ചുവപ്പ് കാർഡിൽ നിന്ന് മെസ്സി രക്ഷപ്പെട്ടോ? ; റഫറിയുടെ തീരുമാനത്തിൽ വിമർശനം

കാൻസസ് സിറ്റി: അൾജീരിയക്കെതിരെ ഹാട്രിക് നേടി ലോകകപ്പിലെ എക്കാലത്തെയും ടോപ്പ് സ്കോററെന്ന പദവി മിറോസ്ലാവ് ക്ലോസെക്കൊപ്പം പങ്കിടുകയാണ് ലയണൽ മെസ്സി. എന്നാൽ മത്സരത്തിനിടെ അൾജീരിയൻ ക്യാപ്റ്റൻ ഐസ മാൻഡിക്കെതിരെയുള്ള മെസ്സിയുടെ ഫൗൾ വിവാദത്തിൽ.
മത്സരത്തിൽ അർജന്റീന 1-0 ന് മുന്നിട്ടുനിൽക്കുമ്പോഴായിരുന്നു സംഭവം. അൾജീരിയൻ ഡിഫൻഡറുടെ കാലിന്റെ പിൻഭാഗത്ത് മെസ്സിയുടെ ബൂട്ടിന്റെ അടിഭാഗം അമരുകയായിരുന്നു. ഇതിൽ റഫറി മാർസീനിയാക് മഞ്ഞക്കാർഡ് പോലും നൽകാത്തതും വി.എ.ആർ (VAR) ഇടപെടാതിരുന്നതുമാണ് വിവാദമായത്. മെസ്സിയായതുകൊണ്ട് റഫറിമാർ പ്രത്യേക പരിഗണന നൽകിയെന്ന് മുൻ താരങ്ങളും അൾജീരിയൻ ആരാധകരും ആരോപിച്ചു.
എന്നാൽ ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് അർജന്റീന ആരാധകർ. പന്ത് കൈക്കലാക്കാനുള്ള ശ്രമത്തിനിടയിൽ അബദ്ധത്തിൽ സംഭവിച്ചതാണെന്നും ബോധപൂർവ്വമല്ലെന്നും അവർ വാദിക്കുന്നു. സംഭവത്തിൽ റഫറിയും വി.എ.ആറും കൈകൊണ്ടത് നൂറു ശതമാനം ശരിയായ തീരുമാനമാണെന്നാണ് അർജന്റീന ആരാധകരുടെ പക്ഷം.
അതേസമയം, ഈ റഫറിയിങ് പിഴവ് വലിയൊരു സോഷ്യൽ മീഡിയ യുദ്ധത്തിനാണ് വഴിതുറന്നിരിക്കുന്നത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഗാലറിയിലിരുന്ന് മെസ്സിയുടെ പ്രകടനത്തിൽ സന്തോഷിക്കുന്നത് ചൂണ്ടിക്കാട്ടി ടൂർണമെന്റിലെ വലിയ താരങ്ങൾക്ക് റഫറിമാർ നൽകുന്ന ‘പ്രത്യേക പരിഗണന’യാണിത് എന്ന് എതിർ ചേരിയിലുള്ള ആരാധകർ കടുത്ത ഭാഷയിൽ വിമർശിക്കുന്നു.
Adjust Story Font
16

