഡിൽ നടന്ന പോരാട്ടത്തിലെ ഈ വിജയത്തോടെ പ്രീമിയർ ലീഗിൽ ലിവർപൂൾ ഒന്നാമതെത്തി. ഇരട്ടഗോളുകൾ നേടിയ മുഹമ്മദ് സലാഹടക്കമുള്ളവരുടെ പ്രകടനമാണ് യുണൈറ്റഡിനെ തകർത്തത്. മുമ്പ് ഓൾഡ് ട്രഫോഡിൽ നടന്നിരുന്ന ആദ്യ പാദത്തിൽ ലിവർപൂൾ എതിരില്ലാത്ത അഞ്ചു ഗോളിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ ഒമ്പത് ഗോൾ തോൽവിയാണ് ടീം നേരിട്ടത്.


കളിയുടെ തുടക്കം മുതൽ അവസാനം വരെ കളം നിറഞ്ഞ് കളിച്ചത് ലിവർപൂളായിരുന്നു. അഞ്ചാം മിനിറ്റിൽ സലാഹ് നൽകിയ പാസിലൂടെ ലൂയിസ് ഡിയാസാണ് ലിവർപൂളിന് വേണ്ടി ആദ്യഗോൾ നേടിയത്. 22ാം മിനിറ്റിൽ രണ്ടാമത്തെ ഗോളും പിറന്നു. മാനെ നൽകിയ പാസിൽ സലാഹാണ് മാഞ്ചസ്റ്ററിന്റെ വല കുലുക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ സലാഹിന്റെ അഞ്ചാം ഗോളായിരുന്നു ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സിംഗിൾ കാമ്പയിനിൽ അഞ്ചു ഗോൾ നേടുന്ന താരമായും ഇതിലൂടെ സലാഹ് മാറി.


ആദ്യപാദത്തിൽ കളിമറന്ന മാഞ്ചസ്റ്റർ രണ്ടാം പകുതിയെത്തിയപ്പോൾ നിറഞ്ഞുകളിച്ചെങ്കിലും ഗോളാക്കാനായില്ല. 55ാം മിനിറ്റിലും 63ാം മിനിറ്റിലും രണ്ട് സുവർണാവസരങ്ങൾ കിട്ടിയെങ്കിലും പന്ത് വലയിലെത്തിക്കാനായില്ല. 67ാം മിനിറ്റിൽ മാനെയിലൂടെ ലിവർപൂളിന്റെ മൂന്നാം ഗോൾ പിറന്നു. 85ാം മിനിറ്റിലെ സലാഹിന്റെ രണ്ടാം ഗോൾ മാഞ്ചസ്റ്ററിന്റെ പതനം പൂർണമാക്കി. ഒരു ഗോളുപോലും തിരിച്ചടിക്കാനാവാതിരുന്നത് മാഞ്ചസ്റ്റിന് വൻ തിരിച്ചടിയായി. ഈ വിജയത്തോടെ 32 മത്സരങ്ങളിൽ നിന്ന് 76 പോയിന്റുമായി ലിവർപൂൾ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. 31 മത്സരങ്ങളിൽ നിന്ന് 74 പോയന്റ് നേടിയ മാഞ്ചസ്റ്റർ സിറ്റി രണ്ടാമതായി. 33 മത്സരങ്ങളിൽ നിന്ന് 54 പോയന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്താണ്.

Cristiano Ronaldo thanks Liverpool fans

TAGS :

Next Story