യൂറോപ്യൻ ഫുട്ബോൾ സീസണ് ഇന്ന് തുടക്കം; ഇംഗ്ലീഷ് ചാമ്പ്യന്മാർ ലിവർപൂൾ കളത്തിൽ

യൂറോപ്പിൽ ഇനി ഫുട്ബോൾ കാലം. പ്രീമിയർ ലീഗ് ലാലിഗ മത്സരങ്ങൾക്ക് ഇന്ന് തുടങ്ങും. നിലവിലെ ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലിവർപൂൾ ഇന്ന് ബോൺമൗത്തിനെ നേരിടും. കിരീടം നിലനിർത്താൻ സജ്ജരായിട്ടാണ് ആർനെ സ്ലോട്ടും സംഘവും ഇന്ന് കളത്തിലിറങ്ങുന്നത്. ആൻഫീൽഡിൽ ഇന്ത്യൻ സമയം രാത്രി 12:30 നാണ് പ്രീമിയർ ലീഗിന്റെ കിക്ക് ഓഫ്. ലാലിഗയിൽ ആദ്യ മത്സരത്തിൽ ഇന്ത്യൻ സമയം രാത്രി 10:30 ന് ജിറോനാ റയോ വയ്യക്കാനോയെ നേരിടും.
മാഞ്ചസ്റ്റർ സിറ്റിയും ടോട്ടൻഹാമും ന്യുകാസിലും തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെ മത്സരം നാളെ. ന്യുകാസിലിന് ആസ്റ്റൺ വില്ലയും ടോട്ടൻഹാമിന് ബേൺലിയുമാണ് എതിരാളികൾ. കഴിഞ്ഞ വർഷം കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കാൻ ഇറങ്ങുന്ന മാഞ്ചസ്റ്റർ സിറ്റി ടീം വോൾസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം.
ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരായ ചെൽസി ഞായറാഴ്‌ച 6:30 PM IST ന് ക്രിസ്റ്റൽ പാലസിനെതിരെ കളത്തിലിറങ്ങും. പ്രീമിയർ ലീഗിലെ സൂപ്പർ സൺഡേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ആർസനലിനെ നേരിടും. രാത്രി 10 മണിക്കാണ് മത്സരം. സൂപ്പർ സ്‌ട്രൈക്കർമാരായ ബെഞ്ചമിൻ ഷെസ്കോയും വിക്റ്റർ യോക്കറസും നേർക്കുനേർ ഇറങ്ങിയേക്കും.
ലാലിഗയിൽ ചാമ്പ്യന്മാരായ ബാർസിലോണ നാളെ ആദ്യ മത്സരത്തിനിറങ്ങും. റയൽ മായോർക്കയാണ് എതിരാളികൾ, രാത്രി 11:00 PM IST നാണ് മത്സരം. അത്ലറ്റികോ മാഡ്രിഡ് ഞായർ രാത്രി 1 മണിക്ക് എസ്പാന്യോളിനെ നേരിടും. റയൽ മാഡ്രിഡിന് മത്സരം ചൊവ്വാഴ്ച രാത്രി. ട്രെബിൾ ചാമ്പ്യന്മാരായ പിഎസ്ജി ഞായറാഴ്ച രാത്രി നാന്റസിനെതിരെ സീസണാരംഭിക്കും. ഓഗസ്റ്റ് 28 നാണ് യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ ഘട്ട നറുക്കെടുപ്പ് നടക്കുക തുടർന്ന് സെപ്റ്റംബർ 16 ന് കിക്ക് ഓഫ്.
Adjust Story Font
16

