Quantcast

യൂറോയില്‍ ആദ്യ അങ്കം; ഇറ്റലിക്കെതിരെ അട്ടിമറി പ്രതീക്ഷയില്‍ തുർക്കി

2018 സെപ്തംബറില്‍ നാഷന്‍സ് കപ്പില്‍ പോർച്ചുഗലിനോട് തോറ്റ ശേഷം ഇറ്റലി പിന്നീട് തോല്‍വി അറിഞ്ഞിട്ടില്ല. 27 മത്സരങ്ങളില്‍ അപരാജിതരാണ്

MediaOne Logo

Web Desk

  • Updated:

    2021-06-11 02:46:28.0

Published:

11 Jun 2021 2:39 AM GMT

യൂറോയില്‍ ആദ്യ അങ്കം; ഇറ്റലിക്കെതിരെ അട്ടിമറി പ്രതീക്ഷയില്‍ തുർക്കി
X

യൂറോ കപ്പിന് ഇന്ന് പന്തുരുളുമ്പോള്‍ ഇറ്റലിയും തുർക്കിയും തമ്മിലാണ് ആദ്യം നേർക്കുനേർ വരുന്നത്. ഗ്രൂപ്പ് എയിലെ ഫേവറിറ്റുകളായാണ് മുന്‍ ചാമ്പ്യന്മാരായ ഇറ്റലി എത്തുന്നതെങ്കില്‍ ഇത്തവണ വലിയ അട്ടിമറികള്‍ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് തുർക്കി.

സമീപ കാല ഫുട്ബോളില്‍ ഇത്രയും സ്ഥിരതയോടെ കളിക്കുന്ന ടീം ഇറ്റലിയെപ്പോലെ മറ്റൊന്നില്ല. 2018 സെപ്തംബറില്‍ നാഷന്‍സ് കപ്പില്‍ പോർച്ചുഗലിനോട് തോറ്റ ശേഷം പിന്നീട് തോല്‍വി അറിഞ്ഞിട്ടില്ല. 27 മത്സരങ്ങളില്‍ അപരാജിതരാണ്. റോബർട്ടോ മന്‍സീനി എന്ന പരിശീലകന്‍ അസൂറിപ്പടയെ അത്രകണ്ട് മാറ്റിമറിച്ചിട്ടുണ്ട്. യോഗ്യതാ മത്സരത്തില്‍ 10 ല്‍ 10 ഉം ജയിച്ച ടീം യുവത്വത്തിന്റെ പ്രസരിപ്പ് നന്നായി കാണിക്കുന്നുണ്ട്. വിവിധ ലീഗുകളിലായി കളിക്കുന്ന ഒരുപിടി മികച്ച താരങ്ങളുണ്ട് അസൂറിപ്പടയ്ക്ക്. എല്ലാ പൊസിഷനിലും കളിക്കാന്‍ കഴിയുന്ന താരങ്ങള്‍, ആക്രമിച്ചുകളിക്കുന്ന ശൈലി ഇതെല്ലാം പുത്തന്‍ ഇറ്റലിയുടെ മുഖമാണ്. ആന്ദ്രെ ബെലോട്ടി, ജോർജിയോ കില്ലിനി, ബലൂച്ചി, മാർകോ വെറാട്ടി എന്നിങ്ങനെ മികച്ച താരങ്ങള്‍ ഇറ്റലിക്കുണ്ട്. പരിക്ക് വേട്ടയാടിയ വെറാട്ടി ഫോമിലത്തിയാല്‍ ഭയക്കാനില്ല. മൂന്ന് തവണ ഫൈനലിലെത്തിയ ടീം 1988 ല്‍ യൂറോപ്പിലെ തമ്പുരാക്കന്മാരായിട്ടുണ്ട്. 2000 ത്തിലും 2012 ലും ഫൈനലിലെത്തിയെങ്കിലും പ്രതീക്ഷകള്‍ കൈവിട്ടു

2008 ല്‍ സെമിയിലെത്തിയതാണ് തുർക്കിയുടെ ഇതിന് മുമ്പുള്ള പ്രധാന പ്രകടനം. കഴിഞ്ഞ യൂറോയില്‍ ഗ്രൂപ്പ് ഘട്ടം കടക്കാനായിരുന്നില്ല. സെനോല്‍ ഗ്യുനെസ് പരിശീലിപ്പിക്കുന്ന തുർക്കി യോഗ്യതാ റൗണ്ടില്‍ 7 ജയവും 2 സമനിലയും ഒരു തോല്‍വിയുമാണ് നേടിയത്. 5 ഗോളുകള്‍ നേടിയ സെന്‍ക് ടോസുണ്‍, ടീമിന്റെ പ്രധാന ഗോള്‍ വേട്ടക്കാരന്‍ ബുറാക് യില്‍മസ്, ഒസാന്‍ ടുഫാന്‍ തുടങ്ങി മൈതാനത്ത് എതിരാളികളെ സമ്മർദത്തിലാക്കാന്‍ കഴിയുന്ന ഒരുപിടി താരങ്ങളുണ്ട്. അപരാചിത പോരാട്ടം തുടരാന്‍ ഇറ്റലിയും അട്ടിമറി പ്രതീക്ഷിച്ചെത്തുന്ന തുർക്കിയും നേർക്കുനേർ വരുമ്പോള്‍ ആദ്യ മത്സരം വാശിയേറിയതാകും

TAGS :

Next Story