പ്രതിരോധം പാളി; ആദ്യ പാദത്തിൽ പി.എസ്.ജിയെ വീഴ്‍ത്തി മാഞ്ചസ്റ്റർ സിറ്റി

പി.എസ്.ജിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു സിറ്റിയുടെ തിരിച്ചുവരവ്

MediaOne Logo

Web Desk

  • Updated:

    2021-04-29 00:50:19.0

Published:

28 April 2021 11:41 PM GMT

പ്രതിരോധം പാളി; ആദ്യ പാദത്തിൽ പി.എസ്.ജിയെ വീഴ്‍ത്തി മാഞ്ചസ്റ്റർ സിറ്റി
X

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് നിർണായക വിജയം. പി.എസ്.ജിയുടെ തട്ടകത്തില്‍ നടന്ന മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്. വിജയവും നിര്‍ണായക രണ്ട് എവേ ഗോളുകളുമാണ് സിറ്റി കൈപ്പിടിയിലാക്കിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു സിറ്റിയുടെ തിരിച്ചുവരവ്.

പി.എസ്.ജിയുടെ ആക്രമണം കണ്ടുകൊണ്ടാണ് മത്സരം തുടങ്ങിയത്‌. അധികം വൈകാതെ പി.എസ്.ജിക്ക് ലീഡെത്തി. 15ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് മാർക്കിനസ് ആണ് പി.എസ്.ജിക്ക് ലീഡ് നൽകിയത്. ഡി മറിയ എടുത്ത മനോഹരമായ കോർണര്‍ മാർക്കിനസ് വലയില്‍ എത്തിക്കുകയായിരുന്നു. ആദ്യപകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ പി.എസ്.ജിയും സമനിലക്കായി സിറ്റിയും കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോളൊന്നും പിറന്നില്ല.

64ആം മിനുട്ടിൽ ആണ് സിറ്റിയുടെ സമനില ഗോൾ എത്തി. ഡിബ്രുയിന്റെ ക്രോസ് പി.എസ്.ജി ഡിഫൻസും സിറ്റിയുടെ അറ്റാക്കിങ് താരങ്ങളും ഒരുപോലെ നോക്കിനിന്നപ്പോൾ പന്ത് നേരെ നെവസിനെയും ഞെട്ടിച്ച് വലയിലേക്ക് കയറുക ആയിരുന്നു.

ഏഴ് മിനിറ്റിന് ശേഷം സിറ്റി നിര്‍ണായക ലീഡും നേടി. 71ആം മിനുട്ടിൽ മെഹ്റസിന്റെ ഒരു ഫ്രീകിക്ക് പി.എസ്.ജിയുടെ പ്രതിരോധ മതിലിനിടയിലൂടെ ഗോൾ വലയിലേക്ക് പാഞ്ഞു.

ഇതിനിടയില്‍ മധ്യനിര താരം ഇദ്രിസ ഗയെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് പി.എസ്.ജിക്ക് തിരിച്ചടിയായി. സിറ്റി കൂടുതൽ ഗോൾ നേടാത്തത് പി എസ് ജിയുടെ ഭാഗ്യമായി കരുതാം. അടുത്ത ആഴ്ച ഇംഗ്ലണ്ടിലാണ് രണ്ടാം പാദ മത്സരം നടക്കുക.

TAGS :

Next Story