Quantcast

ഓരോ കളിയും അവസാനത്തേതു പോലെ, പരമാവധി പോയിന്റ് ലക്ഷ്യം: ഇവാൻ വുകോമനോവിച്ച്

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു വിദേശ കളിക്കാരനും ടീം വിട്ടുപോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    2 Jan 2022 4:30 AM GMT

ഓരോ കളിയും അവസാനത്തേതു പോലെ, പരമാവധി പോയിന്റ് ലക്ഷ്യം: ഇവാൻ വുകോമനോവിച്ച്
X

ഏഴു ദിവസത്തിൽ മൂന്നു കളികൾ- ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഏറ്റവും ബുദ്ധിമുട്ടേറിയതായിരുന്നു കഴിഞ്ഞയാഴ്ച. എന്നാൽ അതിൽ രണ്ടു വിജയവും ഒരു സമനിലയുമായി കളം നിറഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഇപ്പോൾ അഞ്ചാമതാണ്- ആകെ 13 പോയിന്റ്. ഇന്ന് എഫ്‌സി ഗോവയെയാണ് കേരള ടീം നേരിടുന്നത്. പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള സുവർണാവസരം കൂടിയാണ് ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരം.

ഓരോ മത്സരവും വ്യത്യസ്തമാണ് എന്നും പോയിന്റ് നേടാനുള്ള അവസാന മത്സരം എന്ന നിലയിയാണ് അവയെ സമീപിക്കുന്നതെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച് പറയുന്നു. 'ഓരോ കളിയും വ്യത്യസ്തമാണ്. സമീപനവും വ്യത്യസ്തമാണ്. കളിക്കാരുടെ ഫിറ്റ്‌നസ് പരിഗണിക്കേണ്ടതുണ്ട്. ഏറ്റവും കൂടുതൽ അധ്വാനമുള്ള ആഴ്ചയാണ് കടന്നു പോയത്. ഏഴു ദിവസത്തിൽ മൂന്നു മത്സരം കളിച്ചു. എന്നാൽ എല്ലായ്‌പ്പോഴും അടുത്ത എതിരാളികളെയാണ് ഞങ്ങൾ നോക്കാറുള്ളത്. കളിയിൽ പരമാവധി മികവ് പുറത്തെടുക്കാനുള്ള ശ്രമമാണ് നടത്തുന്ന്' - കോച്ച് വ്യക്തമാക്കി.

രണ്ടാം ഘട്ടത്തിലെ തിരക്കിട്ട ഷെഡ്യൂളുകളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'ജനുവരിയിൽ ഞങ്ങൾക്ക് ധാരാളം മത്സരങ്ങളുണ്ട്. അതുമായി പൊരുത്തപ്പെടണം. ഞങ്ങളുടെ കളിക്കാർ യുവാക്കളാണ്. ചെറിയ കാലയളവിൽ എങ്ങനെ കളിക്കണമെന്ന് അവർക്കറിയാം. ഹൈ പ്രസിങ് ഫുട്‌ബോൾ തുടരുകയാണ് ലക്ഷ്യം. ആത്മവിശ്വാസമുണ്ട്. പരിശീലന സെഷനിൽ കുട്ടികൾ നന്നായി അധ്വനിക്കുന്നു. കളിക്കാർക്ക് വലിയ പരിക്കുകളൊന്നുമില്ല.'

ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള റഫറിയുടെ തീരുമാനങ്ങളിൽ നിരാശയുണ്ടെന്നും എന്നാൽ അതെല്ലാം കളിയുടെ ഭാഗമാണ് എന്നും വുകോമനോവിച്ച് പറയുന്നു. 'എട്ടു കളിയിൽ റഫറിമാർ ഞങ്ങൾക്കെതിരെ എടുത്ത തീരുമാനം പരിശോധിക്കുകയാണ് എങ്കിൽ, നാലു പോയിന്റെങ്കിലും ടീമിന് അധികം കിട്ടേണ്ടതാണ്. അങ്ങനെയങ്കിൽ പോയിന്റ് പട്ടികയിൽ ഏറ്റവും മുകളിലായിരിക്കും ടീം. റഫറിമാർ മികച്ച ജോലി തന്നെയാണ് ചെയ്യുന്നത്. സെക്കൻഡുകൾക്കുള്ളിലാണ് അവർക്ക് തീരുമാനമെടുക്കേണ്ടത്. ചിലപ്പോൾ അത് എളുപ്പമല്ല. അവർക്ക് കൂടുതൽ പരിചയം ഉണ്ടാകുകയാണ് വേണ്ടത്. ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലുള്ളതല്ല. ഇതേക്കുറിച്ച് ആലോചിച്ച് സമയം കളയേണ്ടതില്ല. ഇത്തരം നെഗറ്റീവ് ചിന്തകൾ ഞാൻ ഇഷ്ടപ്പെടുന്നില്ല. നമുക്ക് നിയന്ത്രണമുള്ള കാര്യങ്ങളിൽ ഫോക്കസ് ചെയ്യാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്' - കോച്ച് കൂട്ടിച്ചേർത്തു.

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു വിദേശ കളിക്കാരനും ടീം വിട്ടുപോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും ടീമിനൊപ്പമുണ്ടാകും. ചില ചർച്ചകളൊക്കെയുണ്ടായിരുന്നു. എന്നാൽ അതെല്ലാം മാനേജ്‌മെന്റിന്റെ കാര്യങ്ങളാണ്. അവരെ താൻ സമ്പൂർണമായി വിശ്വസിക്കുന്നു. ട്രാൻസ്ഫർ വിപണിയിൽ എന്തും സംഭവിക്കാം. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല- വുകോമനോവിച്ച് പറഞ്ഞു.

TAGS :

Next Story