Quantcast

ആഡംബര ഹോട്ടൽ അഭയാർത്ഥി ക്യാംപാക്കി; മൊറോക്കോ ഭൂകമ്പത്തിൽ സഹായഹസ്തം നീട്ടി ക്രിസ്റ്റ്യാനോ

പെസ്താന സി.ആർ7 മറാക്കിഷ് എന്ന പേരിലുള്ള ക്രിസ്റ്റ്യാനോയുടെ ഫോർസ്റ്റാർ ഹോട്ടലാണു ദുരന്തബാധിതർക്കായി തുറന്നുകൊടുത്തിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-09-10 10:07:06.0

Published:

10 Sep 2023 10:01 AM GMT

Cristiano Ronaldo’s hotel in Morocco offers shelter to earthquake victims, Cristiano Ronaldo hotel, Pestana CR7 Hotel, Cristiano Ronaldo in Marrakech, Morocco earthquake, Marrakesh earthquake
X

മറാക്കിഷിലെ ഹോട്ടലിനു മുന്നില്‍ ക്രിസ്റ്റ്യാനോ

റബാത്ത്: ഭൂകമ്പത്തിൽ തകര്‍ന്ന മൊറോക്കോ ജനതയ്ക്കു സഹായഹസ്തവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ദുരന്തത്തിൽ കുടിയും കിടപ്പാടവും നഷ്ടപ്പെട്ടവർക്കു സ്വന്തം ഹോട്ടലിൽ അഭയമൊരുക്കിയിരിക്കുകയാണു താരം. മറാക്കിഷിലെ പ്രശസ്തമായ ഹോട്ടലാണ് ദുരന്തബാധിതർക്കായി താരം തുറന്നുകൊടുത്തിരിക്കുന്നത്.

സ്പാനിഷ് മാധ്യമമായ 'മാഴ്‌സ'യാണ് വാർത്ത പുറത്തുവിട്ടത്. സ്പാനിഷ് ദേശീയ വനിതാ ഫുട്‌ബോൾ ടീമിൽ അംഗമായ ഐറിൻ സീക്‌സാസ് ആണ് ക്രിസ്റ്റ്യാനോയുടെ ഹോട്ടൽ ദുരന്തബാധിതർക്കായി തുറന്നുനൽകി വിവരം പുറത്തുവിട്ടത്. മണിക്കൂറുകളോളം തെരുവിൽ കഴിഞ്ഞ ശേഷമാണ് ക്രിസ്റ്റ്യാനോയുടെ ഹോട്ടലിലെ സൗകര്യം ലഭിച്ചതെന്ന് അവർ വെളിപ്പെടുത്തി.

പെസ്താന സി.ആർ7 മറാക്കിഷ് എന്ന പേരിലുള്ള ഫോർസ്റ്റാർ ഹോട്ടലാണ് അഭയാർത്ഥി ക്യാംപായി മാറിയിരിക്കുന്നത്. ഔട്ട്‌ഡോർ സ്വിമ്മിങ് പൂൾ, ഫിറ്റ്‌നെസ് സെന്റർ, റെസ്റ്ററന്റ് ഉൾപ്പെടെയുള്ള ആഡംബര ഹോട്ടലാണിത്. കെട്ടിടത്തിൽ 174 മുറികളുണ്ട്. യൂറോപ്പ്, മധ്യേഷ്യ, ആഫ്രിക്ക ഉൾപ്പെടെ നിരവധി ഹോട്ടൽ ശൃംഖലകൾ ക്രിസ്റ്റ്യാനോയുടെ ഉടമസ്ഥതയിലുണ്ട്.

ഭൂകമ്പത്തിൽ ക്രിസ്റ്റ്യാനോ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മൊറോക്കോയിലെ ഭൂകമ്പത്തിൽ ജീവൻ നഷ്ടമായവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തുകയാണ്. ഈ ദുരിതകാലത്ത് മൊറോക്കോയിലുള്ള എല്ലാവർക്കും എന്റെ സ്‌നേഹവും പ്രാർത്ഥനകളും അറിയിക്കുന്നുവെന്നും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ഇതാദ്യമായല്ല ക്രിസ്റ്റ്യാനോ ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ നേരിട്ടിറങ്ങുന്നത്. അടുത്തിടെ തുർക്കിയെയും സിറിയയെയും പിടിച്ചുകുലുക്കിയ വൻ ഭൂകമ്പത്തിൽ ദുരിതബാധിതർക്കു വൈദ്യസഹായവും വഹിച്ചുള്ള പ്രത്യേക വിമാനങ്ങൾ അയച്ചിരുന്നു. ടെന്റുകൾ, ഭക്ഷണം, പുതപ്പും കിടക്കയും, കുട്ടികളുടെ ഭക്ഷണവും പാലും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടെ 3,50,000 യു.എസ് ഡോളറിന്റെ സഹായമാണു വിമാനത്തിൽ അയച്ചിരുന്നത്.

സെപ്റ്റംബർ എട്ടിനാണ് മൊറോക്കോയെ ഞെട്ടിച്ച വൻ ഭൂകമ്പം നടന്നത്. മൊറോക്കിയിലെ വലിയ നഗരങ്ങളിലൊന്നായ മറാക്കിഷിന്റെ ദക്ഷിണ-പടിഞ്ഞാറൻ മേഖലകളിലായിരുന്നു റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ ഇതുവരെ 2,000ത്തിലേറെ പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിനുപേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 1,404 പേരുടെ നില ഗുരുതരമാണെന്ന് 'അൽജസീറ' റിപ്പോർട്ട് ചെയ്തു.

Summary: Cristiano Ronaldo’s Marrakech hotel offers shelter to Morocco’s earthquake victims

TAGS :

Next Story