പ്രീമിയർലീഗിൽ ചെൽസിയെ വീഴ്ത്തി സിറ്റി; വോൾവ്‌സിനെതിരെ പൊരുതികയറി ആർസനൽ, നോട്ടിങ്ഹാമിന് തോൽവി
കോഡി ഗാക്‌പോയുടെ ഇരട്ടഗോൾ മികവിൽ ഇപ്‌സ്വിച് ടൗണിനെ ഒന്നിനെതിരെ നാല് ഗോളിന് ലിവർപൂൾ തകർത്തു

ലണ്ടൻ: പ്രീമിയർലീഗിലെ ആവേശപോരാട്ടത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ചെൽസിക്കെതിരെ ജയം പിടിച്ച് മാഞ്ചസ്റ്റർ സിറ്റി(3-1). സ്വന്തം തട്ടകമായ ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജോസ്‌കോ ഡാർഡിയോൾ(42), എർലിങ് ഹാളണ്ട്(68),ഫിൽ ഫോഡൻ(87) എന്നിവരാണ് ലക്ഷ്യംകണ്ടത്. ചെൽസിക്കായി നോണി മഡുവേക(3)ആശ്വാസ ഗോൾ നേടി. ജയത്തോടെ സിറ്റി പോയന്റ് ടേബിളിൽ നാലാംസ്ഥാനത്തേക്കെത്തി.
സ്റ്റാർട്ടിങ് വിസിൽ മുതൽ ആക്രണ-പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞതോടെ മത്സരം ആവേശമായി. ജനുവരി ട്രാൻസ്ഫറിൽ സിറ്റി സൈൻ ചെയ്ത അബ്ദുൽകോദിർ കുസനോവ്, ഒമർ മർമോഷ് എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു.
മറ്റൊരു മത്സരത്തിൽ ആർസനൽ എതിരില്ലാത്ത ഒരു ഗോളിന് വോൾവ്‌സിനെ കീഴടക്കി. 74ാം മിനിറ്റിൽ റിക്കാർഡോ കലഫിയോരിയാണ് ഗോൾനേടിയത്. 43ാം മിനിറ്റിൽ ലെവിസ് കെല്ലീസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ ആദ്യപകുതിയുടെ അവസാനമിനിറ്റുകളിലും രണ്ടാം പകുതിയിലും പത്തുപേരുമായാണ് ഗണ്ണേഴ്‌സ് പൊരുതിയത്. 70ാം മിനിറ്റിൽ വോൾവ്‌സ് താരം ജോ ഗോമസും ചുവപ്പ് കാർഡ് കണ്ടു. തുടർ ജയവുമായി പ്രീമിയർലീഗിൽ അത്ഭുതകുതിപ്പ് നടത്തുന്ന നോട്ടിങ്ഹാം ഫോറസ്റ്റിന് ഒടുവിൽ തോൽവി. എതിരില്ലാത്ത അഞ്ച് ഗോളിന് ബോൺമൗത്താണ് കീഴടക്കിയത്. ഡാൻഗോ ഒട്ടേരയുടെ ഹാട്രിക്(55,61,87) മികവിലാണ് ബോൺമൗത്ത് ജയം പിടിച്ചത്. ഇസ്പിച് ടൗണിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപിച്ച് ലിവർപൂൾ ഒന്നാംസ്ഥാനത്തിന്റെ ഭീഷണി ഒഴിവാക്കി. മറ്റു മത്സരങ്ങളിൽ ബ്രൈട്ടനെ 1-0 എവർട്ടനും സതാംപ്ടണെ ഒന്നിനെതിരെ മൂന്ന് ഗോളിന് ന്യൂകാസിലും തോൽപിച്ചു.
Adjust Story Font
16

