പ്രീമിയർ ലീഗിൽ ചെൽസിക്ക് സമനിലത്തുടക്കം; നോട്ടിങ്ഹാമിന് തകർപ്പൻ ജയം
ചെൽസി ക്ലബ് ലോകകപ്പും ക്രിസ്റ്റൽ പാലസ് കമ്യൂണിറ്റി ഷീൽഡും സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസവുമായാണ് പ്രീമിയർ ലീഗിൽ ആദ്യ അങ്കത്തിനിറങ്ങിയത്

ലണ്ടൻ: ക്ലബ് ലോകകപ്പ് ചാമ്പ്യൻമാരുടെ പകിട്ടുമായി പ്രീമിയർ ലീഗിലെ പുതിയ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ചെൽസിക്ക് മങ്ങിയ തുടക്കം. സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ക്രിസ്റ്റൽ പാലസ് ബ്ലൂസിനെ ഗോൾരഹിത സമനിലയിൽ കുരുക്കി. ദിവസങ്ങൾക്ക് മുൻപ് ലിവർപൂളിനെ തോൽപിച്ച് കമ്യൂണിറ്റി ഷീൽഡ് സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസവുമായാണ് പാലസ് അങ്കത്തിനിറങ്ങിയത്. പന്തടകത്തിൽ മുന്നിലാണെങ്കിലും പാലസ് പ്രതിരോധം ഭേദിക്കാൻ ചെൽസിക്കായില്ല. ജാവോ പെഡ്രോയെ സ്‌ട്രൈക്കറാക്കി 4-2-3-1 ശൈലിയിലാണ് എൻസോ മരെസ്‌ക ടീമിനെ വിന്യസിച്ചത്. ചെൽസിയെ ഞെട്ടിച്ച് 14ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ ക്രിസ്റ്റൽ പാലസിനായി ഇസ വലചലിപ്പിച്ചു. എന്നാൽ ചെൽസി വാളിലെ മൊയ്‌സെസ് കയ്‌സെഡോയെ ഫൗൾ ചെയ്തതിനെ തുടർന്ന് വാർ പരിശോധനയിൽ ഗോൾ നിഷേധിച്ചതോടെ മുൻ ചാമ്പ്യൻമാർക്ക് ആശ്വാസമായി.
രണ്ടാം പകുതിയിൽ കളിയുടെ വേഗംകുറച്ച ക്രിസ്റ്റൽ പാലസ് ബ്ലൂസിന്റെ മുന്നേറ്റങ്ങളെ കൃത്യമായി പ്രതിരോധിച്ചുനിർത്തി. ലഭിച്ച അവസരങ്ങളിൽ എതിർബോക്‌സിനെ വിറപ്പിച്ച പാലസ് താരങ്ങൾ ഗോൾകീപ്പർ റോബെർട്ട് സാഞ്ചസിനെ ഇടക്ക് പരീക്ഷിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാനമിനിറ്റിൽ ലഭിച്ച സുവർണാവസരം ബ്രസീലിയൻ ആന്ദ്രെ സാന്റോസ് നഷ്ടപ്പെടുത്തിയതോടെ ആദ്യമാച്ചിൽ ഒരു പോയന്റുകൊണ്ട് ചെൽസിക്ക് തൃപ്തിപ്പെടേണ്ടിവന്നു.
മറ്റൊരു മത്സരത്തിൽ ബ്രെൻഡ്‌ഫോഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നോട്ടിങ്ഹാം ഫോറസ്റ്റ് സീസൺ ജയത്തോടെ തുടങ്ങി. ക്രിസ് വുഡിന്റെ ഇരട്ടഗോളാണ്(5,45+2) ടീമിന് വിജയമൊരുക്കിയത്. ഡാൻ എൻഡോയെ(42)യാണ് മറ്റൊരു ഗോൾ സ്‌കോറർ. ബ്രെൻഡ്‌ഫോഡിനായി ഇഗോർ തിയാഗോ(78) പെനാൽറ്റിയിലൂടെ ആശ്വാസ ഗോൾനേടി.
Adjust Story Font
16

