എമിലിയാനോ മാർട്ടിനസ് മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കോ?

ഡാമിയൻ എമിലിയാനോ മാർട്ടിനസ് റൊമേറോ എന്ന ഡിബു. അർജന്റീനയിൽ അയാൾക്കൊരു രക്ഷകന്റെ പരിവേഷമാണ്. ആ ചങ്കുപ്പറപ്പും ടൈമിങ്ങും സേവുകളുമില്ലായിരുന്നുവെങ്കിൽ അർജന്റീന ഈ കാണുന്ന അർജന്റീന ആകില്ലെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ ഫ്രഞ്ചുകാർക്ക് മാർട്ടിനസ് എന്നത് അവരുടെ ഏറ്റവും വലിയ ശത്രുവിന്റെ പേരാണ്. മാർട്ടിനസ് എന്നെല്ലാം ഫ്രഞ്ച് മണ്ണിൽ കാലുകുത്തിയോ അന്നെല്ലാം അവർ അയാളെ കൂക്കിയാർത്തു. ഹീറോയായും വില്ലനായും ഫുട്ബോൾ ലോകത്തെ വാർത്തകളിൽ നിറയുന്ന എമിലിയനോ മാർട്ടിനസ് മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് എന്നാണ് പുതിയവാർത്ത.
2025 മെയ് 17. വില്ല പാർക്കിൽ ആസ്റ്റൺ വില്ലയും ടോട്ടനവും ഏറ്റുമുട്ടുന്നു. മത്സരത്തിൽ വില്ല എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു. മത്സരശേഷം ക്യാമറകൾ തിരിച്ചുവെച്ചത് എമിലിയാനോ മാർട്ടിനസിലേക്കാണ്. കണ്ണീരണിഞ്ഞ് ആരാധകരോട് വിടപറയുന്ന മാർട്ടിനസിന്റെ മുഖം ക്യാമറകൾ ഒപ്പിയെടുത്തു. വില്ല പാർക്കിലെ ദീർഘകാലത്തെ സേവനത്തിന് ശേഷമുള്ള വിടപറച്ചിലായിത്തന്നെ അത് കരുതി. എന്നാൽ വില്ല കോച്ച് ഉനൈ എമറി മാർട്ടിനസ് പോകുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞുമില്ല.
18ാം വയസ്സിലേ ഇംഗ്ലീഷ് ക്ലബായ ആഴ്സനലുമായി കരാർ ഒപ്പിട്ടവനാണ് മാർട്ടിനസ്. അധികം വൈകാതെ ലോണിൽപോയി ഓക്സ്ഫഡ് യുനൈറ്റഡ്, ഷെഫീൽഡ് വെനെസ്ഡേ അടക്കമുള്ളവരുടെ വലകാത്തു. സ്റ്റൈസ്നി, പീറ്റർചെക്ക് അടക്കമുള്ള വലിയപേരുകൾ അന്ന് ആഴ്സനൽ വലകാക്കാനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പീരങ്കിപ്പടക്ക് മാർട്ടിനസ് ഒരു ഓപ്ഷനേ ആയില്ല. 2020വരെ എമിറേറ്റ്സിൽ തന്നെ തുടർന്നിട്ടും വെറും 15 മത്സരങ്ങളിലാണ് മാർട്ടിനസ് അവിടെ വലകാത്തത്. നല്ല കാലമെല്ലാം ബെഞ്ചിലിരുന്ന് തീർത്തുവെന്ന് പറയാം. അങ്ങനെ 28ാം വയസ്സിൽ മാർട്ടിനസ് വില്ല പാർക്കിലെത്തി. ആദ്യ മത്സരത്തിൽ തന്നെ പെനൽറ്റി തടുത്തിട്ട് അരങ്ങേറ്റം ഗംഭീരമാക്കി. ആദ്യ സീസണിൽ തന്നെ 15 ക്ലീൻ ഷീറ്റുകൾ നേടി ക്ലബ് റെക്കോർഡിനൊപ്പമെത്തി. പിന്നാലെ വില്ല ക്ലബ് സപ്പോട്ടേഴ്സിന്റെ പ്ലയർ ഓഫ് ദി സീസൺ അവാർഡും നേടി. കാലാന്തരത്തിൽ വില്ലയുടെ ഐഡന്റിറ്റിയായിത്തന്നെ മാർട്ടിനസ് മാറി.
റിപ്പോർട്ടുകൾ പ്രകാരം ആസ്റ്റൺവില്ലക്ക് പിഎസ്ആർ അഥവാ പ്രീമിയർ ലീഗിലെ പ്രൊഫിറ്റ് ആൻഡ് സസ്റ്റൈനബിലിറ്റി റൂളിന്റെ പ്രശ്നമുണ്ട്. അതുകൊണ്ടുതന്നെ വില്ലക്ക് പുതിയ സീസണിന് മുന്നോടിയായി പലരേയും വിൽക്കേണ്ടവരും. അങ്ങന വരുമ്പോൾ അവർക്ക് വിൽക്കാൻ പറ്റിയ ഏറ്റവും നല്ല ഓപ്ഷൻ മാർട്ടിനസാണ്. 17 മില്യൺ പൗണ്ട് നൽകിയെത്തിച്ച മാർട്ടിനസിനെ വർഷങ്ങൾക്ക് ശേഷവും ഇരട്ടിയിലധികം തുകക്ക് വിൽക്കാൻ സാധിക്കുന്നു എന്നത് നേട്ടമാണ്. പക്ഷേ മാർട്ടിനസിന്റെ ലെഗസിയും വ്യക്തിപ്രഭാവവുമുള്ള മറ്റൊരാളെ എത്തിക്കുക എന്നത് അവർക്ക് പ്രയാസമുള്ള കാര്യമാണ്.
എങ്കിലും ട്രാൻസ്ഫർ വിപണി ചൂടുപിടിച്ചതിന് പിന്നാലെ എമി മാർട്ടിനസ് വില്ല വിടുന്നുവെന്ന ശക്തമായ അഭ്യൂഹങ്ങൾ കനക്കുകയാണ്. അർജന്റീന താരങ്ങൾ നിറഞ്ഞുനിൽക്കുന്ന അത്ല്റ്റിക്കോ മാഡ്രിഡ്, തുർക്കിഷ് ക്ലബായ ഗല്ലറ്റസറായ്, സൗദി പ്രൊ ലീഗ് എന്നീ പേരുകളെല്ലാം അദ്ദേഹത്തിന്റെ നെക്സ്റ്റ് ഡെസ്റ്റിനേഷനായി പറയപ്പെടുന്നു. എന്നാൽ ഈ ടീമിനേക്കാളെല്ലാം ശക്തമായി കേൾക്കുന്നത് യുനൈറ്റഡിന്റെ പേരാണ്. കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ അമാൻഡക്ക് ഇംഗ്ണ്ടിൽ ബിസിനസുകളുണ്ട്. അതും അദ്ദേഹത്തെ അവിടെ തുടരാൻ പ്രേരിപ്പിക്കുന്നു.
നിലവിലെ യുനൈറ്റഡ് കീപ്പറായ ആന്ദ്രേ ഒനാനയിൽ ഫ്രഞ്ച് ക്ലബായ മൊണോക്കോക്ക് തോൽപര്യമുണ്ട്. ഈ സാഹചര്യത്തിൽ മാർട്ടിനസ് യുനൈറ്റഡിലേക്ക് വരാൻ സാധ്യതയുണ്ട്. അർജന്റീനക്കാരൻ തന്നെയായ മറ്റൊരു മാർട്ടിനസ്, അഥവാ ലിസാൻഡ്രോ മാർട്ടിനസുള്ളതിനാൽ എമിലിയാനോക്ക് ഓൾഡ് ട്രാഫോഡിലേക്ക് വരാൻ താൽപര്യമുണ്ടെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ അതിൽ മറ്റൊരു പ്രശ്നമുണ്ട്. 61 മില്യൺ ഡോളറെന്ന ഭീമൻ തുകക്കാണ് ഇന്റർ മിലാനിൽ നിന്നും ആന്ദ്രേ ഒനാനയെന്ന കാമറൂൺകാരന്റെ കൊണ്ടുവന്നത്. പക്ഷേ ഇടക്ക് ചില മിന്നലാട്ടങ്ങളല്ലാതെ ഒനാനയിൽ നിന്നും ക്ലബിന് ഒന്നും ലഭിച്ചിട്ടില്ല. പല സമയങ്ങളിലും ഒനാാന വരുത്തിയ തെറ്റുകൾ യുനൈറ്റഡിന് വരുത്തിയ ഡാമേജ് ചെറുതല്ല. ഒനാനയെ വലിയ തുകക്ക് വിൽക്കാൻ സാധിച്ചാൽ മാത്രമേ യുനൈറ്റഡിന് ഗോൾകീപ്പർ പൊസിഷനിൽ മികച്ചൊരു സൈനിങ്ങിന് സാധിക്കൂ. അതിനിടയിൽ റയലിന്റെ സെക്കൻഡ് ഗോൾകീപ്പറായ ആന്ദ്രേ ലുനിനായി യുനൈറ്റഡ് 15 മില്യൺ പൗണ്ടിന്റെ ഓഫർ വെച്ചെന്നും റയൽ അത് നിരുപാധികം തള്ളിയെന്നും പറയപ്പെടുത്തു.
കാര്യങ്ങൾ സങ്കീർണമാണ് എങ്കിലും മാർട്ടിനസ് ഓൾഡ് ട്രോഫോഡിൽ വന്നിറങ്ങാൻ സാധ്യതയുണ്ട്. പീറ്റർ ഷിമൈക്കൽ, എഡ്വിൻ വാൻസാർ പോലെ അതികായർ വലകാത്തിരുന്ന യുനൈറ്റഡിന്റെ കാവൽക്കാരനായി മാർട്ടിനസ് എത്തുമോ? കാത്തിരിക്കാം.
Adjust Story Font
16

