Quantcast

ഗുരുതരരോഗം! 24-ാം വയസിൽ ബൂട്ടഴിച്ച് സൂപ്പര്‍ താരം ഇനോക്ക് മ്വേപു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റണിന്‍റെ മിഡ്ഫീൽഡറാണ് സാംബിയന്‍ താരമായ ഇനോക്ക് മ്വേപു

MediaOne Logo

Web Desk

  • Updated:

    2022-10-10 14:35:12.0

Published:

10 Oct 2022 8:00 PM IST

ഗുരുതരരോഗം! 24-ാം വയസിൽ ബൂട്ടഴിച്ച് സൂപ്പര്‍ താരം ഇനോക്ക് മ്വേപു
X

ലുസാക്ക: 24-ാം വയസിൽ കളി മതിയാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ മിഡ്ഫീൽഡർ ഇനോക്ക് മ്വേപു. സാംബിയൻ ദേശീയ ടീമിൽ അംഗമാണ് താരം. പാരമ്പര്യമായുള്ള ഹൃദ്രോഗത്തെ തുടർന്നാണ് ഫുട്‌ബോൾ കരിയർ അവസാനിപ്പിക്കുന്നതായി മ്വേപു പ്രഖ്യാപിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ മ്വേപു തന്നെയാണ് ഫുട്‌ബോൾ ആരാധകർക്ക് ഞെട്ടലുണ്ടാക്കുന്ന വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ദിവസങ്ങൾക്കുമുൻപ് ദേശീയ ടീമിനൊപ്പം ചേരാനായി തിരിക്കുമ്പോഴാണ് വിമാനത്തിൽ വച്ച് രോഗബാധിതനാകുന്നത്. തുടർന്ന് നാട്ടിൽ നടത്തിയ ചികിത്സയിലാണ് പാരമ്പര്യമായി ലഭിച്ച ഹൃദ്രോഗം കണ്ടെത്തിയത്. പിന്നീട് മാലിയിലെ ആശുപത്രിയിലും ബ്രൈറ്റണിലും വിദഗ്ധ ചികിത്സ തേടുകയായിരുന്നു. രോഗത്തിന് തീവ്രപരിചരണം ആവശ്യമുണ്ടെന്നും കളി തുടർന്നാൽ ഹൃദയസ്തംഭനത്തിനടക്കം സാധ്യതയുണ്ടെന്നും ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

വികാരഭരിതമായ കുറിപ്പിലൂടെയാണ് കളിനിർത്തുന്ന വിവരം മ്വേപു പങ്കുവച്ചത്. ''സാംബിയയിലെ ചെറിയൊരു പട്ടണമായ ചാമ്പിഷിയിൽനിന്നുള്ള ഒരു പയ്യന് ചില വാർത്തകൾ പങ്കുവയ്ക്കാനുണ്ട്. ഫുട്‌ബോളിൽ ഉയർന്ന നിലയിൽ കളിക്കണമെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാനായി ഉറച്ചുനിന്നു അവൻ. ദൈവാനുഗ്രഹത്താൽ പ്രീമിയർ ലീഗ് വരെ എത്തി ആ സ്വപ്‌നം യാഥാർത്ഥ്യമാക്കുകയും ചെയ്തു. എന്നാൽ, ചില സ്വപ്‌നങ്ങൾക്ക് ഒരു അന്ത്യമുണ്ട്. എനിക്കു ലഭിച്ച വൈദ്യശാസ്ത്ര ഉപദേശം കാരണം ബൂട്ടഴിക്കേണ്ടി വരികയാണെന്ന കാര്യം ദുഃഖത്തോടെ അറിയിക്കുകയാണ്.''-മ്വേപു കുറിച്ചു.

കളി നിർത്തുകയാണെങ്കിലും ഫുട്‌ബോളുമായി ബന്ധം അവസാനിപ്പിക്കുന്നില്ല. മറ്റു നിലയിൽ ഫുട്‌ബോളിൽ തുടരാനാണ് ആലോചിക്കുന്നതെന്നും താരം അറിയിച്ചു. ചുരുങ്ങിയ കാലത്തെ ഫുട്‌ബോൾ കരിയറിൽ പിന്തുണയുമായി ഒപ്പംനിന്ന ബ്രൈറ്റൺ കുടുംബത്തിനും സ്വന്തം കുടുംബത്തിനും ഏജന്റിനും സാംബിയൻ ദേശീയ ടീമിനുമെല്ലാം ഇനോക്ക് മ്വേപു നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കളി നിർത്താനുള്ള തീരുമാനം അറിയിച്ച് സാംബിയൻ ദേശീയ ടീമിന് അയച്ച കത്തും മ്വേപു പങ്കുവച്ചിട്ടുണ്ട്.

ഞെട്ടിപ്പിക്കുന്ന വാർത്തയാണെന്നാണ് ബ്രൈറ്റൺ ചെയർമാൻ ടോണി ബ്ലൂം പ്രതികരിച്ചത്. ഏതാനും ആഴ്ചകളായി താരവും കുടുംബവും വലിയ മാനസികാഘാതത്തിലൂടെയാണ് കടന്നുപോകുന്നത്. ഏറെ പ്രതീക്ഷ പകരുന്ന കരിയർ മുന്നിലിരിക്കെയാണ് ഇത്രയും ചെറിയ പ്രായത്തിൽ കളിനിർത്തേണ്ടിവരുന്നത്. താരത്തിന് പൂർണമായും തിരിച്ചുവരാനുള്ള എല്ലാ പിന്തുണയും ക്ലബ് നൽകുമെന്നും ടോണി അറിയിച്ചു.

ആസ്ട്രിയൻ ക്ലബായ റെഡ് ബുൾ സാൽസ്ബർഗിൽനിന്ന് 2021ലാണ് ഇനോക്ക് മ്വേപു ബ്രൈറ്റണിലെത്തുന്നത്. ഈ സീസണിലടക്കം ടീമിനായി 27 മത്സരങ്ങളിൽ പന്തുതട്ടിയിട്ടുണ്ട്. മധ്യനിരയിൽ കളിക്കുന്ന താരം 23 കളികളിൽനിന്നായി സാംബിയൻ ദേശീയ ടീമിന് ആറ് ഗോളും സ്വന്തമാക്കിയിട്ടുണ്ട്.

Summary: 24-year-old Brighton midfielder Enock Mwepu forced to retire over hereditary heart condition

TAGS :

Next Story