Quantcast

ചാമ്പ്യൻസ് ലീഗിലും യൂറാപ്പലീഗിലും സെമിയിൽ ഒരു ക്ലബ് പോലുമില്ല; ​പ്രീമിയർ ലീഗ് ഓവറേറ്റഡാണോ?

MediaOne Logo

Sports Desk

  • Updated:

    2024-04-21 13:30:33.0

Published:

21 April 2024 1:29 PM GMT

epl
X

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ ലീഗേതാണെന്ന് ചോദിച്ചാൽ കൂടുതൽ പേരുടെയും മറുപടി ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്നാകും. മറ്റുലീഗുകളുടെ മത്സരക്ഷമതയുമായി ഒത്തുനോക്കുമ്പോൾ പ്രീമിയർ ലീഗ് ബഹുദൂരം മുന്നിലുമാണ്. സ്​പെയിനിൽ റയലും ഇറ്റലിയിൽ ഇന്ർ മിലാനും കപ്പുറപ്പിച്ചിരിക്കുന്നു. ജർമനിയിലാകട്ടെ, ബയർ ലെവർക്യൂസൺ എന്നേ ഉറപ്പിച്ചതാണ്. പക്ഷേ പ്രീമിയർ ലീഗിൽ കാര്യങ്ങൾ അങ്ങനെയല്ല. ആഴ്സനലും മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഒാരോ മത്സരവും അതി നിർണായകം. കിരീടം ഏത് സമയത്ത് വേണമെങ്കിലും എങ്ങോട്ടും മാറാമെന്ന അനിശ്ചിതത്വം തുടരുന്നു. ഞങ്ങളുടെ ക്ലബ് കളിക്കുന്നത് ​വേറെ ഏതെങ്കിലും ലീഗിലായിരുന്നെങ്കിൽ എപ്പോഴേ കപ്പടിച്ചേനെ എന്ന് വിശ്വസിക്കുന്നവാണ് പല പ്രീമിയർ ലീഗ് ക്ലബുകളുടെയും ആരാധകർ.

പക്ഷേ ഈ വർഷത്തെ ചാമ്പ്യൻസ്‍ലീഗ്, യൂറോപ്പ ലീഗ് സെമി ലൈനപ്പായപ്പോൾ ഇംഗ്ലണ്ടിലെ ഒരു ക്ലബ് പോലും ഇല്ലാതായത് പ്രീമിയർ ലീഗ് ഫാൻസിനെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്. ചാമ്പ്യൻസ് ലീഗിലെ ഫേവറിറ്റുകളായി അറിയപ്പെട്ടിരുന്ന മാഞ്ചസ്റ്റർ സിറ്റി റയലിനോടും ആഴ്സനൽ ബയേണിനോടും ​തോറ്റ് പുറത്തായിരുന്നു. എന്നാൽ അതിലേറെ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചത് യൂറോപ്പ ലീഗിലെ ഫലങ്ങളാണ്. അവിടെ പ്രീമിയർ ലീഗിലെ വമ്പൻമാരായ ലിവർപൂളിനെ സിരിഎയിലെ ആവറേജ് ടീമായ അറ്റ്ലാന്റ വന്ന് ആൻഫീൽഡിലിട്ട് തരിപ്പണമാക്കുകയായിരുന്നു. വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് ലെവർക്യൂസണും ഇല്ലാതാക്കിയിരുന്നു.

യൂറോപ്പ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഇംഗ്ലണ്ടിലെ ഒരു ടീം പോലും ഇല്ലാതിരിക്കുന്നത് 2015ന് ശേഷം ഇതാദ്യമായാണ്. പോയവർഷം ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മാഞ്ച്സ്റ്റർ സിറ്റി മാത്രമായിരുന്നു സെമി സാന്നിധ്യം. വിപണിയിൽ ഏറ്റവുമധികം മൂല്യമുള്ള പ്രീമിയർ ലീഗ് താരങ്ങൾക്കായി പണമിറക്കുന്നതിലും വളരെയധികം മുന്നിലാണ്. പക്ഷേ അതിലൊന്നും വലിയ കാര്യമില്ല. ഉദാഹരണമായി പറഞ്ഞാൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയ റയലിന്റെ സ്ക്വാഡ് വാല്യൂ 1.04 ബില്യൺ ഡോളറാണെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയുടേത് 1.27 ബില്യൺ ഡോളറാണ്. ബയേൺ മ്യൂണിക്കിന്റെ സ്ക്വാഡ് വാല്യൂ 929 മില്യണാണെങ്കിൽ ആഴ്സനലിന്റേത് 1.12 ബില്യണാണ്. 921 മില്യൺ സ്ക്വാഡ് വാല്യൂവുളള ലിവർപൂൾ 350 മില്യൺ മാത്രം മൂല്യമുള്ള അറ്റ്ലാന്റയോടാണ് നാണം കെട്ടത്.

ട്രാൻസ്ഫർ മാർക്കറ്റിൽ പണമിറക്കുന്നതൊന്നും പ്രകടനത്തിൽ ഒട്ടുമേ കാണുന്നില്ലെന്നതാണ് യാഥാർഥ്യം. അവസാനത്തെ അഞ്ചുസീസണുകളിൽ ഏറ്റവുമധികം പണമിറക്കിയ ലോകത്തെ പത്തുക്ലബുകളിൽ എട്ടെണ്ണവും ഇംഗ്ലണ്ടിൽ നിന്നുള്ളവരാണ്. 748 മില്യൺ യൂറോ ഇറക്കിയ ചെൽസിയാണ് ഇക്കാര്യത്തിൽ മുന്നിൽ. തൊട്ടുപിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സനലും ടോട്ടൻഹാമും ന്യൂകാസിലുമെല്ലാം കടന്നുവരുന്നു.

ഞങ്ങളാണ് ഏറ്റവും മികച്ചതെന്ന് പറയുന്ന ഇംഗ്ലീഷ് ​ക്ലബുകൾക്കെതിരെ ട്രോളുകളും പ്രചരിക്കുന്നുണ്ട്. ഇംഗ്ലീഷ് ​ക്ലബായ ബ്രൈറ്റൺ സിരി എയിലാണെങ്കിൽ കപ്പടിക്കുമായിരുന്നുവെന്ന് സ്കൈ സ്പോർട്സ് അവതാരകൻ ഡൂഗി ക്രിഷ്ലേ പോയവർഷം പറഞ്ഞിരുന്നു. ഈ വർഷത്തെ യൂറോപ്പ ലീഗിൽ എതിരില്ലാത്ത നാലുഗോളുകൾക്ക് റോമ ബ്രൈറ്റണെ തകർത്തതിന് പിന്നാലെ ക്രിഷ്ലേയുടെ വിഡിയോയെ ട്രോളി നിരവധി പേരാണ് എത്തിയത്.

യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പുകളിലെ ഇംഗ്ലീഷ് ടീമുകളു​ടെ പ്രകടനം മാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്കും വഴിയൊരുക്കുന്നുണ്ട്. പ്രീമിയർ ലീഗ് ആരാധകർക്ക് ആത്മവി​ശ്വാസവും അഹങ്കാരവും ഒരുപൊടിക്ക് കുറക്കാമെന്നാണ് മാക്സ് റഷ്ദൻ ദി ഗാർഡിയനിൽ കുറിച്ചത്. എന്നാൽ ഫുട്ബോൾ വിദഗ്ധനായ പോൾ മേഴ്സണ് മറിച്ചൊരു അഭിപ്രായമാണുള്ളത്. ഇക്കുറി പാളിയെന്ന് കരുതി ഇംഗ്ലീഷ് ക്ലബുകളെ തള്ളിക്കളയേണ്ട എന്ന വാദമാണ് അദ്ദേഹം ഉയർത്തുന്നത്. ലീഗിൽ കടുത്ത മത്സരം നടക്കുന്നതിനാൽ ഇംഗ്ലീഷ് ക്ലബുകൾക്ക് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലേക്ക് വേണ്ടത്ര ശ്രദ്ധിക്കാനാകുന്നില്ലെന്നതാണ് അദ്ദേഹം ഉയർത്തുന്ന വാദം. പ്രീമിയർ ലീഗ് ഫുട്ബോളിന്റെ നിലവാരം കാണിക്കുന്ന വിവിധ സ്റ്റാസ്റ്റിക്സുകളും അദ്ദേഹം മുന്നോട്ടുവെക്കുന്നു.

TAGS :

Next Story